ട്രെയിനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്തപല്ലി; റെയില്‍വേ മന്ത്രിക്ക് ട്വീറ്റ് ചെയ്ത് യാത്രക്കാരന്‍

Posted on: July 26, 2017 2:35 pm | Last updated: July 26, 2017 at 5:34 pm

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ആഹാരയോഗ്യമല്ലെന്ന റിപ്പോര്‍ട്ട് സിഎജി പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനെ അടിവരയിടുന്നതാണ് ഇന്ന് ഒരു യാത്രക്കാരനുണ്ടായ അനുഭവം. ഉത്തര്‍പ്രദേശിലെ പൂര്‍വ എക്‌സ്പ്രസില്‍ യാത്രക്കിടെ ഒരാള്‍ വാങ്ങിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ ലഭിച്ചു.

ഝാര്‍ഖണ്ഡില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് യാത്ര ചെയ്യുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിലെ അംഗത്തിനാണ് ദുരനുഭവമുണ്ടായത്. യാത്രക്കാരിലൊരാള്‍ ചത്തപല്ലിയുടെ ചിത്രം ഉള്‍പ്പെടെ കേന്ദ്ര മന്ത്രി സുരേഷ് പഭുവിന് ട്വീറ്റ് ചെയ്തു. പല്ലിയെ ലഭിച്ചയുടന്‍ യാത്രക്കാര്‍ ടിക്കറ്റ് എക്‌സാമിനറോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് റെയില്‍വേ മന്ത്രിക്ക് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്തതിന് പിന്നാലെ നടപടിയുണ്ടായി. ട്രെയിന്‍ യുപിയിലെ മുഗല്‍സാരായിയില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെത്തി ഭക്ഷണം കഴിച്ചവര്‍ക്ക് മരുന്നും മറ്റും നല്‍കി. ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള സംഘം യാത്രക്കാരെ പരിശോധിച്ചു. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തിഹീനമാണെന്നും വൃത്തിഹീനമായ ചുറ്റുപാടിലാണ് ട്രെയിനുകളിലും മറ്റും ഭക്ഷണം വിതരണം ചെയ്യുന്ന യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.