സാമ്പത്തിക ഇടപാട്: ഇറാന്‍ പ്രസിഡന്റിന്റെ സഹോദരനെ അറസ്റ്റ് ചെയ്തു

Posted on: July 17, 2017 12:26 am | Last updated: July 16, 2017 at 11:28 pm

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സഹോദരനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറസ്റ്റ് ചെയ്തു. ജുഡീഷ്യറി വക്താവാണ് ഇക്കാര്യം അറിയിച്ചത്. നിരവധി സാമ്പത്തിക കേസുകളില്‍ കുറ്റാരോപിതനായ ഹുസൈന്‍ ഫിരിദൗനിനെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പണം അട്ടിമറിച്ച കേസില്‍ ജാമ്യത്തിനിറങ്ങിയ ഫിരിദൗന്‍ കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്.

രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ റൂഹാനിക്ക് പുതിയ ആരോപണം കനത്ത പ്രഹരമായിരിക്കുകയാണ്. ഫിരിദൗനിന് പിന്നില്‍ നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച സചന.