മെഡിക്കല്‍ കോളജ് കോഴ; പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭ സ്തംഭിച്ചു

Posted on: July 20, 2017 11:28 am | Last updated: July 20, 2017 at 1:44 pm

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭ സ്തംഭിച്ചു. എംബി രാജേഷ് എംപിയുടെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു.തുടര്‍ന്ന് സ്പീക്കര്‍ 11.30 വരെ സഭ നിര്‍ത്തിവെച്ചു.

ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ സമയം നല്‍കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. എന്നാല്‍, ഇതിനും സ്പീക്കര്‍ അനുമതി ല്‍കിയില്ല. തുടര്‍ന്ന് ബഹളം കാരണം നടപടികള്‍ മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു. ഇത് രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അഴിമതിയാണെന്നും അഴിമതിക്ക് തെളിവുണ്ടെന്നും എംബി രാജേഷ് എംപി പറഞ്ഞു.