യു എ ഇ എക്‌സ്‌ചേഞ്ച് സമ്മര്‍ പ്രമോഷന്‍; ദുബൈയിലെ സമ്മാനവീട് മംഗലാപുരം സ്വദേശിക്ക്‌

Posted on: July 26, 2017 9:03 pm | Last updated: July 26, 2017 at 9:03 pm

ദുബൈ: യു എ ഇ എക്‌സ്‌ചേഞ്ച് ഈയിടെ നടത്തിയ ‘വിന്‍ എ ഹോം ഇന്‍ ദുബൈ’ സമ്മര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ മംഗലാപുരം സ്വദേശിയായ ഉബൈദുള്ള നെരലക്കാട്ട് അഞ്ച് ലക്ഷം ദിര്‍ഹം മൂല്യമുള്ള വീട് സ്വന്തമാക്കി. ദുബൈയില്‍ നടന്ന ചടങ്ങില്‍ യു എ ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാടില്‍ നിന്ന് ഉബൈദുള്ള സമ്മാനവീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി.

ജീവിതത്തില്‍ ഇതുവരെ ഭാഗ്യസമ്മാനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത തനിക്ക് യു എ ഇ എക്‌സ്‌ചേഞ്ചിന്റെ ഏറ്റവും വലിയ സമ്മാനം തന്നെ ലഭിച്ചുവെന്ന അറിയിപ്പ് അങ്ങേയറ്റം അതിശയവും ആനന്ദവും പകര്‍ന്നുവെന്ന് ഉബൈദുള്ള പ്രതികരിച്ചു. ദുബൈയില്‍ സ്വന്തമായി ഒരു വീട് എന്നത് സ്വപ്‌ന സദൃശമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പതിനായിരം ദിര്‍ഹം വീതം നേടിയ വിവിധ രാജ്യക്കാരായ 25 പേര്‍ക്കും ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു. ഈജിപ്ത്, കെനിയ, ഫിലിപ്പൈന്‍സ്, ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിജയികള്‍. ഇവരില്‍ മലയാളികളുമുണ്ട്.

തങ്ങളുടെ ഉപഭോക്താക്കള്‍ നല്‍കിവരുന്ന വലിയ പിന്തുണക്കും പ്രോത്സാഹനത്തിനും പ്രത്യുപകാരമായി ഏര്‍പെടുത്തുന്ന ഇത്തരം പ്രമോഷന്‍ പദ്ധതികളിലൂടെ അവരില്‍ ചിലര്‍ ഉന്നത വിജയങ്ങള്‍ നേടുന്നത് അഭിമാനാര്‍ഹമാണെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ ഖായെദ് വിജയികളെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. ഇപ്രാവശ്യത്തെ സവിശേഷമായ ‘വിന്‍ എ ഹോം ഇന്‍ ദുബൈ’ പ്രമോഷന്‍, യു എ ഇ എക്‌സ്‌ചേഞ്ച് വഴിയുള്ള റെമിറ്റന്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ബില്‍ പെയ്‌മെന്റ് തുടങ്ങി എല്ലാതരം ഇടപാടുകളെയും ഉള്‍പെടുത്തിയപ്പോള്‍ പങ്കാളിത്തവും വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള സമ്മാനമെന്ന നിലക്ക്, ദുബൈയില്‍ സ്വന്തമായി ഒരു വീട് സമ്മാനമായി ഒരുക്കിയപ്പോള്‍ തങ്ങള്‍ക്കു ലഭിച്ച പ്രതികരണം ആവേശകരമായിരുന്നുവെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് റീജ്യണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കൗശല്‍ ദോഷി പറഞ്ഞു. സമ്മാന വിതരണ ചടങ്ങില്‍ യു എ ഇ എക്‌സ്‌ചേഞ്ച് ഉന്നതാധികാരികള്‍ വിജയികളെ അഭിനന്ദിച്ചു.