എന്‍സിപി നേതാവ്‌ ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

Posted on: July 23, 2017 9:02 am | Last updated: July 23, 2017 at 9:36 pm

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ 6.45ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

മൃതദേഹം വൈകിട്ട് നാലുമണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഉഴവൂരെ വീട്ടുവളപ്പിലാണ്് സംസ്‌കാരം.

ഒരു മാസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് എറണാകുളത്തേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.

1952ല്‍ കോട്ടയം ഉഴവൂര്‍ കാരാംകുന്നം വീട്ടില്‍ ഗോപാലന്‍ – കമല ദമ്പതികളുടെ മകനായി ജനനം. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശം നടത്തിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആന്റണിക്കൊപ്പം ഉറച്ചുനിന്നു. കോണ്‍ഗ്രസ് എസ് എന്‍സിപിയില്‍ ലയിച്ചതോടെ എന്‍സിപിയുടെ മുഖ്യ നേതാക്കളില്‍ ഒരാളായി മാറി.

രാഷ്ട്രീയ പ്രസംഗ വേദികളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. നര്‍മം കലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന് കാതോര്‍ക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു.