അമിത് ഷാ മോദിയെ തിരുത്തുമ്പോള്‍

Posted on: July 17, 2017 6:00 am | Last updated: July 16, 2017 at 11:57 pm

രാജ്യത്ത് വര്‍ധിച്ചു വരുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും നിസ്സാരവത്കരിച്ച് അമിത് ഷാ, നരേന്ദ്രമോദിയെ തന്നെ തിരുത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ ഉദ്ദേശ്യ ശുദ്ധിയില്‍ ഉണ്ടായിരുന്ന സംശയം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ഭയചകിതമായ ഒരവസ്ഥ രാജ്യത്തുള്ളതായി തനിക്കറിയില്ലെന്നാണ് അമിത് ഷാ പറയുന്നത്. ഈ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടായതിനേക്കാള്‍ കൊലപാതകങ്ങള്‍ കഴിഞ്ഞ യു പി എ കാലത്ത് ഉണ്ടായിട്ടുണ്ടെന്നും അന്ന് അതിനെ ആരും ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം പറയുന്നു.

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നും ആളുകളെ കൊന്നുകൊണ്ടല്ല പശുവിനെ സംരക്ഷിക്കേണ്ടതെന്നുമാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ പശുവിന്റെ പേരിലുള്ള അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കുമായിരുന്നില്ല. ഗോഭക്തി എങ്ങിനെ എന്തെന്ന് ഗാന്ധിജിയും വിനോബ ഭാവെയും കാണിച്ചു തന്നിട്ടുണ്ട്. അക്രമം ഒന്നിനും പരിഹാരമല്ല. അക്രമ രാഹിത്യത്തിന്റെ മണ്ണിലാണ് നാം ജീവിക്കുന്നത്. ക്രമസമാധാനം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. വളരെ നല്ല പ്രസ്താവന. അന്നേ ഇതിലെ ആത്മാര്‍ഥത ജനങ്ങളും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ചോദ്യം ചെയ്തതാണ്.
പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന അന്ന് തന്നെ ഝാര്‍ഖണ്ഡില്‍ ആലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷ ഗുണ്ടകള്‍ തല്ലിക്കൊല്ലുകയും വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആഗസ്തിലും പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നു. അത് പോലെയുള്ള ഒരു വാര്‍ഷിക പ്രസ്താവനയായേ ഇത് വിലയിരുത്തപ്പെടുന്നുള്ളൂ. പ്രധാനമന്ത്രി ആത്മാര്‍ഥത തെളിയിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തതാണ്.
അതിശക്തമായ പ്രതിഷേധമാണ് അക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്നത്. പ്രതിപക്ഷത്തെയും മറ്റും പല കക്ഷികളും ഇതര സാമൂഹിക സംഘടനകളും മീഡിയകളും നിസ്സംഗത പാലിച്ചപ്പോഴും അതെല്ലാം അവഗണിച്ചു കൊണ്ടുള്ള പ്രതിഷേധം ഉയര്‍ന്നു. അമേരിക്കയില്‍ തന്റെ സന്ദര്‍ശന വേളയില്‍ പ്ലക്കാര്‍ഡുകളേന്തിയും ചെരുപ്പുകളേന്തിയും ഇന്ത്യക്കാര്‍ പ്രതിഷേധമുയര്‍ത്തി.

രാജ്യത്ത് നടക്കുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലിമെന്ററി കമ്മിറ്റി യോഗം അംഗങ്ങള്‍ ബഹിഷ്‌കരിക്കുകയുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വ്യാപകമായ അക്രമങ്ങളില്‍ പ്രതിഷേധിച്ചും ഹരിയാനയിലെ ജുനൈദ് ഖാനെ കൊലപ്പെടുത്തിയതില്‍ അനുശോചിച്ചും പ്രമേയം പാസ്സാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. എല്ലാവരും ഇറങ്ങിപ്പോയതോടെ അധ്യക്ഷന്‍ കൂടിയായ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് യോഗം അവസാനിപ്പിക്കേണ്ടിവന്നു.

