രാമരാജ്യവും ഹിന്ദു രാഷ്ട്രവും

ബ്രാഹ്മണിസം കൊണ്ടുവരുന്നതിന് ആരൊക്കെ തടസ്സമായോ അവര്‍ സംഘ്പരിവാറിന് ശത്രുവാണ്. അതു കൊണ്ടാണ് ദളിതരേയും മുസ്‌ലിംകളേയും അകറ്റുന്നത്. ആര്‍ എസ് എസ്‌വത്കരിച്ച ഒരു ദളിതനെ പ്രസിഡന്റാക്കിയാല്‍ തീരുന്നതല്ല ഈ പ്രശ്‌നം. ജാതിവിവേചനമില്ലാതെ ഒരു സമൂഹത്തിനും നിലനില്‍പ്പില്ല എന്നാണ് ആര്‍ എസ് എസിന്റെ താത്വികനായ ഗുരുജി ഗോള്‍വാള്‍ക്കറടക്കമുള്ള ഹിന്ദുത്വ മേധാവികള്‍ വിശ്വസിക്കുന്നത്. ബ്രാഹ്മണ മേധാവിത്തം പുനഃസ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് മനുസ്മൃതിയെ വാഴ്ത്തുന്ന ഗോള്‍വാള്‍ക്കറുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അത് വന്നുകഴിഞ്ഞാല്‍ ബ്രാഹ്മണനല്ലാത്ത മോദിക്കോ പ്രസിഡന്റായ കോവിന്ദിനോ ഉന്നത സ്ഥാനത്തിരിക്കാന്‍ അര്‍ഹത യുണ്ടാകില്ല.
Posted on: July 25, 2017 8:50 am | Last updated: July 24, 2017 at 11:55 pm

സഹിഷ്ണുതയിലും സാഹോദര്യത്തിലും വിശ്വസിച്ച മഹാത്മജിക്ക് ജനാധിപത്യ ഇന്ത്യ രാമരാജ്യമാകുന്നത് മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. രാമ രാജ്യമെന്നത്് രാജ ധര്‍മമനുസരിച്ചുള്ള ഭരണമാണ്. സാമൂതിരിയുടെയും ശിവാജിയുടെയുമൊക്കെ ഭരണം ഉദാഹരണം. ധര്‍മം, നീതി എന്നിവയിലധിഷ്ഠിതമാണത്. അവിടെ ഏത് മതക്കാര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും. ജനാധിപത്യം, മത നിരപേക്ഷത തുടങ്ങിയ മൂല്യങ്ങളെ ഹിന്ദു രാജാക്കന്‍മാര്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. എന്നാല്‍ ദളിതര്‍ക്ക് സ്വാതന്ത്ര്യമില്ല എന്ന വസ്തുത വേറെ. ഹിന്ദു രാഷ്ട്രം എന്ന് ഇപ്പോള്‍ ആര്‍ എസ് എസ് പറയുന്നത് ഹിന്ദു എന്ന പദത്തെ ചൂഷണം ചെയ്തു കൊണ്ടുള്ള ഒരു വര്‍ഗ രാഷ്ട്രത്തെക്കുറിച്ചാണ്. അത് ഗാന്ധിജി പറഞ്ഞ രാമരാജ്യമല്ല; ഹിന്ദുത്വ രാജ്യമാണ്. അതിന്റെ അടിസ്ഥാനം ഹിന്ദു രാജനീതിയല്ല. കാരണം ആര്‍ എസ് എസ് വേദം വായിച്ചിട്ടല്ല തങ്ങളുടെ രാജ്യ സങ്കല്‍പ്പം പണിതത്. ഇത് സാമ്രാജ്യത്വത്തിന് അനുകൂലമായി ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ ഒരുക്കിയ നാടകത്തിന്റെ സാക്ഷാത്കാരമാണ്. അത് കൊണ്ടാണ് ആര്‍ എസ് എസുകാരില്‍ ഒരു ബ്രിട്ടീഷ് വിരോധിയേയും നാം കാണാതിരിക്കുന്നത്. ബ്രിട്ടീഷുകാരോടെതിരിട്ട എല്ലാവരും അവര്‍ക്ക് ശത്രുവാണ്. അതോടൊപ്പം ബ്രാഹ്മണിസം കൊണ്ടു വരുന്നതിന് ആരൊക്കെ തടസ്സമായോ അവരും ശത്രുവാണ്. അതു കൊണ്ടാണ് ദളിതരേയും മുസ്‌ലിംകളേയും അകറ്റുന്നത്. ആര്‍ എസ് എസ്‌വത്കരിച്ച ഒരു ദളിതനെ പ്രസിഡന്റാക്കിയാല്‍ തീരുന്നതല്ല ഈ പ്രശ്‌നം. ജാതിവിവേചനമില്ലാതെ ഒരു സമൂഹത്തിനും നിലനില്‍പ്പില്ല എന്നാണ് ആര്‍ എസ് എസിന്റെ താത്വികനായ ഗുരുജി ഗോള്‍വാള്‍ക്കറടക്കമുള്ള ഹിന്ദുത്വ മേധാവികള്‍ വിശ്വസിക്കുന്നത്. ബുദ്ധമതത്തിന്റെ ക്ഷയത്തിന് കാരണം അവര്‍ ജാതി ചിന്ത കൈയൊഴിച്ചതാണെന്ന് ഗോള്‍വാള്‍ക്കര്‍ പറഞ്ഞു. ഹിന്ദു ബിംബങ്ങളെയും അവതാര പുരുഷന്മാരെയും വേദങ്ങളെയും വെടക്കാക്കി തനിക്കാക്കി ബ്രാഹ്മണ മേധാവിത്തം പുനഃസ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് മനുസ്മൃതിയെ വാഴ്ത്തുന്ന ഗോള്‍വാള്‍ക്കറുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അത് വന്നുകഴിഞ്ഞാല്‍ ബ്രാഹ്മണനല്ലാത്ത മോദിക്കോ പ്രസിഡന്റായ കോവിന്ദിനോ മേല്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹതയുണ്ടാവില്ല. കോണ്‍ഗ്രസിന്റെ അപജയങ്ങളും മോദിയുടെ അഭിനയങ്ങളുമാണ് ബി ജെ പിക്ക് ഇപ്പോഴുള്ള നേട്ടം ഉണ്ടാക്കിക്കൊടുത്തത്. ഇപ്പോഴും പൊതു ശത്രുവിനെ തിരിച്ചറിയാന്‍ കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും മത നിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കഴിയുന്നില്ല എന്നത് കൊണ്ട് ബി ജെ പി നിലയുറപ്പിക്കുകയും ചെയ്യുന്നു.

ആര്‍ എസ് എസിന്റെ സൂത്രധാരനായ ഗോള്‍വാള്‍ക്കര്‍ ഗുരുജിയോ സന്യാസിയോ വേദ പണ്ഡിതനോ ഒന്നുമല്ല. അദ്ദേഹം ശാസ്ത്രാധ്യാപകനും ബ്രിട്ടീഷ് ഭക്തനുമായിരുന്നു. താടിയും മുടിയും നീട്ടിയതിനാല്‍ കുട്ടികള്‍ അദ്ദേഹത്തെ ബഹുമനപൂര്‍വം ഗുരുജി എന്ന് വിളിച്ചു. വി അവര്‍ നാഷന്‍ ഹുഡ് ഡിഫൈന്‍ഡ് (നമ്മളും നമ്മുടെ രാഷ്ട്രീയത്തിന്റെ നിര്‍വചനവും) എന്ന തന്റെ കൊട്ടിഘോഷിക്കപ്പെട്ട ഗ്രന്ഥത്തില്‍ വര്‍ഗീയചിന്തയും ശത്രുതയും മാത്രമാണുള്ളത്. ഹിന്ദുമത ധര്‍മത്തിന് കത്തിവെച്ചു കൊണ്ട് ബ്രാഹ്മണ വംശീയതക്ക് വഴിയൊരുക്കുകയാണ് ഗുരുജി. 2006ല്‍ ഈ പുസ്തകത്തെ ആര്‍ എസ് എസ് തള്ളിപ്പറഞ്ഞെങ്കിലും ഇതല്ലാതെ മറ്റൊരു മാര്‍ഗ രേഖ പാര്‍ട്ടിക്കില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായിരുന്ന വി ഡി സവര്‍ക്കറാണ് ഹിന്ദുത്വ കാര്‍ഡുമായി ആദ്യം രംഗത്ത് വരുന്നത്. താന്‍ ബ്രിട്ടീഷ് ഭക്തനായിക്കൊള്ളാം എന്ന് ഏത്തമിട്ടതിന്റെ ഫലമാണ് അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ മോചിപ്പിച്ചത്. അദ്ദേഹം മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദു വര്‍ഗീയത വളര്‍ത്തുകയും ഭിന്നിപ്പിച്ചു ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്തു. സവര്‍ക്കര്‍ എഴുതിയ രാഷ്ട്ര മീമാംസയുടെ ചുവട് പിടിച്ചാണ് ഗുരുജിയുടെ പുസ്തകം. ഈ പുസ്തകം ഗോള്‍വാള്‍ക്കറുടേതല്ല എന്ന് വരുത്താനും ആര്‍ എസ് എസ് ശ്രമിക്കുന്നു. 