നടിയെ ആക്രമിച്ച കേസ്: റിമി ടോമിയെ ചോദ്യം ചെയ്തു

Posted on: July 27, 2017 9:58 am | Last updated: July 27, 2017 at 7:10 pm

കൊച്ചി: യുവനടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ, നടി ആക്രമിക്കപ്പെട്ട വിവരങ്ങള്‍ അറിഞ്ഞത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് റിമിയില്‍ നിന്ന് ചോദിച്ചറിഞ്ഞു.

റിമിയുടെ മൊഴികളില്‍ ചില പൊരുത്തക്കേടുകളുണ്ടെന്നും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നുമാണ് പോലീസ് നല്‍കുന്ന സൂചന. നേരത്തെ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

റിമി ടോമിക്ക് ദിലീപുമായി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ, ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന അതേസമയം തന്നെ റിമിയുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പെടാത്ത പണം വിദേശത്തേക്കു കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഭൂമിയിടപാടുകള്‍ സംബന്ധിച്ച് ഏതാനും രേഖകള്‍ അന്ന് കണ്ടെടുത്തിരുന്നുവന്ന് സൂചനയുണ്ട്. ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടെ റിമിയോട് വിദേശത്തേക്ക് പോകരുതെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിരുന്നു.