ദേശീയ ന്യൂനപക്ഷ അവകാശ പുരസ്‌കാരം തിരിച്ചു നല്‍കിയാണ് ശബ്‌നം ഹശ്മിയുടെ പ്രതിഷേധം. ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ 2008 ല്‍ നല്‍കിയ പുരസ്‌കാരം തിരിച്ചുനല്‍കിയത്. ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷിതത്വവും അന്തസ്സും ഭരണഘടന നല്‍കുന്ന അവകാശവും ഉറപ്പുവരുത്താന്‍ കമ്മീഷന്‍ ഇടപെടല്‍ നടത്തേണ്ടിയിരുന്നു. പക്ഷേ, കമ്മിഷന്‍ ചെയര്‍മാന്‍ തന്നെ മുസ്‌ലിംകളോട് പാക്കിസ്ഥാനില്‍ പോകാന്‍ പറയുകയാണ്. ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഏറ്റവും ഭീഷണിയായാണ് മുസ്‌ലിംകള്‍ മുദ്രകുത്തപ്പെടുന്നത്. ഹിറ്റ്‌ലറുടെ ജര്‍മ്മനിയുടേതിന് സമാനമായ അവസ്ഥയാണിത്. വര്‍ഗീയ പ്രത്യയ ശാസ്ത്രത്തിന് സര്‍ക്കാറും മാധ്യമങ്ങളും നിയമസാധുത നല്‍കുകയാണ്. അവാര്‍ഡ് തിരിച്ചുനല്‍കി ശബ്‌നം ഹശ്മി നടത്തിയ പ്രസ്താവന ഇങ്ങനെ നീളുന്നു. ബി ജെ പി അനുകൂലിയായ ശത്രുഘ്‌നന്‍ സിന്‍ഹയും കലാപങ്ങള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ പശുവിന്റെ പേരില്‍ നടന്ന പകുതിലേറെ അക്രമങ്ങളും മുസ്‌ലിംകളെ ലക്ഷ്യം വെച്ചായിരുന്നുവെന്നാണ് മാധ്യമ സര്‍വെ വ്യക്തമാക്കുന്നത്. 63 സംഭവങ്ങളിലായി 28 പേര്‍ കൊല്ലപ്പെട്ടു. 86 ശതമാനവും മുസ്‌ലിംകള്‍. ഇതില്‍ 97 ശതമാനവും മോദി ഭരണത്തിലായിരുന്നു. പകുതിയിലേറെ സംഭവങ്ങളും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. 52 ശതമാനം കേസുകളും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം ആകെ നടന്ന അക്രമങ്ങളുടെ 75 ശതമാനത്തില്‍ കൂടുതല്‍. 25 സംഭവങ്ങളാണ് 2016 ല്‍ നടന്നത്.

തന്റെ ചോര തിളക്കുന്നുവെന്ന പ്രതികരണവുമായി പ്രിയങ്കാഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഏറെ വേദനിക്കുന്നുവെന്ന് അവര്‍ പറയുന്നു. രാഷ്ട്രപതി മുതല്‍ പ്രമുഖരെല്ലാം പശുവിന്റെ പേരിലുള്ള മുസ് ലിം ന്യൂനപക്ഷ വേട്ടയെ അപലപിക്കുന്നുണ്ട്. അവിടെ സമാധാനത്തിനും പിടിവള്ളിക്കും വേണ്ടി സംഘ്പരിവാര്‍ നടത്തുന്ന ചെപ്പടി വിദ്യകള്‍ പോലും വിപരീത ഫലങ്ങള്‍ ഉളവാക്കുന്നുവെന്നതാണ് അനുഭവം.
അതിലൊന്നാണ് ഈയിടെ കോഴിക്കോട്ട് ആര്‍ എസ് എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ കീഴില്‍ സംഘടിപ്പിച്ച സംവാദം. വലതു ഇടതു രാഷ്ട്രീയ കക്ഷികളെല്ലാം ബഹിഷ്‌കരിച്ച സംവാദത്തില്‍ പങ്കെടുത്തവരില്‍ നിന്നു തന്നെ പശു രാഷ്ട്രീയത്തിനെതിരെ വിമര്‍ശനമുയര്‍ന്നു. ഭക്ഷണകാര്യത്തിലുള്‍പ്പെടെയുള്ള ഇടപെടലുകള്‍ നിര്‍ത്തിയാല്‍ ഇന്നത്തെ അക്രമങ്ങള്‍ക്ക് അറുതി വരുത്താനാകുമെന്ന് മുന്‍ പിഎസ് സി ചെയര്‍മാന്‍ ഡോ.കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. ബീഫ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ശ്രീകൃഷ്ണന്റെ വംശത്തില്‍ പെട്ടവരും മഹര്‍ഷി വര്യരുമൊക്കെ ബീഫ് കഴിച്ചവരാണ്. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് അതിനും മാംസാഹാരം കഴിക്കുന്നവര്‍ക്ക് അതിനും ഒരു പോലെ അവകാശമുണ്ട്. ബഹുസ്വരത ഉള്‍ക്കൊള്ളാതെ മുന്നോട്ട് പോയാല്‍ സമാധാനത്തിനു പകരം കലാപമാണ് ഉണ്ടാവുക. രാധാകൃഷ്ണന്‍ തുറന്നു പറഞ്ഞു. പശുരാഷ്ട്രീയവും അതിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളുമാണ് അവസാനിക്കേണ്ടതെന്ന് പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ തുറന്നടിച്ചു. ഇന്ത്യ ലോകരാജ്യങ്ങളുടെ മുമ്പില്‍ നാണം കെടുന്ന അവസ്ഥയിലേക്ക് പശു രാഷ്ട്രീയം മാറിയിരിക്കയാണെന്നും അദ്‌ദേഹം പറഞ്ഞു.
രാജ്യമാകെ അക്രമം കത്തിപ്പടരുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാന്‍ കേരളത്തിലെ അക്രമ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനായാണ് ആര്‍ എസ് എസ് പ്രസിദ്ധീകരണം ശ്രമിച്ചത്. ഇത്തരം ചെപ്പടി വിദ്യകളാണ് സംഘപരിവാര്‍ പശുരാഷ്ട്രീയത്തിന്റെ പേരില്‍ നടത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഇത്തരത്തില്‍ മാത്രമേ ജനം വിലയിരുത്തുന്നുള്ളു. ഇതു മനസ്സിലാകണമെങ്കില്‍ പ്രധാനമന്ത്രിയുടെ ഒരു വര്‍ഷം മുമ്പുള്ള പ്രസ്താവനയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. ഗോ സംരക്ഷണമെന്ന പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ ക്ഷുഭിതനാണ്. സ്വയം പ്രഖ്യാപിത ഗോ സംരക്ഷകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. ചിലര്‍ രാത്രി സാമൂഹിക വിരുദ്ധരും പകല്‍ ഗോ സംരക്ഷകരുമാണ്. അവരെ നിലക്കു നിര്‍ത്തണം. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ തുകല്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് ദളിതര്‍ക്കെതിരെ നടന്ന അക്രമത്തി
നെതിരെ നാടെങ്ങും പ്രതിഷേധം നടന്നപ്പോള്‍ നടത്തിയ പ്രസ്താവനയാണിത്.

