ക്രിസ്റ്റ്യാനോ : നടക്കാത്ത പദ്ധതിയെന്ന് മൗറിഞ്ഞോ

Posted on: July 18, 2017 9:40 am | Last updated: July 18, 2017 at 9:40 am

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് കോച്ച് ഹൊസെ മൗറിഞ്ഞോ നല്‍കുന്ന മറുപടി സിംപിള്‍ : മിഷന്‍ ഇപോസിബിള്‍ ( ഒരിക്കലും നടക്കാത്ത പദ്ധതി) !
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ആറ് സീസണ്‍ കളിച്ച ക്രിസ്റ്റ്യാനോ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും നേടിയ ശേഷമാണ് റയലിലേക്ക് ചേക്കേറിയത്.

എന്നാല്‍, സ്‌പെയ്‌നില്‍ നികുതി കേസില്‍ കുരുക്കിലായ ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡ് വിടാനുള്ള നീക്കത്തിലാണ്. ഫ്രാന്‍സില്‍ നിന്ന് പി എസ് ജി രംഗത്തുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മടങ്ങുവാന്‍ ക്രിസ്റ്റ്യാനോക്ക് താത്പര്യമുണ്ട്. എന്നാല്‍, റയലില്‍ മൗറിഞ്ഞോ കോച്ചായിരുന്നപ്പോള്‍ ക്രിസ്റ്റിയാനോയുമായുണ്ടായ പ്രശ്‌നങ്ങള്‍ ഇതിന് വിഘ്‌നമായി നില്‍ക്കുന്നു.

നടക്കാത്ത പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ തനിക്ക് സമയമില്ലെന്നും ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാന്‍ റെക്കോര്‍ഡ് തുക തന്നെ ക്ലബ്ബ് ചെലവഴിക്കേണ്ടി വരുമെന്നും, ഇപ്പോള്‍ അതിന്റെ ആവശ്യകതയില്ലെന്നും മൗറിഞ്ഞോ പറഞ്ഞു.
അമേരിക്കയില്‍ പരിശീലന മത്സരം കളിക്കാനെത്തിയ മാഞ്ചസ്റ്റര്‍ 5-2ന് ലാ ഗാലക്‌സിയെ തകര്‍ത്തിരുന്നു.