1939ല്‍ പ്രസിദ്ധീകരിച്ച ആദ്യപതിപ്പില്‍ പുസ്തകം അദ്ദേഹം തന്നെ എഴുതിയതാണെന്ന് വ്യക്തമായി തെളിയുന്നുണ്ട്. 1938 മുതല്‍ ഗോള്‍വാള്‍ക്കര്‍ ആര്‍ എസ് എസിന്റെ സെക്രട്ടറിയാണ്. ഇക്കാലത്ത് തന്നെയാണ് പുസ്തകം എഴുതുന്നത്. 1973 വരെ അദ്ദേഹം സംഘത്തിന്റെ നേതൃനിരയിലുണ്ട്. തന്റെ കൃതിയെകുറിച്ച് ആരും ഇക്കാലത്തൊന്നും ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. മാത്രവുമല്ല പുസ്തകത്തിലെ തീവ്രമായ ആശയങ്ങള്‍ ഉപയോഗിച്ചാണ് അണികളെ അക്രമണോത്‌സുകരാക്കിയത്. പുസ്തകം ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ചുള്ള ആര്‍ എസ് എസിന്റെ അജന്‍ഡകള്‍ പരസ്യമാക്കുന്നു എന്നതാണ് സംഘിനെ കുഴക്കുന്നത്. ഈ പുസ്തകത്തെ അവലംബിച്ചാണ് ആര്‍ എസ് എസ് അണികള്‍ക്ക് ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് ക്ലാസെടുക്കാറുള്ളത്. അതിനെ പരസ്യമായി തള്ളിപ്പറഞ്ഞു എന്നുള്ളത് കൊണ്ട് ഗുരുജിയെയോ പുസ്തകത്തെയോ ആര്‍ എസ് എസ് കൈയൊഴിച്ചു എന്ന് കരുതുന്നത് മൗഢ്യം. പുസ്തകത്തെ തള്ളിപ്പറയല്‍ ഇവരുടെ തുരുപ്പ് ശീട്ട് മാത്രം. ഗുരുജിയുടെ പുസ്തകങ്ങള്‍ അവലംബിച്ച് കൊണ്ട് തന്നെയാണ് ആര്‍ എസ് എസ് അതിന്റെ നയങ്ങള്‍ രൂപവത്കരിച്ചിട്ടുള്ളത്. ജനാധിപത്യവും മതനിരപേക്ഷതയും അംഗീകരിക്കുന്നതും മഹാത്മജിയെ വാഴ്ത്തുന്നതും താത്കാലിക അജന്‍ഡ മാത്രം. അടിസ്ഥാനപരമായി മത നിരപേക്ഷതയോടും ദേശീയ പതാകയോടും ദേശീയ ഗാനത്തോടും ശത്രുതാ മനോഭാവം തന്നെയാണ് സംഘ് പുലര്‍ത്തുന്നത്. ആര്‍ എസ് എസില്‍ നിന്ന് പ്രചോദനം കൊണ്ടവരാണ് ഗാന്ധിജിയെ വധിച്ചവരെന്നതും പരസ്യം. എന്നാല്‍ കോടതിയില്‍ ആര്‍ എസ് എസ് പങ്ക് തെളിയിക്കാനായില്ല. അതേസമയം ഗാന്ധിജിയുടെ വധത്തില്‍ ആര്‍ എസ് എസ് സന്തോഷിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്തു. ആര്‍ എസ് എസിനോട് മൃദുനയം സ്വകരിച്ച പട്ടേലിന് പോലും അവരെ ന്യായീകരിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍ എസ് എസിനെ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. നിരോധനം പിന്‍വലിക്കുമ്പോള്‍ ഭരണഘടന അംഗീകരിച്ച് കൊണ്ട് പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാറിനോട് സമ്മതിച്ചെങ്കിലും അതുണ്ടായില്ല.

1948 സെപ്തംബര്‍ 11ന് ഗോള്‍വാള്‍ക്കര്‍ക്കയച്ച കത്തില്‍ സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു: ‘ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും അവരെ സഹായിക്കുന്നതും നല്ല കാര്യം. എന്നാല്‍ പ്രതികാരം തീര്‍ക്കാന്‍ നിരപരാധികളായ പുരുഷന്‍മാരോടും സ്ത്രീകളോടും കുട്ടികളോടും അക്രമം പ്രവര്‍ത്തിക്കുന്നത് വേറെ കാര്യം. ഒരു മര്യാദയും അന്തസ്സും മാന്യതയുമില്ലാതെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് ജനങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നു. പ്രസംഗങ്ങളാവട്ടെ വര്‍ഗീയ വിഷം നിറഞ്ഞതാണ്. ഹിന്ദുക്കളെ സംഘടിപ്പിക്കാനും സംരക്ഷിക്കാനും വിഷം വിതറേണ്ട കാര്യമില്ല. ഈ വിഷത്തിന്റെ അന്തിമ ഫലം മഹാത്മജിയുടെ ജീവിതം ത്യജിക്കുന്നതില്‍ കലാശിച്ചു. സര്‍ക്കാറിന്റെയോ ജനങ്ങളുടെയോ ഒരിറ്റ് അനുകമ്പ പോലും ആര്‍ എസ് എസിന് ലഭിച്ചില്ല. എതിര്‍പ്പ് വര്‍ധിച്ചു. ഗാന്ധിജിയുടെ വധത്തെതുടര്‍ന്ന് ആര്‍ എസ് എസുകാര്‍ സന്തോഷത്താല്‍ മിഠായി വിതരണം ചെയ്തപ്പോള്‍ അത് കൂടുതല്‍ കഠിനമായി. ഈ അവസ്ഥയില്‍ ആര്‍ എസ് എസിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. (ജസ്റ്റിസ് ഓണ്‍ ട്രയല്‍, ഗുരുജി, ഗവണ്‍മെന്റ് കറസ്‌പോണ്ടന്‍സ്, ഡല്‍ഹി)
1949ല്‍ ലക്‌നോവില്‍ നടന്ന യോഗത്തില്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ഭരണഘടന അഭാരതീയമാണെന്ന് (ഡി ആവമൃമ)േ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് പറഞ്ഞിരുന്നത് ഭരണഘടന അഹിന്ദു (ഡി ഒശിറൗ) വാണെന്നാണ്. സംഘിന്റെ നിരോധനം പിന്‍വലിക്കുന്നതിന് സര്‍ക്കാറുമായി ഒത്തു തീര്‍പ്പുണ്ടാക്കാന്‍ ഗോള്‍വാള്‍ക്കര്‍ തന്നെയാണ് മുന്നിട്ടിറങ്ങിയത്. പുറത്ത് ഒരു സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിക്കുകയും അകത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന ദ്വിമുഖ നയമാണ് അന്ന് തൊട്ട് സ്വീകരിച്ചത്. ലോകത്തെ ഹിന്ദുക്കളെ സംയോജിപ്പിച്ച് കൊണ്ട് 1964ല്‍ വിശ്വഹിന്ദു പരിഷത്ത് ഉണ്ടാക്കാനും തീരുമാനിച്ചത് ഗോള്‍വാള്‍ക്കര്‍ തന്നെ. ആര്‍ എസ് എസ് പ്രചാരക് ശിവറാം ശങ്കര്‍ ആപ്‌തെയെ അതിന്റെ ജനറല്‍ സെക്രട്ടറിയാക്കുകയും ചെയ്തു. സംഘ്പരിവാറിനെ കൂട്ടുപിടിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള തന്ത്രവും ഗോള്‍വാള്‍ക്കറുടേത് തന്നെ. 