സംഘചലനത്തിലൂടെ രാഷ്ട്രപതി ഭവനിലേക്ക്

Posted on: July 20, 2017 7:03 pm | Last updated: July 21, 2017 at 9:47 am

ന്യൂഡല്‍ഹി: കെ ആര്‍ നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവ് കൂടി രാജ്യത്തിന്റെ പ്രഥമ പൗരനാകുന്നു. പശുവാദമടക്കമുള്ള ദളിത്, ന്യൂനപക്ഷവിരുദ്ധ അതിക്രമങ്ങള്‍ രാജ്യത്ത് ശക്തിയാര്‍ജിക്കുകയും കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ഗുജറാത്തിലും യു പിയിലുമടക്കം ദളിത് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്യുന്ന ഘട്ടത്തിലാണ് രാംനാഥ് കോവിന്ദ് ദളിത് മേല്‍വിലാസവുമായി പ്രഥമപദമേറുന്നത്. പരമ്പരാഗത നെയ്ത്തു വിഭാഗമായ കോലി കുടുംബത്തിലാണ് കോവിന്ദ് ജനിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്ന് വിജയ സോപാനങ്ങള്‍ ഒന്നൊന്നായി നടന്ന് കയറിയത് തന്നെയാണ് കോവിന്ദിന്റെ ഇന്നത്തെ സ്ഥാനലബ്ധിയുടെ അടിസ്ഥാനം. ആ അര്‍ഥത്തില്‍ അറിവിന്റെ ശക്തിയായി ഈ വിജയത്തെ വിലയിരുത്താവുന്നതാണ്. ദളിത്, ന്യൂനപക്ഷവിരുദ്ധ സമീപനങ്ങളില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട കേന്ദ്ര സര്‍ക്കാറിന് ആശ്വാസം പകരുന്നു ഈ വലിയ വിജയം.

ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ പരൗഖ് ഗ്രാമത്തില്‍ 1945 ഒക്‌ടോബര്‍ ഒന്നിനാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. പിതാവ്: മൈകു ലാല്‍. മാതാവ്: കലാവതി. സവിതയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. ബി ജെ പിയുടെ ദേശീയ വക്താവ്, സുപ്രീം കോടതി അഭിഭാഷകന്‍, രാജ്യസഭാ എം പി, ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും പ്രഭാഷകനുമായ കോവിന്ദ് 2002ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യു എന്നില്‍ പ്രസംഗിച്ചു. 1998 മുതല്‍ 2002 വരെ ബി ജെ പി ദളിത് മോര്‍ച്ചയുടെ ചെയര്‍മാനും ആള്‍ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമായിരുന്നു. 1994 മുതല്‍ 2000 വരെയും 2000 മുതല്‍ 2006 വരെയുമായിരുന്നു കോവിന്ദ് രാജ്യസഭാംഗമായത്. 2015 ആഗസ്റ്റില്‍ ബീഹാര്‍ ഗവര്‍ണറായി ചുമതലയേറ്റു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം ഒഴിയുകയായിരുന്നു.

കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബികോം, നിയമ ബിരുദങ്ങള്‍ നേടി. പതിനാറു വര്‍ഷം ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആയിരുന്നു. നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ വക്താവായി തിരഞ്ഞെടുക്കപ്പെട്ടു. 1977 മുതല്‍ 1979 വരെ ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകനായിരുന്നു.
പെട്രോളിയം, പാചകവാതകം, നീതിന്യായം, സാമൂഹിക ക്ഷേമം തുടങ്ങി പ്രധാനപ്പെട്ട പല പാര്‍ലിമെന്ററി കമ്മിറ്റികളിലും അംഗമായിരുന്നു. ലക്‌നോയിലെ ഡോ. ബി ആര്‍ അംബേദ്കര്‍ സര്‍വകലാശാലയുടെ മാനേജ്‌മെന്റ് ബോര്‍ഡ് അംഗമാണ് കോവിന്ദ്. എം പിയെന്ന നിലയില്‍ ഉത്തര്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിദൂരസ്ഥ ഗ്രാമങ്ങളില്‍ വികസനമെത്തിക്കാനാണ് കോവിന്ദ് ശ്രമിച്ചത്.

സംവരണ വിഷയത്തില്‍ കോവിന്ദ് നടത്തിയ പരമാര്‍ശം വന്‍ വിവാദമായിരുന്നു. മുസ്‌ലിംകളെ രാജ്യത്തിന്റെ ഭാഗമായി കാണാനാകില്ലെന്നും അവര്‍ക്ക് സംവരണത്തിന് അവകാശമില്ലെന്നുമായിരുന്നു കോവിന്ദിന്റെ വാദം. ആര്‍ എസ് എസിന്റെ വിശ്വസ്തനായ അഭിഭാഷകന്‍ മാത്രമല്ല, സംഘ് രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന പ്രത്യയ ശാസ്ത്രത്തിനായി പുറത്ത് വാദിക്കാന്‍ തയ്യാറാണെന്ന് തെളിയിക്കുക കൂടി ചെയ്തു കോവിന്ദ്. ആ പ്രത്യയ ശാസ്ത്ര ദാര്‍ഢ്യം തന്നെയാണ് പ്രതിപക്ഷ നീക്കങ്ങളെ തകര്‍ക്കാനും പ്രതിച്ഛായാ നിര്‍മിതിക്കും ഒരു ദളിതനെ അനിവാര്യമെന്ന് വന്നപ്പോള്‍ കോവിന്ദിന് നറുക്ക് വീഴുന്നതിനും കാരണമായത്.

‘സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല കോവിന്ദ്. അദ്ദേഹം ഒരു റബ്ബര്‍ സ്റ്റാമ്പായിരിക്കില്ല’- എന്നാണ് നിയുക്ത രാഷ്ട്രപതിയുടെ സഹോദരന്‍ പറഞ്ഞത്. അങ്ങനെയായെങ്കില്‍ അദ്ദേഹം ഇന്ത്യക്ക് ചേര്‍ന്ന രാഷ്ട്രപതിയാകും. ബഹുസ്വരതയുടെ കാവലാളാകും. രാഷ്ട്രപതിമാര്‍ക്ക് രാഷ്ട്രീയം ഉണ്ടാകുന്നത് ഒരു ദോഷമാണെന്ന് മുന്‍ രാഷ്ട്രപതിമാരുടെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല. എന്നാല്‍ ആ പദവിയിലിരുന്ന് എന്ത് രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുക എന്നതാണ് ചോദ്യം.