Connect with us

National

രാഷ്ട്രപതിക്കായി വോട്ട് ചെയ്യുന്നവരില്‍ 33 ശതമാനം പേരും ക്രിമിനല്‍ കേസില്‍ പ്രതികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രതിനിധികള്‍ ഇന്ന് പ്രഥമ പൗരനെ തിരഞ്ഞെടുക്കാന്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലെ ദുഷ്പ്രവണതകള്‍ വ്യക്തമാക്കി കണക്കുകള്‍. രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളില്‍ 33 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുള്ളതായി അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് വ്യക്തമാണെന്ന് നാഷനല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവയുടെ കണക്കുകള്‍ പറയുന്നു. 4,896 ജനപ്രതിനിധകളാണ് രാഷ്ട്രപതി വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.

വോട്ടര്‍മാരില്‍ 71 ശതമാനം പേരും കോടിപതികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 4896 സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായ കണക്കാണിത്. ആകെയുള്ള 4,078 എം എല്‍ എമാരില്‍ 33 ശതമാനം (1353 പേര്‍) ക്രിമിനല്‍ കേസ് പ്രതികളാണ്. 33 ശതമാനം ലോക്‌സഭാ എം പിമാര്‍ക്കെതിരെ (184 പേര്‍ )യും കേസുണ്ട്. 19 ശതമാനം (44 പേര്‍) രാജ്യസഭ എം പിമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളത്. 20 ശതമാനം ജനപ്രതിനിധികള്‍ക്കെതിരെയുള്ളത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. ലോക്‌സഭാ എം പിമാരില്‍ 22 ശതമാനം പേര്‍ക്കും എം എല്‍ എമാരില്‍ 21 ശതമാനം പേര്‍ക്കും എതിരെ രജിസറ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ഗുരുതര വകുപ്പുകളനുസരിച്ചുള്ള കേസുകളാണ്.
82 ശതമാനം ലോക്‌സഭാ എം പിമാരും 84ശതമാനം രാജ്യസഭാ എം പിമാരും 68 ശതമാനം എം എല്‍ എമാരും കോടിപതികളാണ്. കര്‍ണാടകയില്‍ നിന്നാണ് കൂടുതല്‍ കോടീശ്വരന്മാരായ എം എല്‍ എമാര്‍. ഇവിടെ നിന്നുളള 93 ശതമാനം എം എല്‍ എമാരും അതിസമ്പന്നന്‍മാരാണ്.
രാഷ്ട്രപതിയാരെന്ന് തീരുമാനിക്കേണ്ട ജനപ്രതിനിധികളില്‍ വെറും ഒന്‍പത് ശതമാനം പ്രാതിനിധ്യം മാത്രമാണ് സ്ത്രീകള്‍ക്കുള്ളത്. 65 ലോക്‌സഭാ വനിതാ എം പിമാര്‍, 23 രാജ്യസഭ വനിതാ എം പിമാര്‍, 363 എം എല്‍ എമാര്‍ എന്നിങ്ങനെയാണ് അത്.

Latest