1951ല്‍ ശ്യാം പ്രസാദ് മുഖര്‍ജിയെ മുന്നില്‍ നിര്‍ത്തി ഭാരതീയ ജനസംഘം രൂപവത്കരിച്ചു. ഇതിന് ഗോള്‍വാള്‍ക്കര്‍ നിര്‍ദേശിച്ച ആര്‍ എസ് എസ് പ്രതിനിധികള്‍ ദീന്‍ ദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പയ്, എല്‍ കെ അഡ്വാനി, എസ് എസ് ഭണ്ഡാരി എന്നിവരായിരുന്നു. (ഫ്രണ്ട് ലൈന്‍ ജൂലൈ 21).

തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള സ്വരാജ്യം സ്ഥാപിക്കാനുള്ള അജന്‍ഡയാണ് ഗോള്‍വാള്‍ക്കര്‍ രൂപകല്പന ചെയ്തത്. സ്വരാജ്യം എന്നാല്‍ നമ്മുടെ രാജ്യം സ്ഥാപിക്കലാണെന്നും നമ്മളെന്നാല്‍ ഹിന്ദുക്കള്‍ മാത്രമാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നവര്‍ എന്നര്‍ഥത്തിലല്ല ഹിന്ദു എന്ന പദം കൊണ്ട് അദ്ദേഹം വിവക്ഷിച്ചത്. വ്യക്തമായ ആര്യനിസം തന്നെ. ആര്യന്‍ വംശത്തിന്റെ മേധാവിത്തം സ്ഥാപിക്കുക എന്നര്‍ഥം. ഇതില്‍ ദളിതനോ അധഃസ്ഥിതര്‍ക്കോ മുസ്‌ലിംകള്‍ക്കോ ബുദ്ധമതക്കാര്‍ക്കോ ഒന്നും സ്ഥാനമില്ല. ജാതി വ്യവസ്ഥ അംഗീകരിക്കുന്ന ബ്രാഹ്മണിസത്തിന്റെ മേധാവിത്തമുള്ള രാഷ്ട്രം എന്നതാണ് ഗോള്‍വാള്‍ക്കറുടെ സങ്കല്‍പം. അതിനാല്‍ തന്നെ ഹൈന്ദവ ദര്‍ശനങ്ങള്‍ക്കോ രാജനീതിക്കോ ഒന്നും ഈ രാഷ്ട്രത്തില്‍ സ്ഥാനമില്ല. ഹിറ്റ്‌ലറുടേത് പോലുള്ള ഒരു നാസി രാഷ്ട്രം. തികച്ചും ശത്രുതാപരമായ വംശീയ വ്യവസ്ഥയില്‍ അധിഷ്ഠിതമായത്. അഫ്ഗാനിസ്ഥാനും ബര്‍മയും ശ്രീലങ്കയുമൊക്കെ ഉള്‍കൊള്ളുന്ന ഒരു മഹാ ഹിന്ദു രാഷ്ട്രമാണ് ഗോള്‍വാള്‍ക്കര്‍ ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യം സ്ഥാപിക്കുന്നതിന് ചരിത്രത്തെയും ശാസ്ത്രത്തെയും മാറ്റിമറിക്കുകയും സ്ഥിരമായ ഒരു ശത്രുവിനെ സൃഷ്ടിക്കുകയും വേണം. ആ ശത്രുവിനെ ഹിന്ദുവിന്റെ നിതാന്ത ശത്രുവായി നിലനിര്‍ത്തണം. ചരിത്രമൊക്കെ ഏതാണ്ട് മാറ്റിക്കഴിഞ്ഞു. ശാസ്ത്രത്തെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും തളച്ചിട്ടു. അങ്ങനെ മുഖ്യ ശത്രു മുസ്‌ലിമും മറ്റു സെമിറ്റിക് മതക്കാരുമാണെന്നും അവരാണ് ഹിന്ദുവിനെ ക്ഷയിപ്പിച്ചത് എന്നും പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ഹിന്ദു