Connect with us

Editorial

പ്രതിരോധ മേഖലയും സി എ ജി റിപ്പോര്‍ട്ടും

Published

|

Last Updated

അതിര്‍ത്തി കൂടുതല്‍ സംഘര്‍ഷഭരിതമാണിന്ന്. ചൈനയില്‍ നിന്നുള്ള ഭീഷണി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. സിക്കിം അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയും സൈനിക വിന്യാസവും ആയുധ സന്നാഹവും വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. യുദ്ധം പൊട്ടിയാല്‍ 1962നേക്കാള്‍ നഷ്ടം ഇന്ത്യക്കുണ്ടാകുമെന്നാണ് ചൈനയുടെ ഭീഷണി. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നു ഡല്‍ഹിയുടെ മറുപടി. പ്രഹരപരിധിയും ശേഷിയും കൂടിയ അഗ്നി നാല്, അഞ്ച് മിസൈലുകള്‍, ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള റാഫേല്‍ ജറ്റുകള്‍ തുടങ്ങിയ അത്യന്താധുനിക ആയുധങ്ങളുടെ ബലത്തില്‍ ഇന്ത്യക്ക് നന്നായി പൊരുതാനാകുമെന്നാണ് അവകാശവാദം. എന്നാല്‍ നമ്മുടെ അവകാശ വാദം പൊള്ളയാണെന്നും ഒരു യുദ്ധമുണ്ടായാല്‍ പരമാവധി 15 ദിവസം പിടിച്ചു നില്‍ക്കാനുള്ള പടക്കോപ്പുകളേ ഇന്ത്യയുടെ കൈവശമുള്ളുവെന്നുമാണ് സി എ ജിയുടെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

പ്രതിരോധ മേഖലയുടെ ദുര്‍ബലതയെക്കുറിച്ചു ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളുന്നതാണ് വെള്ളിയാഴ്ച പാര്‍ലമെന്റ് മുമ്പാകെ വെച്ച സി എ ജി റിപ്പോര്‍ട്ട്. രാജ്യം യുദ്ധസജ്ജമാകാന്‍ ആവശ്യമായ 152 ഇനം ആയുധങ്ങളില്‍ 55 ഇനങ്ങള്‍ മാത്രമേ സേനയുടെ കൈവശമുള്ളൂ. ശക്തരായ ചൈനയെ നേരിടാന്‍ ഇവ തീര്‍ത്തും അപര്യാപതമാണ്. കേന്ദ്രാഭിമുഖ്യത്തിലുള്ള ആയുധ സംഭരണ കേന്ദ്രമായ ഒ എഫ് ബി (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സേനക്കാവശ്യമുള്ള ആയുധങ്ങളില്‍ 90 ശതമാനവും വിതരണം ചെയ്യുന്നത്. 2009ന് ശേഷം സൈന്യം വാങ്ങാന്‍ ആവശ്യപ്പെട്ട ആയുധങ്ങളുടെ പട്ടിക ഒ എഫ് ബി ഇതുവരെ പരിണഗനക്കു പോലും എടുത്തിട്ടില്ല. 2019 ഓടെ ആയുധ ശേഖരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി 16,500 കോടി രൂപ ചെലവില്‍ ആയുധങ്ങള്‍ വാങ്ങാനുള്ള പദ്ധതി 2013ല്‍ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വെച്ചിരുന്നെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സി എ ജി കുറ്റപ്പെടുത്തുന്നു.
ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ആഗോള തലത്തില്‍ ഒന്നാമതാണ് ഇന്ത്യ. രാജ്യരക്ഷക്കായി ഏറ്റവു കൂടുതല്‍ പണം ചിലവിടുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമുണ്ട് ഇന്ത്യക്ക്. വര്‍ഷം തോറും പ്രതിരോധാവശ്യത്തിന് നീക്കി വെക്കുന്ന വിഹിതം വര്‍ധിച്ചുകൊണ്ടിരിക്കയുമാണ്. 2011-12 വര്‍ഷത്തില്‍ 1,93,407 കോടിയായിരുന്നു പ്രതിരോധ മേഖലക്ക് നീക്കിവെച്ചതെങ്കില്‍ 2012-13 ല്‍ 2,03,672 കോടിയായും 20141-15ല്‍ 2,24,000 കോടിയായും 2017-18ല്‍ 2,74 ലക്ഷം കോടിയായും ഉയര്‍ന്നു.സാമൂഹിക സേവന തുറകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ജനക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോഴും പ്രതിരോധമേഖലക്ക് വാരിക്കോരി നല്‍കുന്നുണ്ട്. എന്നിട്ടുമെന്തുകൊണ്ടാണ് ഈ ദയനീയാവസ്ഥ? സി എ ജി ചൂണ്ടിക്കാട്ടിയത് പോലെ ആയുധശേഖരങ്ങളുടെ ലഭ്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിലുള്ള ഗുരുതരമായ വീഴ്ച തന്നെ പ്രധാന കാരണം? അതിര്‍ത്തികളില്‍ രാജ്യം നേരിടുന്ന ഭീഷണിയുടെ ഗൗരവം ഉള്‍ക്കൊണ്ട് ബജറ്റ് തുക പൂര്‍ണമായും കാര്യക്ഷമമായും ചിലവഴിക്കുന്നതില്‍ പ്രതിരോധ മന്ത്രാലയം പരാജയമാണ്. 2016-17 വര്‍ഷങ്ങളില്‍ പ്രതിരോധത്തിനായി നീക്കി വെച്ച തുകയില്‍ വലിയൊരു ഭാഗം ചെലവാക്കാതെ പ്രതിരോധ മന്ത്രാലയം തിരികെ നല്‍കുകയാണുണ്ടായത്. ആ വര്‍ഷം അനുവദിച്ച 2,24,636 കോടിയില്‍ 1,88,636 കോടിയാണ് ചിലവിട്ടത്.

