ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് തൃശൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

Posted on: July 18, 2017 2:36 pm | Last updated: July 18, 2017 at 5:32 pm

തിരുവനന്തപുരം: ചാലക്കുടിയില്‍ സിനിമാതാരം ദിലീപന്റെ ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു തൃശൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വിശദമായി പരിശോധിച്ചശേഷം ശക്തമായ നടപടികൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയാണു മള്‍ട്ടിപ്ലക്‌സ് നിര്‍മിച്ചതെന്നാണ് ആരോപണം. ഇതു പരിശോധിക്കാന്‍ കലക്ടര്‍ ഡോ. എ. കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് തൃശൂര്‍ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

മുന്‍ കലക്ടര്‍ എം.എസ്. ജയയുടെ കാലത്താണു പരാതി ഉയര്‍ന്നതെന്നും കലക്ടര്‍ പറഞ്ഞു.

അതിനിടെ കോട്ടയം കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ ദിലീപ് പുറമ്പോക്കു ഭൂമി കയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കലക്ടര്‍ക്കും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി.