ഉര്‍ദുഗാനും ഗള്‍ഫ് പര്യടനത്തിന്; മേഖലയില്‍ സംവാദങ്ങളുയര്‍ത്തും

Posted on: July 19, 2017 5:02 pm | Last updated: July 19, 2017 at 5:02 pm

ദോഹ: ഗള്‍ഫ് പ്രതിസന്ധിയില്‍ ഖത്വറിനൊപ്പം ഉറച്ചു നില്‍ക്കുന്ന തുര്‍ക്കി പ്രസിഡന്റിന്റെ ഗള്‍ഫ് പര്യടനം ഈ മാസം 23നും 24നുമായി നടക്കും. ഉപരോധത്തെ രൂക്ഷമായി വിമര്‍ശിക്കുകയും സഊദിയോട് പ്രശ്‌ന പരിഹാരത്തിന് നേതൃത്വം കൊടുക്കണമെന്നും ആവശ്യപ്പെട്ട ഉര്‍ദുഗാന്‍ ഖത്വറിലെ തുര്‍ക്കി സൈനിക താവളം അടയ്ക്കണമെന്ന ആവശ്യത്തേയും തള്ളിയിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഖത്വര്‍ പ്രശ്‌നത്തിനു മേല്‍ സംവാദങ്ങള്‍ ഉയര്‍ത്തുമെന്നാണ് നിരീക്ഷണം. ഖത്വറിനൊപ്പം ഉറച്ചു നിന്ന രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഉര്‍ദുഗാന്റെ സഊദി സന്ദര്‍ശനം രാജ്യാന്തര മാധ്യമങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നണ്ട്.

ഖത്വര്‍, സഊദി, കുവൈത്ത് രാജ്യങ്ങളാണ് ഉര്‍ഗുഗാന്‍ സന്ദര്‍ശിക്കുന്നത്. ഖത്വറിന്റെ പരമാധികാരം നിര്‍ബന്ധമായും സംരക്ഷിക്കപ്പെടണമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഫിക്‌രി ഇസിക് ഇന്നലെ പറഞ്ഞു. പ്രാഥമികമായി വേണ്ടത് സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്വറുമായി ഒരു മേശക്ക് ചുറ്റിനുമിരുന്ന് പ്രശ്‌നങ്ങള്‍ സമാധാനപരമായി ചര്‍ച്ച ചെയ്യുകയാണ്. മധ്യസ്ഥ ചര്‍ച്ചയില്‍ തുര്‍ക്കി പങ്ക് വഹിക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. സഊദി സഖ്യ രാജ്യങ്ങള്‍ ഖത്വറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നിമിഷം മുതല്‍ ഖത്വറിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയള്ളവ നല്‍കി പിന്തുണ നല്‍കി വരികയാണ് തുര്‍ക്കി. രാജ്യം ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായത്തിനെത്തിയ ഖത്വറിനെ കയ്യൊഴിയില്ലെന്നും ഖത്വര്‍ ഭീകരതയെ പിന്തുണക്കുന്നുന്നെ ആരോപണം കെട്ടിച്ചമച്ചതാമെന്നും തുര്‍ക്കി അഭിപ്രായപ്പെട്ടിട്ടുണ്ട്.

സഊദി സഖ്യം മുന്നോട്ടുവെച്ച ഉപാധികളെയും തുര്‍ക്കി വിമര്‍ശിച്ചു. പ്രശ്‌നത്തില്‍ തുര്‍ക്കി നിഷ്പക്ഷത പുലര്‍ത്തുമെന്നു പ്രതീക്ഷക്കുന്നതായി കെയ്‌റോയില്‍ ചേര്‍ന്ന ഉപരോധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം സഊദി അഭിപ്രായെട്ടിരുന്നു. എന്നാല്‍ തുര്‍ക്കി ഖത്വര്‍ സൗഹൃദം ഊന്നിപ്പറയുകയാണ് ചെയ്ത്. ഉപരോധ നീക്കം ദുര്‍ബലപ്പെടുന്നതില്‍ പ്രധാന കാരണം തുര്‍ക്കിയുടെ പിന്തുണകൂടിയാണെന്ന നീരീക്ഷണങ്ങള്‍ വന്നുകെണ്ടിരിക്കേകൂടിയാണ് ഉര്‍ദുഗാന്‍ ഗള്‍ഫിലെത്തുന്നത്. നേരത്തേ തുര്‍ക്കി വിദേശകാര്യ മന്ത്രിയും ധനമന്ത്രിയും ദോഹയും ജിദ്ദയും സന്ദര്‍ശിച്ചിരുന്നു.