സൈനിക മേഖലയുടെ ആവശ്യവും ആയുധങ്ങളുടെ ഗുണമേന്മയും കണക്കിലെടുത്തല്ല ഇറക്കുമതി, അതിന്റെ പിന്നില്‍ മറ്റു ചില താത്പര്യങ്ങളാണെന്നതാണ് മറ്റൊരു കാരണം. ഫ്രഞ്ച് ആയുധ കമ്പനിയില്‍ നിന്നുള്ള റാഫേല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ രാജ്യം ഇറക്കുമതി ചെയ്ത പല ആയുധങ്ങളും ഗുണനിലവാരമില്ലാത്തതാണത്രേ. ഫ്രാന്‍സ് അടക്കം ലോകത്തെ ഒരു വ്യോമസേനയും ഇപ്പോള്‍ റാഫേല്‍ വിമാനം ഉപയോഗിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഈ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച ബ്രസീല്‍, കാനഡ, നെതര്‍ലാന്റ്, നോര്‍വെ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം അതില്‍ നിന്ന് പിന്‍വാങ്ങുകയാണുണ്ടായത്. എന്നിട്ടും 24,000 കോടിക്കുള്ള ഇന്ത്യയുടെ റാഫേല്‍ യുദ്ധവിമാന കരാറിന് പിന്നില്‍ അഴിമതിയുടെ പിന്നാമ്പുറക്കഥകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ബോഫോഴ്‌സ് ഇടപാടില്‍ 61 കോടി രൂപയുടെ കമ്മീഷന്‍ പോയ വഴികള്‍ ഇന്നും ദുരൂഹമാണ്. തദ്ദേശീയ ആയുധ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കൊട്ടിഘോഷത്തോടെ നടപ്പാക്കിയ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും പരാജയമാണ്. പിന്നെങ്ങനെ നമ്മുടെ സൈനിക മേഖല ദുര്‍ബലമാകാതിരിക്കും? കേവല അവകാശവാദങ്ങള്‍ കൊണ്ടായില്ല, അതീവ പ്രാധാന്യമുള്ള സൈനിക മേഖല കൂടുതല്‍ ബലവത്താക്കുന്നതിന് ശക്തമായ നടപടികളുണ്ടാകേണ്ടതുണ്ട്.

Latest