Connect with us

Ongoing News

ലോക വാതകവിപണിയില്‍ ഖത്വറിന്റെ മേധാവിത്തം തുടരുമെന്ന് ക്യു എന്‍ ബി

Published

|

Last Updated

ദോഹ: ലോക വാതക വിപണിയില്‍ ദോഹയുടെ മേധാവിത്തം തുടരുമെന്ന് ഖത്വര്‍ നാഷനല്‍ ബേങ്ക് സാമ്പത്തിക റിപ്പോര്‍ട്ട്. ആസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും വിതരണം ഉയര്‍ന്ന സാഹചര്യത്തിലും ഖത്വര്‍ മേധാവിത്തത്തില്‍ തുടരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആഗോള വിപണിയില്‍ 30.1 ശതമാനം ഓഹരിയാണ് ഖത്വര്‍ വാതക മേഖല വഹിക്കുന്നത്. ആഫ്രിക്കയിലെ വാതക ആവശ്യത്തിന്റെ 70 ശതമാനവും ഖത്വറാണ് വഹിക്കുന്നത്. ജപ്പാനിലേക്കുള്ള കാര്‍ഗോ നീക്കത്തില്‍ കുറവു വന്നതു മറി കടക്കുന്നതു കൂടിയാകും ആഫ്രിക്കയിലേക്കുള്ള ഗ്യാസ് വിതരണം. അഞ്ചു വര്‍ഷത്തിനകം 30 ശമതാനം വാതക ഉത്പാദനം ഉയര്‍ത്താനുള്ള തീരുമാനം കൂടിയാണ് ലോക മാര്‍ക്കറ്റില്‍ ഖത്വറിനെ മുന്നില്‍ നിര്‍ത്താന്‍ സഹായിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷത്തെ ലോക വിപണി റിപ്പോര്‍ട്ട് അനുസരിച്ച് വാതകം ആവശ്യത്തിലധികമാണ് വിതരണം ചെയ്യപ്പെടുന്നത്. സമീപഭാവിയലും വിതരണം വര്‍ധിക്കും. 2011-2015 വര്‍ഷത്തില്‍ പൂജ്യം അവസ്ഥയില്‍നിന്നും 6.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതേസമയം വാതക ആവശ്യത്തില്‍ 4.2 ശതമാനമാണ് വര്‍ധന. പോയ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് ആവശ്യ വര്‍ധനയും മികച്ചതാണ്. കഴിഞ്ഞ വര്‍ഷം വാതക വിപണിയില്‍ വലിയ തോതില്‍ വളര്‍ച്ചയുണ്ടായി. ആസ്‌ട്രേലിയന്‍ കയറ്റുമതി രംഗത്തെ വളര്‍ച്ചയാണ് ഇതില്‍ പ്രധാനം. 49 ശതമാനമാണ് ആസ്‌ട്രേലിയയില്‍ നിന്നുള്ള കയറ്റുമതി ഉയര്‍ന്നത്. ആഗോള തലത്തിലുണ്ടായ വളര്‍ച്ചയുടെ 90 ശതമാനനവും ആസ്‌ട്രേലിയയാണ് വഹിച്ചതും. 200 ബില്യന്‍ ഡോളര്‍ നിക്ഷേപത്തിന്റെ പ്രതിഫലനമാണ് വിപണിയിലുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച വന്‍ പദ്ധതി പൂര്‍ത്തിയാക്കിയാണ് ആസ്‌ട്രേലിയ കയറ്റുമതി ഉയര്‍ത്തിയത്. ഇപ്പോള്‍ ലോകത്തെ രണ്ടാമത്തെ വലിയ എല്‍ എന്‍ ജി ഉത്പാദക രാജ്യമാണ് ആസ്‌ട്രേലിയ.

കഴിഞ്ഞ വര്‍ഷം തന്നെയാണ് അമേരിക്കയും വാതക കയറ്റുമതി ഉയര്‍ത്തിയത്. ചിലി, മെക്‌സിക്കോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് യു എസ് ഗ്യാസ് കയറ്റുമതി നടത്തിയത്. അതേസമയം, ആഗോള വിപണിയില്‍ ചെറിയ ഓഹരി മാത്രമാണ് അമേരിക്ക വഹിക്കുന്നത്. എങ്കിലും വാതക കയറ്റുതമതി രംഗത്തേക്കുള്ള അമേരിക്കയുടെ കടന്നു വരവ് ലോകവിപണിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ക്യു എന്‍ ബി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ചൈനയില്‍നിന്നും ആഫ്രിക്കയില്‍നിന്നും വാതക ആവശ്യം വര്‍ധിക്കുന്നതാണ് വിപണിയെ ഉണര്‍ത്തുന്നത്. സൗത്ത് കൊറിയയില്‍ നിന്നും ജപ്പാനില്‍നിന്നുമുള്ള ആവശ്യത്തിലെ കുറവ് നികത്തുന്നതിനും ചൈനയും ആഫ്രിക്കയുമാണ്. ചൈനയുടെ എല്‍ എന്‍ ജി ഇറക്കുമതിയില്‍ 33 ശതമാനമാണ് വര്‍ധനയുണ്ടായത്.

വാതക ഉപയോഗം വര്‍ധിപ്പിച്ചു കൊണ്ടുള്ള ചൈനീസ് ഗവണ്‍മെന്റിന്റെ നീക്കങ്ങളാണ് കാരണം. ആഫ്രിക്കന്‍ വാതക ഇറക്കുമതി കഴിഞ്ഞ വര്‍ഷം മൂന്നിരട്ടിയായാണ് ഉയര്‍ന്നത്. വിപണിയിലെ ഇത്തരം വികസനങ്ങള്‍ക്കിടയില്‍ ഖത്വര്‍ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കുക കൂടി ചെയ്യുന്നതോടെ ആഗോള വിപണിയില്‍ മേധാവിത്തം നിലനിര്‍ത്തി തന്നെ മുന്നോട്ടു പോകാനാകുമെന്ന് ക്യു എന്‍ ബി റിപ്പോര്‍ട്ട് പറയുന്നു.

 

Latest