Connect with us

Kozhikode

അണഞ്ഞത് വിജ്ഞാന വിഹായസ്സിലെ വിളക്കുമാടം

Published

|

Last Updated

തലക്കുളത്തൂര്‍: ആത്മീയ സരണിയില്‍ യുവതലമുറയുമായി സംവദിച്ച പണ്ഡിതപ്രതിഭയായിരുന്നു അന്തരിച്ച വി അബ്ദുല്‍ മജീദ് ഫൈസി. ആത്മീയ, വിജ്ഞാന സദസ്സുകളില്‍ സാന്നിധ്യം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധകാണിച്ചിരുന്ന അദ്ദേഹം ഈ വഴിയില്‍ യുവാക്കളുമായും യുവ പണ്ഡിതരുമായും സൗഹൃദത്തിന്റെ പാലം പണിതു. അകലെയുള്ളവരോട് അടുക്കാനും അടുപ്പമുള്ളവരോട് സൗഹൃദം പതിവാക്കാനും പ്രത്യേകം ശ്രദ്ധിച്ചു. പണ്ഡിതപ്രമുഖരുടെ പാദസ്പര്‍ശമേറ്റ പറമ്പത്ത് എന്ന ഗ്രാമത്തില്‍ നിന്ന് മതവിജ്ഞാനം നേടാനും നാട്ടില്‍ മതവിജ്ഞാനം പരിപോഷിപ്പിക്കാനും കഠിനാദ്ധാനം ചെയ്തു. സംഘടനാവേദികളിലെല്ലാം ഊര്‍ജ്വസ്വലതയോടെ സാന്നിധ്യമുറപ്പാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദര്‍സ് മേഖലയില്‍ വ്യാപൃതനായ അദ്ദേഹത്തിന് നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്. മതഗ്രന്ഥങ്ങള്‍ ആഴത്തില്‍ പഠിച്ച് അതേ അവഗാഹത്തോടെ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നുനല്‍കുന്ന അപൂര്‍വം പണ്ഡിതന്മാരിലൊരാളായിരുന്നു. മതാധ്യാപനത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോയ അദ്ദേഹം യുവഎഴുത്തുകാര്‍ക്കൊപ്പം മത വിഷയങ്ങളും കര്‍മശാസ്ത്രവും ആഴത്തില്‍ പഠിച്ച് സ്വതസിദ്ധമായ രീതിയില്‍ അവതരിപ്പിച്ചു. പൂങ്കാവനം പബ്ലിക്കേഷന്‍സിന്റെ ഉപാധ്യക്ഷനായ അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ രചനാവൈഭവം കൊണ്ട് ശ്രദ്ധേയമാണ്. മന്‍ ഖൂസ് മൗലിദിന് വ്യഖ്യാനം, ജനനം മുതല്‍ മരണം വരെയുള്ള ദിക്‌റുകള്‍, ഭോജന വിധികള്‍, ഉള്ഹിയ്യത്തിലെ മതവിധികള്‍ തുടങ്ങിയവക്ക് പുറമെ ഫത്ഹുല്‍ മുഈന്‍ സമ്പൂര്‍ണ വ്യാഖ്യാനത്തിന്റെ അണിയറശില്‍പ്പിയായിരുന്നു.

പറമ്പത്ത് ഖത്വീബും മുദര്‍രിസുമായിരുന്ന തന്റെ പിതാവ് ഇമ്പിച്ചിമമ്മു മുസ്‌ലി യാരുടെ പാതയില്‍ തന്നെ വിജ്ഞാന വിഹായസ്സില്‍ മജീദ് ഫൈസിയും വിളക്കുമാടമായിരുന്നു. ചിരപുരാതനമായ പറമ്പത്ത് ജുമുഅത്ത് പള്ളിയുടെ ചരിത്രത്തോടൊപ്പം നടന്ന അദ്ദേഹം, അവിടെ ദര്‍സ് നടത്തിയ പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെയും കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെയും വിജ്ഞാന പാരമ്പര്യവും ഉള്ളാള്‍ തങ്ങളുടെ ശിഷ്യത്വവും ഉള്‍പ്പെടുന്ന അനുഭവങ്ങളും ചരിത്രവും സൂക്ഷിച്ചുപോന്നു.
നൂറുകണക്കിന് ശിഷ്യന്മാരുടെയും സ്‌നേഹജനങ്ങളുടെയും സാന്നിധ്യത്തില്‍ ജനാസ പറമ്പത്ത് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ്, എന്‍ അലി അബ്ദുല്ല ജനാസ സന്ദര്‍ശിച്ചു.