മുസ്‌ലിം വിദ്വേഷം വളര്‍ത്തി, അരാജകത്വം സൃഷ്ടിച്ച് ലക്ഷ്യം നിറവേറ്റുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. ഇത് ബ്രിട്ടീഷുകാര്‍ക്ക് ഏറെ ഗുണം ചെയ്യുകയും ഭിന്നിപ്പിച്ചു ഭരിക്കാന്‍ അവരെ സഹായിച്ചതുമാണ്. ഇന്നോ രാജ്യത്തിന്റെ സംസ്‌കൃതിയും ബഹുസ്വരതയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബ്രാഹ്മണാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ച് അധഃസ്ഥിതരായ ജനങ്ങളെ സമുദ്ധരിച്ച ബുദ്ധമതത്തിന്റെയോ ജൈനന്‍മാരുടെയോ ഭക്തി പ്രസ്ഥാനത്തിന്റേയോ ഇസ്‌ലാമിന്റെയോ ക്രിസ്തുമതത്തിന്റെയോ സംഭാവനകളെ ഒരു തരത്തിലും ഗോള്‍വാള്‍ക്കര്‍ അംഗീകരിക്കുന്നില്ല.
സ്വാതന്ത്ര്യ സമരത്തില്‍ ആര്‍ എസ് എസ് പങ്കെടുത്തില്ല. അതിന്റെ സ്ഥാപകനായ ഹെഡ്‌ഗേവാര്‍ ആര്‍ എസ് എസ് എന്ന നിലക്ക് ആരും സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുക്കരുതെന്ന് നിഷ്‌കര്‍ഷിച്ചതായി കാണാം . എന്നാല്‍ വ്യക്തി പരമായി പങ്കെടുക്കുന്നതിനെ ആദ്യം എതിര്‍ത്തില്ല. അങ്ങനെയാണ് അദ്ദേഹം കോണ്‍ഗ്രസുകാരോടൊപ്പം സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചത്. പക്ഷേ, സവര്‍കറെപ്പോലെ ജയിലില്‍ വച്ച് അദ്ദേഹത്തിന്റെ മനോഭാവത്തിന് മാറ്റം വന്നു. തികഞ്ഞ ഗാന്ധി വിരോധിയായി. കോണ്‍ഗ്രസിന്റെ സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. സംഘത്തിന്റെ ലക്ഷ്യം ബ്രിട്ടീഷുകാരെ തുരത്തിയുള്ള സ്വാതന്ത്ര്യമല്ല എന്നും മറിച്ച് മുസ്‌ലിം മേധാവിത്തമില്ലാത്ത ഹിന്ദു രാഷട്രമാണെന്നും പ്രസ്താവിച്ചു. മുഗളരെ തുരത്തിയ ബ്രിട്ടീഷുകാരോട് ആര്‍ എസ് എസ് എന്നും നന്ദിയുള്ളവരായി. ഇതിന് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദ മഠം എന്ന നോവല്‍ ആര്‍ എസ് എസിന് പ്രചോദനമാവുകയും ചെയ്തു. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗാവത് ഈ നോവല്‍ വായിക്കാന്‍ ഈയിടെ ഉപദേശിച്ചത് കണ്ടിരിക്കും. ഹിന്ദു സന്യാസിമാര്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന ഭ്രാന്തമായ ആക്രമണങ്ങളാണ് നോവലിന്റെ ഇതി വൃത്തം. ബ്രിട്ടീഷുകാരെ കൂട്ടുപിടിച്ച് ഹിന്ദു രാജ്യം സ്ഥാപിക്കാന്‍ നോവല്‍ ആഹ്വാനം