സ്‌കൂള്‍ കായിക മേളകള്‍ കായികാധ്യാപകര്‍ ബഹിഷ്‌കരിക്കും

Posted on: July 21, 2017 9:59 am | Last updated: July 21, 2017 at 9:55 am

കോഴിക്കോട്: അധ്യാപക വിദ്യാര്‍ഥി അനുപാതം കാലോചിതമായി പരിഷ്‌കരിച്ച് കായികാധ്യാപക തസ്തികകള്‍ സംരക്ഷിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍ ഉപജില്ലാ സെക്രട്ടറി പദവികള്‍ രാജിവെക്കാനും കായിക മേളകള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.

സബ്ജില്ലാതലം മുതലുള്ള സ്‌കൂള്‍ കായികമേളകള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഇത്തവണ ദേശീയ സ്‌കൂള്‍ കായിക മേള നേരത്തെയാക്കിയതിനാല്‍ അടുത്ത മാസം സബ്ജില്ലാതല മത്സരം ആരംഭിക്കും. റവന്യു ജില്ലാതല മത്സരം സപ്തംബറിലും സംസ്ഥാന കായികമേള ഒക്‌ടോബറിലും നടക്കും. കായിക മേള നടത്തിപ്പിന്റെ പണം പോലും യഥാസമയം നല്‍കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ സാഹചര്യത്തില്‍ നില നില്‍പ്പും പ്രതിസന്ധിയായതിനാല്‍ സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടി.
മറ്റെല്ലാ അധ്യാപക തസ്തികകളും സംരക്ഷിക്കാന്‍ അധ്യാപക വിദ്യാര്‍ഥി അനുപാതത്തില്‍ ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സിന്റെ കാലങ്ങളായുള്ള ഈ ആവശ്യം പരിഗണിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലന്ന് കായികാധ്യാപക സംഘടന ചൂണ്ടിക്കാട്ടി. ഇതു മൂലം ഓരോ വര്‍ഷവും നൂറുകണക്കിന് തസ്തികയാണ് സംസ്ഥാനത്ത് നഷ്ടപ്പെടുന്നത്.

ജില്ലയില്‍ ഇത്തവണ പത്തോളം അധ്യാപക തസ്തിക നശ്ടപ്പെട്ടു. നിലവില്‍ യു പി സ്‌കൂളുകളില്‍ 500 കുട്ടികളുണ്ടെങ്കില്‍ മാത്രമാണ് ഒരു സ്‌പെഷ്യലിസ്റ്റ് തസ്തിക അനുവദിക്കുന്നത്. ഭാഷാധ്യാപകര്‍ക്ക് തുല്യമായി പിരീയഡുകളുടെ അടിസ്ഥാനത്തിലും ഹൈസ്‌കൂളില്‍ നിലവിലെ ടൈം ടേ
ബിള്‍ പ്രകാരമുള്ള പിരീഡുകള്‍ കണക്കാക്കിയും തസ്തിക നിര്‍ണയിക്കണമെന്നും ഹയര്‍ സെക്കന്‍ഡറിയില്‍ തസ്തിക അനുവദിക്കണമെന്നും കായികാധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുമായി സംഘടനാ ഭാരവാഹികള്‍ വിദ്യാഭ്യാസ മന്ത്രിയേയും ബന്ധപ്പെട്ട അധികാരികളേയും നേരില്‍ കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് കായികമേളകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്ന് കേരള പ്രൈവറ്റ് സ്‌കൂള്‍ കായികാധ്യാപക അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജീവന്‍ ചൂണ്ടിക്കാട്ടി. പ്രക്ഷോഭത്തെ കുറിച്ച് അടുത്താഴ്ച യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.