Connect with us

Gulf

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ആഗസ്റ്റ് 15 മുതല്‍ വര്‍ധിപ്പിക്കും

Published

|

Last Updated

ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ആഗസ്ത് 15 മുതല്‍ ദോഹയിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസ് നടത്തും. കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസ് ഉള്‍പ്പെടെയുള്ളതാണ് വര്‍ധിപ്പിച്ച ഷെഡ്യൂള്‍.

ദോഹയില്‍ നിന്നും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആഴ്ചയില്‍ പതിനാല് സര്‍വീസുകളായാണ് ഉയര്‍ത്തുന്നത്. ഇവയില്‍ ഏഴെണ്ണം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ്. പതിനഞ്ച് മുതല്‍ ആഴ്ചയില്‍ മൂന്ന് തവണ ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസുണ്ടാകും. സെപ്തംബര്‍ 15 മുതല്‍ ഇത് നാലാക്കി വര്‍ധിപ്പിക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസ്. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 11.45ന് ദോഹയിലെത്തും. ഇവിടെനിന്ന് 12.45ന് പുറപ്പെട്ട് രാത്രി 7.40ന് തിരിച്ച് കൊച്ചിയിലെത്തുന്നതാണ് ഷെഡ്യൂള്‍. കൊച്ചിയിലേക്കുള്ള നാല് നേരിട്ടുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ എണ്ണം പതിനൊന്നാകും.

ഇതാദ്യമായാണ് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരിട്ട് സര്‍വീസ് നടത്തുന്നത്. നിലവില്‍ കോഴിക്കോട് വഴിയാണ് സഞ്ചരിക്കുന്നത്. വേനലവധിയില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജൂണ്‍ 24 മുതല്‍ എയര്‍ ഇന്ത്യയുടെ അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഖത്വറിലേക്കുള്ള സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയും പുതിയ വിമാനങ്ങള്‍ അനുവദിക്കുകയും ചെയ്യുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ. കെ ശ്യാം സുന്ദര്‍ വ്യക്തമാക്കി.
ജൂണ്‍ അഞ്ച് മുതല്‍ സഊദി സഖ്യ രാജ്യങ്ങള്‍ ഖത്വറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഖത്വറില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കാര്‍ ആശ്രയിച്ചിരുന്ന ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍ തുടങ്ങിയ വിമാനങ്ങള്‍ ഇല്ലാതായത് നിരക്ക് ഉയരാനിടയാക്കിയിരുന്നു.
ഖത്വര്‍ എയര്‍വേയ്‌സ്, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാനങ്ങളാണിപ്പോള്‍ നേരിട്ടു സര്‍വീസ് നടത്തുന്നത്. ഒമാന്‍ എയര്‍, കുവൈത്ത് എയര്‍വേയ്‌സ് വിമാനങ്ങളുണ്ടെങ്കിലും നിരക്ക് കൂടുതലാണ്.

 

Latest