ചെയ്യുന്നു. മുസ്‌ലിംകളെ ഒതുക്കി ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ ഭരിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കാന്‍ നോവലില്‍ സന്യാസിമാരെ ഉപദേശിക്കുന്നുണ്ട്. ബങ്കിംചന്ദ്ര തികഞ്ഞ ബ്രിട്ടീഷ് ഭക്തനായിരുന്നു. ആനന്ദ മഠം നോവലിലെ സന്യാസിയോടാണ് യുപി മുഖ്യ മന്ത്രി യോഗി ആദിത്യ നാഥിനെ ആര്‍ എസ് എസ് ഉപമിച്ചത്. ആര്‍ എസ് എസിന്റെ ലക്ഷ്യം ഇതില്‍ നിന്ന് വ്യക്തമാണ്. ഇവരുടേതില്‍ നിന്ന് തികച്ചും ഭിന്നമായ നിലപാടാണ് സ്വാമി വിവേകാനന്ദന്‍ സ്വീകരിച്ചത്. അദ്ദേഹം ബ്രിട്ടീഷുകാരെ ശത്രുപക്ഷത്ത് നിര്‍ത്തുകയും ഇന്ത്യയുടെ ഉന്നതിക്കായി ഹിന്ദു മുസ്‌ലിം ഐക്യം ഉദ്‌ഘോഷിക്കുകയും ചെയ്തു. സ്വാമിജിയെ ആര്‍ എസ് എസ് തങ്ങളുടെ പട്ടികയിലെഴുതി അപമാനിക്കുകയാണ്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ ഒരു സന്തോഷവും ആര്‍ എസ് എസിന് ഉണ്ടായില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം വിദേശ ഭരണാധികളാണെന്നത് ചിലരുടെ സങ്കുചിതമായ ചിന്തയാണെന്ന് ഗുരുജി പറയുന്നു. ജയിലില്‍ പോകുന്നത് ദേശാഭിമാനമാണെന്നത് ഉപരിപ്ലവമായ കാഴ്ചപ്പാടാണെന്ന് പിന്നീട് ഹെഡ്‌ഗേവാര്‍ തന്നെ പറഞ്ഞു. മുഹമ്മദ് ബിന്‍ കാസിം സിന്ധില്‍ കാലു കുത്തിയപ്പോഴാണ് ഇന്ത്യക്കാരുടെ അടിമത്തം ആരംഭിച്ചതെന്ന് ആര്‍ എസ് എസുകാര്‍ പറയുന്നു. ഇത് ഒരര്‍ഥത്തില്‍ ശരിയാണ്; തുര്‍ക്കുമാനികളുടെ വരവോടെയാണ് ബ്രാഹ്മണ മേധാവിത്തത്തിന്റെ കൊത്തളങ്ങള്‍ ഇന്ത്യയില്‍ തരിപ്പണമായത്. ഹിന്ദുക്കളുടെ നാടായത് കൊണ്ടാണ് രാജ്യത്തിന് ഹിന്ദുസ്ഥാന്‍ എന്ന പേര് വന്നതെന്ന് കൂടി പ്രചരിപ്പിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഹിന്ദു എന്നത് സിന്ധു നദിക്കിപ്പുറമുള്ള ജനങ്ങളെ അറബികളും പേര്‍ഷ്യക്കാരും വിളിച്ച പേരാണ്. ‘സ’ എന്ന പദം പേര്‍ഷ്യക്കാരുടെ ഭാഷയില്‍ ‘ഹ’ എന്നാണുച്ചരിക്കുക. സുല്‍ത്താന്‍മാരും മുഗളരും ഈ രാജ്യത്തെ അങ്ങനെ തന്നെയാണ് വിളിച്ചുവന്നത്. അല്ലാതെ ഹിന്ദു എന്ന മതക്കാരുടെ പേരിലല്ല ഹിന്ദുസ്ഥാന്‍ വന്നത്. ഹിന്ദു എന്ന പേരില്‍ ഒരു മതം തന്നെ പണ്ടില്ലല്ലോ. ഹിന്ദുസ്ഥാന്‍ ഇന്ത്യയില്‍ വസിക്കുന്ന എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.

