കുല്‍ഭൂഷന്‍ ജാദവിന്റെ ദയാഹര്‍ജി പാക് പട്ടാള കോടതി തള്ളി

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ ദയാഹര്‍ജി പാക് പട്ടാള കോടതി തള്ളി. ഇതേതുടർന്ന് കുൽഭൂഷൻ ജാദവ് പാക് സെെനിക മേധാവിക്ക് നൽകിയ ദയാഹർജിയിൽ നീതിയുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് പാക് സൈന്യം വ്യക്തമാക്കി. പാക് സൈനിക ധോവി ഖമര്‍ ജാവേദ് ബജ്‌വക്ക് നല്‍കിയ ദയാഹര്‍ജി അദ്ദേഹം പരിഗണിച്ചുവരികയാണെന്ന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ റാവല്‍പിണ്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക് പട്ടാള കോടതിക്ക് നല്‍കിയ ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കുല്‍ഭൂഷന്‍ ജാദവ് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കിയത്. കുല്‍ഭൂഷണ്‍ ജാദവിന് ഇനി ഒരു തവണ കൂടി ദയാഹര്‍ജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. പ്രസിഡന്റിനാണ് ഇനി ഹര്‍ജി നല്‍കേണ്ടത്. അതിനിടെ, കുല്‍ഭൂഷന്‍ ജാദവ് കുറ്റസമ്മതം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാനില്‍ നടത്തിയ അട്ടിമറികളെ കുറിച്ച് ഈ വീഡിയോയില്‍ കുല്‍ഭൂഷന്‍ ജാദവ് വിവരിക്കുന്നുണ്ട്. താന്‍ ചെയ്ത തെറ്റുകളില്‍ അദ്ദേഹം പശ്ചതിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമിപിക്കുകയും കോടതി വധ ശിക്ഷ സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.
Posted on: July 16, 2017 5:55 pm | Last updated: July 16, 2017 at 7:46 pm