യോഗി സര്‍ക്കാറിന്റെ രണ്ട് മാസം: രജിസ്റ്റര്‍ ചെയ്തത് 803 ബലാത്സംഗവും 729 കൊലപാതകങ്ങളും

Posted on: July 19, 2017 11:12 am | Last updated: July 19, 2017 at 1:27 pm

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ രണ്ട് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത്‌ 803 ബലാത്സംഗവും 729 കൊലപാതകങ്ങളും. നിയമസഭയില്‍ മന്ത്രി സുരേഷ് കുമാര്‍ ഖന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാര്‍ച്ച് 15 മുതല്‍ മെയ് ഒമ്പതുവരെയുള്ള കണക്കാണിത്. ഇത് കൂടാതെ 799 മോഷണങ്ങളും 2682 തട്ടിക്കൊണ്ടുപോകലുകളും 60 പിടിച്ചുപറി കേസുകളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു. സമാജ്‌വാദി പാര്‍ട്ടി അംഗം ഷൈലേന്ദ്ര യാദവിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ചെറിയ കുറ്റകൃത്യങ്ങള്‍പോലും രജിസ്റ്റര്‍ ചെയ്യുന്നതിനാലാണ് രണ്ടുമാസത്തിനിടെ ക്രിമിനല്‍ കേസിന്റെ എണ്ണം വര്‍ധിച്ചതെന്നാണ് മന്ത്രി പറയുന്നത്. കൊലപാതക കേസുകളില്‍ 67.05 ശതമാനവും മാനഭംഗ കേസുകളില്‍ 71.12 ശതമാനവും നടപടിയെടുത്തുവെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നും സംസംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.