Connect with us

Editorial

എല്ലാറ്റിനും തീവില

Published

|

Last Updated

ജി എസ് ടി കേരളത്തിന് ഗുണകരമാകുമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ കുറവ് വരുമെന്നുമായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പല നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കയാണ്. തക്കാളി കിലോക്ക് എണ്‍പത് രൂപക്ക് മുകളിലാണ് വില. ചെറിയ ഉള്ളിക്ക് നൂറ് രൂപക്ക് മുകളിലും. കാരറ്റ്, ബീന്‍സ്, വെണ്ട തുടങ്ങിയ ഇനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. മത്സ്യ മാര്‍ക്കറ്റുകളില്‍ ചെന്നാലും കൈ പൊള്ളും. മുഖ്യാഹാരമായ അരിക്കും അടിക്കടി വില ഉയരുകയാണെന്ന് മാത്രമല്ല; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൂക്ഷിപ്പുണ്ടായിരുന്ന അരി ശേഖരം തീര്‍ന്നതിനാല്‍ പൊതു സംവിധാനങ്ങള്‍ വഴിയുള്ള അരിവിതരണം താമസിയാതെ നിലച്ചേക്കുമെന്ന ആശങ്കയിലുമാണ്.

ജി എസ് ടി വ്യാപാര മേഖലയിലുണ്ടാക്കിയ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ചരക്കു നീക്കത്തില്‍ വന്ന സ്തംഭനാവസ്ഥയും അയല്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ച മൂലം പച്ചക്കറികള്‍ നശിച്ചത് മൂലമുണ്ടായ ക്ഷാമവുമാണ് വിലക്കയറ്റത്തിന് പറയുന്ന കാരണങ്ങള്‍. ജി എസ് ടി ആശയക്കുഴപ്പം മുതലെടുത്ത് ഇടനിലക്കാര്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും ആരോപണമുണ്ട്. ഏതായാലും കുടുംബ ബജറ്റ് അടുത്തിടെയായി ഉയര്‍ന്നു കൊണ്ടിരിക്കുകയും ഇപ്പോഴത്തെ പഞ്ഞ മാസങ്ങളില്‍ സാധാരണക്കാരന് പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥ സംജാതമായിരിക്കുകയുമാണ്.
ഏതാനും മൊത്തക്കച്ചവടക്കാര്‍ ചേര്‍ന്നാണ് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന പച്ചക്കറിയുടെയും കോഴിയുടെയും മറ്റും വില നിര്‍ണയിക്കുന്നത്. തമിഴ്‌നാട്ടില്‍ തക്കാളിക്ക് കുത്തനെ വില ഇടിഞ്ഞു കര്‍ഷകര്‍ വിളവെടുക്കാതെ ഉപേക്ഷിച്ച സന്ദര്‍ഭങ്ങളില്‍ പോലും ഇവിടെ മാര്‍ക്കറ്റില്‍ അത്യാവശ്യം ഉയര്‍ന്ന വില നല്‍കേണ്ടി വരാറുണ്ട്. അടുത്തിടെ വെളുത്തുള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവക്ക് വില വന്‍തോതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ഉത്പന്നങ്ങള്‍ കൂട്ടത്തോടെ റോഡിലെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയതായി വാര്‍ത്ത വന്നിരുന്നു. എന്നിട്ടും ഈ സാധനങ്ങള്‍ക്കൊന്നും കേരളത്തില്‍ പറയത്തക്ക വിലക്കുറവ് അനുഭവപ്പെട്ടില്ല.

