ശൗചാലയം പണിയാന്‍ കാശില്ലെങ്കില്‍ ഭാര്യയെ വില്‍ക്കൂ: ബീഹാര്‍ കലക്ടര്‍

Posted on: July 24, 2017 10:03 pm | Last updated: July 24, 2017 at 10:03 pm

പട്‌ന: വീട്ടില്‍ ശൗചാലയം പണിയാന്‍ കാശില്ലാത്തവര്‍ ഭാര്യയെ വില്‍ക്കണമെന്ന് ബീഹാറിലെ കലക്ടര്‍. ഔറാംഗബാദ് ജില്ലാ കലക്ടര്‍ കന്‍വാല്‍ തനൂജ് ആണ് വിവാദ പ്രസ്താവന നടത്തിയത്. ജംഹോറില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

പരിപാടിക്കിലെ ശൗചാലയം പണിയാന്‍ കാശില്ലെന്ന് പരിതപിച്ചയാളോടാണ് കലക്ടര്‍ ഈ പരാമര്‍ശം നടത്തിയത്.
ശൗചാലയം ഇല്ലാത്തത് കൊണ്ട് ബലാല്‍സംഗങ്ങളും വനിതകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കുകയാണ്. ഒരു ശൗചാലയം നിര്‍മ്മിക്കാന്‍ 12000 രൂപയാണ് വേണ്ടിയത്. ഇതുപോലും ചെലവാക്കാന്‍ പണമില്ലെങ്കില്‍ പിന്നെ ഭാര്യയെ വില്‍ക്കുന്നതാണ് നല്ലത്’ – ഇതായിരുന്നു കലക്ടറുടെ മറുപടി.

കലക്ടറുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. കലക്ടര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. അതേസമയം, തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിമാറ്റി തെറ്റായി ചിത്രീകരിക്കുകയാണുണ്ടായതെന്ന് കലക്ടര്‍ പറഞ്ഞു.