ഹിന്ദു എന്നതിന് ആര്യന്‍ വംശം എന്നും പലയിടത്തായി ഗോള്‍വാള്‍ക്കര്‍ ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ ദളിതരും താണ ജാതിക്കാരും ഹിന്ദുവില്‍ നിന്ന് പുറത്താണെന്ന് വ്യക്തം. ഇന്ത്യയില്‍ ഉണ്ടായ മതങ്ങളെയെല്ലാം ഹിന്ദുമതത്തോട് ചേര്‍ക്കാന്‍ ഗുരുജി ശ്രമിക്കുന്നു. അതേ സമയം ബുദ്ധമതത്തിന്റെ ജാതി നശീകരണം ആ മതത്തിന് പറ്റിയ അബന്ധമാണെന്ന് മറ്റൊരു പുസ്തകത്തില്‍ അദ്ദേഹം പറയുന്നുമുണ്ട്. പൗരാണിക കാലത്തെ എല്ലാ രാജാക്കന്‍മാരെയും ഹിന്ദുമതക്കാരാക്കാന്‍ ശ്രമിക്കുന്ന ഗുരുജി ജൈനബുദ്ധ മതങ്ങളെ പാടെ അവഗണിക്കുക കൂടി ചെയ്യുന്നു. ഇന്ത്യയില്‍ ആര്യന്‍മാര്‍ മാത്രം മതിയെന്നും മറ്റുള്ളവര്‍ അവര്‍ക്ക് കീഴടങ്ങണമെന്നും പറ്റാത്തവര്‍ ഇന്ത്യ വിട്ടു കൊള്ളണമെന്നും അദ്ദേഹം എഴുതുന്നു. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ചെയ്ത പോലെ പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്നു. തന്റെ ഗുരുവായി ഹിറ്റ്‌ലറെ പ്രതിഷ്ഠിക്കുകയാണ് ഗോള്‍വാള്‍ക്കര്‍. ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷ നല്‍കണമെന്ന അന്താരാഷ്ട്ര നിയമത്തേയും ഗുരുജി ചോദ്യം ചെയ്യുന്നു. ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ ഔദാര്യത്തില്‍ കഴിയണമത്രേ. മനുസ്മൃതിയെ ലോകത്തെ ഏറ്റവും മഹത്തായ നിയമ വ്യവസ്ഥയായി അദ്ദേഹം വാഴ്ത്തുന്നു. ദളിതരെ പടിക്കുപുറത്ത് നിര്‍ത്തുന്ന മനുസ്മൃതിയെ തിരിച്ചു വരുത്താനാണ് ശ്രമം.

ഇങ്ങനെയെങ്കില്‍ ഗോള്‍വാള്‍ക്കറുടെ ശിഷ്യനായ മോഡിജിക്കോ ബി ജെ പിക്കോ എങ്ങനെ മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാനാവും? ദളിതുകളും മുസ്‌ലിംകളും നിരന്തരം ആക്രമിക്കപ്പെടുമ്പോള്‍ എങ്ങനെ എതിര്‍ക്കാനാവും? ആര്‍ എസ് എസിന്റെ ബദ്ധ ശത്രുവായ മഹാത്മജിയെ എങ്ങനെ അംഗീകരിക്കാനാവും? ന്യൂനപക്ഷങ്ങളുടെ പുരോഗതിക്ക് വേണ്ടി എന്ത് ചെയ്യാനാവും? ഭരണഘടനയും ദേശീയ ഗാനവും ദേശീയ പതാകയും എങ്ങനെ അംഗീകരിക്കാനാവും? അതു കൊണ്ടാണ് മതനിരപേക്ഷ വാദികളും ദേശാഭിമാനികളും പറയുന്നത് ബി ജെ പി ഈ രാജ്യത്തെ കുരങ്ങുകളിപ്പിക്കുകയാണെന്ന്.