സപ്ലൈകോ പെലുള്ള പൊതുമേഖലാ വിതരണ കേന്ദ്രങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. സബ്‌സിഡി സാധനങ്ങള്‍ക്ക് വിലക്കുറവ് നല്‍കിയ വകയില്‍ സപ്ലൈകോക്ക് സര്‍ക്കാറില്‍ നിന്ന് 535 കോടി ലഭിക്കാനുണ്ട്. വിപണി ഇടപെടലിന് നല്‍കിയ 70 കോടി രൂപ മാത്രമാണ് ഒരു വര്‍ഷക്കാലത്തിനിടെ സര്‍ക്കാറില്‍ നിന്ന് ലഭിച്ച തുക. കണ്‍സ്യൂമര്‍ഫെഡിന്റെ അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമാണ്. 408 കോടിയുടെ സബ്‌സിഡി കുടിശ്ശിക, വിതരണക്കാര്‍ക്ക് നല്‍കാനുള്ള 200 കോടി ഉള്‍പ്പെടെ 1039 കോടി ബാധ്യതയുണ്ട് സ്ഥാപനത്തിന്. സപ്ലൈകോയിലും കണ്‍സ്യൂമര്‍ഫെഡിലും അടുത്ത അഞ്ച് വര്‍ഷത്തേക്ക് അവശ്യസാധനങ്ങള്‍ക്ക് വിലകൂട്ടില്ലെന്നാണ് ഇടതുസര്‍ക്കാറിന്റെ പ്രഖ്യാപനം. ഇതനുസരിച്ചു അടുത്ത നാല് വര്‍ഷം കൂടി വില പിടിച്ചു നിര്‍ത്തണമെങ്കില്‍ ആയിരം കോടിയെങ്കിലും നീക്കിവെക്കേണ്ടി വരും.
പച്ചക്കറി വിലക്കയറ്റത്തില്‍ നിന്ന് രക്ഷ നേടാനായി കേരളത്തെ പച്ചക്കറി സ്വയം പര്യാപ്ത സംസ്ഥാനമാക്കുന്നതിന് സര്‍ക്കാറുകളെല്ലാം പദ്ധതികളാവിഷ്‌കരിക്കാറുണ്ട്. നിലവില്‍ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിത കേരളം പദ്ധതി പച്ചക്കറി സ്വയം പര്യാപ്തത കൂടി ലക്ഷ്യം വെച്ചുള്ളതാണ്. രണ്ട് വര്‍ഷത്തിനകം കേരളീയര്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. മുന്‍ സര്‍ക്കാറുകളും ഇത്തരം അവകാശ വാദങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് കൃത്യസമയത്ത് ലോഡ് എത്തിയില്ലെങ്കില്‍ ഇവിടെ മാര്‍ക്കറ്റുകളില്‍ പച്ചക്കറി ലഭ്യമല്ലാത്ത സ്ഥിതിക്ക് ഇനിയും മാറ്റം വന്നിട്ടില്ല. സര്‍ക്കാര്‍ പദ്ധതികള്‍ പലതും ആരംഭ ശൂരത്വത്തില്‍ അവസാനിക്കുകയാണ് പതിവ്. സര്‍ക്കാറും ഉദ്യോഗസ്ഥരും ജനങ്ങളും കൂട്ടായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇത്തരം പദ്ധതികള്‍ വിജയിക്കുകയുള്ളൂ. നിത്യോപയോഗ സാധനങ്ങളുടെ ഉത്പാദനം ഊര്‍ജിതമാക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന ബോധത്തോടെ ഈ രംഗത്ത് പൊതുസമൂഹം സജീവമാകേണ്ടതുണ്ട്.

നെല്ലുത്പാദനം വര്‍ധിപ്പിക്കുന്നതിനും വേണം ഊര്‍ജിത പദ്ധതികളും കൂട്ടായ ശ്രമങ്ങളും. ഇക്കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് നെല്‍വയലുകളുടെ സംരക്ഷണത്തിനാണ്. നേരത്തെ സംസ്ഥാനത്ത് 13 ലക്ഷം ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്നുവെന്നാണ് കണക്ക്. ഇപ്പോള്‍ അവശേഷിക്കുന്നത് ഒന്നര ലക്ഷം ഹെക്ടര്‍ മാത്രമാണ്. തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ കൃഷിയോഗ്യമാക്കുകയും വന്‍കിട പദ്ധതികള്‍ക്കായി വയലുകള്‍ നികത്തുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ വയലുകള്‍ കേരളീയന് അന്യായമാകുന്ന കാലം വിദൂരമല്ല. വ്യവസായ വിപ്ലവത്തേക്കാളും കേരളം പരിഗണന അര്‍ഹിക്കുന്നത് കാര്‍ഷിക വിപ്ലവത്തിനാണ്.