Connect with us

Gulf

രാജ്യത്തെ ആദ്യ സസ്യാഹാര ഭോജനശാല വിജയത്തേരില്‍

Published

|

Last Updated

ദോഹ: ഭക്ഷണപ്രിയരായ ഉപഭോക്താക്കളെ ലഭിക്കാന്‍ പലതരം മാംസ, മത്സ്യ ഭക്ഷണങ്ങളുടെ ഗുണഗണങ്ങളാണ് റസ്റ്റോറന്റുകളും ഭക്ഷണശാലകളും തങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ മാംസവും മത്സ്യവും ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഒരു റസ്റ്റോറന്റുണ്ട് ദോഹയില്‍. നൂറ് ശതമാനം സസ്യാഹാരം മാത്രമുള്ള എവര്‍ഗ്രീന്‍ ഓര്‍ഗാനിക്‌സ് എന്ന റസ്റ്റോറന്റ്. രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ ആഹാര സംസ്‌കാരം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സെപ്തംബറില്‍ യുവസംരംഭകന്‍ ഗാനിം അല്‍ സുലൈത്വി ആരംഭിച്ച രാജ്യത്തെ ആദ്യ സസ്യാഹാര കഫെ സമൂഹത്തില്‍ ചിരപ്രതിഷ്ഠ നേടുകയാണ്. ജനങ്ങളെ മാറ്റത്തിന് പ്രേരിപ്പിക്കുക, മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുക, സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യരീതി വികസിപ്പിക്കുക തുടങ്ങിയ താത്പര്യങ്ങള്‍ മാത്രമാണ് ഈയൊരു എടുത്തുചാട്ടത്തിന് സുലൈത്വിയെ പ്രേരിപ്പിച്ചത്.

മാംസം, കോഴി, മത്സ്യം എന്നിവയൊന്നും കൂടാതെ രുചികരമായ ഭക്ഷണം കഴിക്കാന്‍ ആര്‍ക്കുംകഴിയുമെന്ന് കാണിച്ചുകൊടുക്കലും അദ്ദേഹം വെല്ലുവിളിയായേറ്റെടുത്തു. ഈ ഭക്ഷണം തേടി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഖനാത് ക്വാര്‍ട്ടിയറിലെ എവര്‍ഗ്രീന്‍ ഓര്‍ഗാനിക്‌സ് പേര് സൂചിപ്പിക്കുന്നത് പോലെതന്നെ പ്രശാന്തസുന്ദരയിടമാണ്. ബാലിയില്‍ നിന്നാണ് ഇത്തരമൊരു സസ്യാഹാര ഭോജനശാലയെന്ന ആശയം ലഭിച്ചതെന്ന് അല്‍ സുലൈത്വി പറയുന്നു. തുടര്‍ന്ന് ലോകത്തുടനീളം യാത്ര ചെയ്ത് സസ്യാഹാരികളില്‍ കൂടുതല്‍ അറിവുകള്‍ സ്വായത്തമാക്കി. യാത്ര ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് സസ്യാഹാര അനുഭവം ലഭ്യമാക്കണമെന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് എവര്‍ഗ്രീന്‍ ഓര്‍ഗാനിക്‌സ്.

തുടക്കത്തില്‍ സുഹൃത്തുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിച്ച നിഷേധാഭിപ്രായങ്ങളൊന്നും ഈ സംരംഭകനെ മടുപ്പിച്ചില്ല. ദോഹയില്‍ ഇത്തരമൊരു സസ്യാഹാര ഭക്ഷണശാലയിലേക്ക് ഒരാളും വരില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍, സസ്യാഹാരം ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നതിന് തെളിവായി കഫെ നിലകൊള്ളുന്നു. പുതിയതും ആരോഗ്യകരവുമായ ആഹാരം രുചിക്കാന്‍ വെമ്പുന്ന ഉപഭോക്താക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ന് സുലൈത്വിയുടെ കഫെ. സസ്യാഹാരത്തിന് പ്രേരിപ്പിച്ചതിന് ഖത്വരികളടക്കം നിരവധി പേര്‍ തനിക്ക് നന്ദി പറഞ്ഞിട്ടുണ്ട്.

കഫെയില്‍ വരുന്നവരില്‍ 90 ശതമാനവും സസ്യാഹാരികളൊന്നുമല്ല. എന്നാലും അവര്‍ സ്ഥിരമായി ഇവിടെയെത്തുന്നു. സസ്യാഹാരം എന്നുകേള്‍ക്കുമ്പോള്‍ പലരും സലാഡ് മാത്രമാണെന്ന് കരുതും. എന്നാല്‍ മെനുവില്‍ ഡിസര്‍റ്റ്, ജ്യൂസ്, സ്മൂത്തി, പ്രാതല്‍, ഊണ്‍, അത്താഴം തുടങ്ങി നിരവധി വിഭവങ്ങളുണ്ട്.

 

Latest