Connect with us

National

വിട പറഞ്ഞത് ബഹിരാകാശ ഗവേഷണ രംഗത്തെ അതുല്യ പ്രതിഭ

Published

|

Last Updated

ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശില്‍പ്പികളില്‍ ഒരാളുമായ ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് ബഹിരാകാശ ഗവേഷണ രംഗത്തെ പകരം വെക്കാന്‍ സാധിക്കാത്ത അതുല്യപ്രതിഭയെയാണ്. കര്‍ണാടകത്തിലെ അദമരുവില്‍ ജനിച്ച റാവു എം ജി കെ മേനോന്‍, സതീഷ് ധവാന്‍, വിക്രം സാരാഭായി എന്നിവരോടൊപ്പം ഇന്ത്യയുടെ നിരവധി ബഹിരാകാശ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രമുഖനാണ്.

ഇന്ത്യയുടെ അഭിമാനമായ വിക്ഷേപണ വാഹനം പി എസ് എല്‍ വിയുടെ വികസനത്തിലും നിര്‍ണായക പങ്കുവഹിച്ചത് യു ആര്‍ റാവുവായിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജി എസ് എല്‍ വി റോക്കറ്റിന്റെ ആശയത്തിന് തുടക്കം കുറിച്ചതിലൂടെയാണ് റാവുവിനെ ശാസ്ത്ര ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. റാവു ഐ എസ് ആര്‍ ഒ യുടെ തലപ്പത്തിരിക്കവെയാണ് ഇന്ത്യയില്‍ വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇന്‍സാറ്റ് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് തുടങ്ങിയത്. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട യാഥാര്‍ഥ്യമാക്കുന്നതിലും രാജ്യത്തിന്റെ ചൊവ്വാ ദൗത്യത്തിലും നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് യുആര്‍ റാവു. ഉഡുപ്പിയിലെ ക്രിസ്ത്യന്‍ സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും, ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി. ആന്‍ട്രിക്‌സ് കോര്‍പറേഷന്റെ ആദ്യ ചെയര്‍മാനുമായിരുന്നു. 1984 മുതല്‍ 94 വരെ 10 വര്‍ഷക്കാലം ഐ എസ് ആര്‍ ഒ ചെയര്‍മാനായിരുന്ന അദ്ദേഹത്തെ 1976ല്‍ പത്മഭൂഷണും 2017ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലും പ്രധാനപ്പെട്ട ബുദ്ധികേന്ദ്രമായി റാവു ഉണ്ടായിരുന്നു. സതീഷ്ധവാന് ശേഷം 1984 മുതല്‍ 1994 വരെ ഐ എസ് ആര്‍ ഒ ചെയര്‍മാനായി അവരോധിക്കപ്പെട്ടു. ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ചെയര്‍മാന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശ സര്‍വകലാശാലകളിലും ഉന്നത സ്ഥാനം വഹിച്ചിരുന്നു.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചാന്‍സലറും ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സര്‍വകലാശാലകളില്‍ പ്രഫസറുമായിരുന്നു റാവു. 350 ഓളം ശാസ്ത്ര -സാങ്കേതിക പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 1932 മാര്‍ച്ച് 10ന് കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ അഡാമരു ഗ്രാമത്തിലാണ് റാവുവിന്റെ ജനനം.

Latest