ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് പരാതി; ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ കേസ്

Posted on: July 25, 2017 9:03 am | Last updated: July 25, 2017 at 12:37 pm

കൊച്ചി: നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്. ജീന്‍പോള്‍ ലാലിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍.

2016 നവംബര്‍ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി, സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നല്‍കിയില്ലെന്നും നടി പരാതിയില്‍ പറയുന്നു. കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.

ജീന്‍ പോള്‍ അടക്കമുള്ള കുറ്റാരോപിതരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ഹണിബീ, ഹണിബീ 2, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍. ന്യൂജനറേഷന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീനാഥ് ഭാസി. മറ്റ് ആരോപണ വിധേയരായ മറ്റ് രണ്ട് പേര്‍ ടെക്‌നീഷ്യന്മാരാണ്.