തൊട്ട് പിറ്റേന്ന് തന്നെ തെലുങ്കാനയില്‍ നടത്തിയത് ഭംഗി വാക്കുകള്‍ കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന പ്രസ്താവനയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആരെയെങ്കിലും അക്രമിക്കണമെങ്കില്‍ എന്റെ ദലിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ അക്രമിച്ചോളൂ, വെടിവെച്ചോളൂ. പശുവിന്റെ പേരില്‍ പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ വ്യാജ ഗോ സംരക്ഷകരാണ്. പശു സംരക്ഷണമല്ല, മറിച്ച് അതിന്റെ പേരില്‍ രാജ്യത്ത് കുഴപ്പമുണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയുടെ ഐക്യവും സമന്വയവും സംരക്ഷിക്കലാണ് നമ്മുടെ പ്രധാന ഉത്തരവാദിത്തം…..എത്ര മനോഹരമായ വാക്കുകള്‍. ഇതിനു ശേഷം രാജ്യത്ത് എന്തെല്ലാം അക്രമങ്ങള്‍ അരങ്ങേറി. പശു സംരക്ഷകര്‍ എത്ര മേല്‍ അഴിഞ്ഞാടി. ഭരണകൂടത്തില്‍ നിന്നും എന്തെങ്കിലും നടപടികളുണ്ടായോ.
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വി എച്ച് പി യും തള്ളിക്കളയുന്നുവെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഗോവധ നിരോധനത്തിന് നിയമനിര്‍മാണം കൊണ്ടു വന്നാലേ പ്രക്ഷോഭങ്ങള്‍ അവസാനിക്കുകയുള്ളുവെന്നാണ് അവരുടെ പക്ഷം. മാത്രമല്ല മോദിയെ വിട്ട് യു പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെ പിന്തുണക്കുന്ന നിലപാടിലേക്ക് അവര്‍ മാറുകയാണെന്നാണ് വി എച്ച് പി സെക്രട്ടറി സുരേവന്ദ്ര ജെയിനിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. ഗോഹത്യ നടത്തുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കണമെന്ന യു പി സര്‍ക്കാര്‍ നയത്തെ അദ്‌ദേഹം പുകഴ്ത്തുകയാണ്. മാത്രമല്ല ഗോരക്ഷകരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അദ് ദേഹത്തിന്റെ വാദം.
ഇതില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ടത് പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് സംഘപരിവാറും സംഘടനകളും നല്‍കുന്നത് പുല്ലു വിലയാണെന്നാണ്. അക്രമികള്‍ക്ക് അനുകൂലമായാണ് അവര്‍ സംസാരിക്കുന്നത്. അത് കൊണ്ട് തന്നെ സര്‍ക്കാറില്‍ നിന്നോ പിന്തുണക്കുന്നവരില്‍ നിന്നോ എന്തെങ്കിലും നടപടികള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് മാത്രമല്ല കൊലപാതകങ്ങളുമായി മുന്നോട്ട് പോകുന്ന സമീപനമാണ് സംഘ്പരിവാര്‍ സ്വീകരിക്കുകയെന്നുമാണ്.