Kerala
വിന്‍സെന്റ് എംഎല്‍എക്കെതിരായ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘം

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരായ പീഡനക്കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിതാബീഗത്തിന്റെ നേതൃത്വത്തിലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. വിന്‍സെന്റ് എംഎല്‍എ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്മേലാണ് അന്വേഷണം.
സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കാന്‍ ശ്രമം നടക്കുന്നതായി കാണിച്ച് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് പരാതിനല്‍കിയിരുന്നു.
ജീവനൊടുക്കാന്‍ശ്രമിച്ച വീട്ടമ്മ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഓര്‍മ്മശക്തി തിരികെ കിട്ടാത്തതിനാല്‍ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. എംഎല്‍എ ആറുമാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമുണ്ടായതെന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് പോലീസിന് മൊഴിനല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പോലീസ് എംഎല്‍എക്കെതിരെ കേസെടുത്തു.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിന്‍സെന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.