ഇസ്‌റാഈലിന്റേത് തീക്കളി: അറബ് ലീഗ്

Posted on: July 24, 2017 9:56 am | Last updated: July 24, 2017 at 9:56 am

കൈറോ: ജറൂസലേമില്‍ ഇസ്‌റാഈല്‍ തീക്കൊണ്ടാണ് കളിക്കുന്നതെന്ന് അറബ് ലീഗ്. മസ്ജിദുല്‍ അഖ്‌സയിലെ അനധികൃത ഇടപെടലിനെതിരെ ഫലസ്തീന്‍ പൗരന്മാര്‍ നടത്തുന്ന സമാധാന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തുന്ന സാഹചര്യത്തിലാണ് അറബ് ലീഗ് മേധാവിയുടെ മുന്നറിയിപ്പ്.

ജറൂസലേമില്‍ അറബ് ജനതയും ഫലസ്തീന്‍ പൗരന്മാരും സംയമനം പാലിക്കുകയാണെന്നും അത് തകര്‍ക്കാനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നതെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഖൈത് പറഞ്ഞു. അറബ്, മുസ്‌ലിം സമൂഹത്തെ വെല്ലുവിളിച്ച് തീക്കൊണ്ടുള്ള കളിയാണ് ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇസ്‌റാഈല്‍ കളിക്കുന്നത്. സംഭവത്തെ കുറിച്ച് ബുധനാഴ്ച അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.