റോഡിലെ കുഴി മറികടക്കാനുള്ള ശ്രമത്തില്‍ അപകടം; മൂന്ന് വയസ്സുകാരന്‍ മരണപ്പെട്ടു

Posted on: July 21, 2017 8:28 pm | Last updated: July 22, 2017 at 10:02 am

പാലക്കാട് : ഒറ്റപ്പാലത്ത് റോഡിലെ കുഴിമറികടക്കാനുള്ള ശ്രമത്തിനിടെയുള്ള അപകടത്തില്‍ മൂന്നുവയസ്സുകാരന്‍ മരിച്ചു. മായന്നൂര്‍ സ്വദേശി ശ്രീശബരിയാണ് മരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷന് സമീപം സ്‌കൂട്ടറില്‍ ഓട്ടോയിടിച്ചാണ് അപകടമുണ്ടായത്. റോഡിലെ കുഴിയെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ വേഗം കുറച്ചപ്പോള്‍ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരുക്കേറ്റു.

സ്‌കൂട്ടറില്‍ രക്ഷിതാക്കള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്നു ശ്രീശബരി. മുന്നില്‍ കുഴി കണ്ടതിനെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ വേഗത കുറച്ചപ്പോള്‍ പിന്നില്‍ വന്ന ഓട്ടോറിക്ഷ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലും പിന്നീട് തൃശൂരെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.പ്രതിഷേധ സൂചകമായി നാട്ടുകാര്‍ ഒറ്റപ്പാലത്ത് റോഡ് ഉപരോധിച്ചു.