Connect with us

International

മസ്ജിദുല്‍ അഖ്‌സയില്‍ ഏറ്റുമുട്ടല്‍; വിശ്വാസികളെ പുറത്താക്കി

Published

|

Last Updated

ജറുസലേം: മസ്ജിദുല്‍ അഖ്‌സയിലെ നിയമവിരുദ്ധമായ ഇസ്‌റാഈല്‍ ഇടപെടലില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയ ഫലസ്തീന്‍ പൗരന്മാര്‍ക്ക് ക്രൂര മര്‍ദനം. ഇസ്‌റാഈല്‍ സൈന്യത്തിന്റെ മെറ്റല്‍ഡിറ്റക്ടര്‍ പരിശോധനക്ക് വിധേയമായി പള്ളിക്ക് അകത്ത് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി വിശ്വാസികള്‍ നടത്തിയ പ്രതിഷേധമാണ് അതിക്രൂരമായി ഇസ്‌റാഈല്‍ സൈന്യം അടിച്ചമര്‍ത്തിയത്. പ്രക്ഷോഭകരെ ക്രൂരമായി തല്ലിച്ചതച്ച സൈനികര്‍ ഇവരെ പള്ളിയങ്കണത്തില്‍ നിന്ന് പുറത്താക്കി. വിശ്വാസികള്‍ക്ക് നേരെ സൈനികര്‍ ഗ്രാനേഡ് പ്രയോഗിച്ചു. മസ്ജിദുല്‍ അഖ്‌സക്ക് സമീപത്ത് നിന്ന് മുസലിം വിശ്വാസികളെ പൂര്‍ണമായും തുരത്തിയിട്ടുണ്ട്.
ഇസ്‌റാഈലിന്റെ വിശ്വാസിവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി രോഷത്തിന്റെ ദിനം എന്ന പേരില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റും ഫതഹ് പാര്‍ട്ടി നേതാവുമായ മഹ്മൂദ് അബ്ബാസ് ആഹ്വാനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വിശ്വാസികള്‍ പള്ളിക്ക് സമീപത്ത് നിന്ന് കൂട്ടമായി നിസ്‌കരിച്ചത്. ഇന്നലെ അസര്‍ നിസ്‌കാരം പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രമം. സമാധാനപരമായി പ്രതിഷേധം നടത്തിയവരെയാണ് ക്രൂരമായ ആക്രമണത്തിന് വിധേയമാക്കിയത്. പ്രക്ഷോഭകരുടെയും തീര്‍ഥാടകരുടെയും വാഹനങ്ങളടക്കം പള്ളിയങ്കണത്തില്‍ നിന്ന് സൈന്യം നീക്കം ചെയ്തു.
അതിനിടെ, വെള്ളിയാഴ്ച പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് ഫലസ്തീന്‍ നേതാക്കളുടെ തീരുമാനം. ജറൂസലേമിലെ മുഴുവന്‍ പള്ളികളും അടച്ചിട്ട് ജുമുഅ നിസ്‌കാരം നിര്‍വഹിക്കണമെന്ന് വിശ്വാസികളോട് പണ്ഡിതന്മാര്‍ അഭ്യര്‍ഥിച്ചു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സക്കുള്ളില്‍ പ്രവേശിക്കാതെ പുറത്ത് നിന്ന് നിസ്‌കാരം നിര്‍വഹിക്കണമെന്ന് ഗ്രാന്‍ഡ് മുഫ്തി മുഹമ്മദ് ഹുസൈന്‍ അഭ്യര്‍ഥിച്ചു.

Latest