Connect with us

National

ശശികലക്ക് ജയിലില്‍ വി ഐ പി പരിഗണന; ഡി ഐ ജിയുടെ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന് ഉത്തരവ്‌

Published

|

Last Updated

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലക്ക് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വി ഐ പി പരിഗണന ലഭിക്കുന്നുവെന്ന ജയില്‍ ഡി ഐ ജി രൂപ മൗഡ്ഗിലിന്റെ റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്.

ശശികലയെ പാര്‍പ്പിച്ചിരിക്കുന്ന ബെംഗളൂരു പരപ്പന അഗ്രഹാര ജയില്‍ ഇവര്‍ക്ക് മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായാണ് റിപ്പോര്‍ട്ട്. ജയില്‍ ഡി ഐ ജി രൂപ ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് എ ഐ ഡി എം കെ വക്താവ് സരസ്വതി രംഗത്തെത്തി.
എന്നാല്‍, താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് സ്ഥാപിച്ച് രൂപയും രംഗത്തെത്തിയതോടെ ഇത് സംബന്ധിച്ച വാദപ്രതിവാദം ചൂട് പിടിച്ചിരിക്കുകയാണ്. ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 25 തടവുകാരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 18 പേര്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജയില്‍ ഡയറക്ടര്‍ ജനറല്‍ എച്ച് എന്‍ സത്യനാരായണ റാവുവിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് ഡി ഐ ജി രൂപ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനും ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മുദ്രപത്ര അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട അബ്ദുല്‍ കരീമിനും ഇത്തരം സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരപ്പന അഗ്രഹാര ജയിലിലെ ചട്ടലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ജയില്‍ ഡി ഐ ജി ഡിയുടെ റിപ്പോര്‍ട്ട്. ജൂലൈ പത്തിലെ ജയില്‍ സന്ദര്‍ശനത്തിന് ശേഷമാണ് ഡി ജി പി ആര്‍ കെ ദത്തക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവം അന്വേഷിച്ച് ഉടന്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ജയില്‍ ഡി ഐ ജി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
അതേസമയം ഡി ഐ ജിയുടെ ആരോപണങ്ങളെ ജയില്‍ മേധാവി എച്ച് എന്‍ സത്യനാരായണ റാവു തള്ളി. ശശികലക്കെന്നല്ല ആര്‍ക്കും പരപ്പന ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും ആരോപണത്തിന് ഒരു തെളിവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയുണ്ടെങ്കില്‍ അത് ഡി ജി പിക്കല്ല തനിക്കാണ് ഡി ഐ ജി നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ജയില്‍ ഡി ജി പി പറഞ്ഞു.
അഗ്രഹാര ജയിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മുമ്പും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. വി കെ ശശികലയുടെ സന്ദര്‍ശകരുടെ എണ്ണം കൂടുതലായി അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ അധികംപേരും സന്ദര്‍ശന സമയം കഴിഞ്ഞാണ് ശശികലയെ കാണാന്‍ വരാറുള്ളത്. ശശികലക്ക് ചട്ടങ്ങള്‍ മറികടന്ന് സന്ദര്‍ശകരെ കാണാന്‍ അനുമതി നല്‍കിയത് നേരത്തെ വിവാദമായിരുന്നു. പുറത്തുനിന്നുള്ള ഭക്ഷണം വേണമെന്നുള്‍പ്പെടെയുളള അവരുടെ ആവശ്യങ്ങള്‍ ജയില്‍ വകുപ്പ് തള്ളിയെങ്കിലും പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങളുമുണ്ടായി. ഇതിനിടെയാണ് ഇപ്പോള്‍ ജയില്‍ ഡി ഐ ജിയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ ജീവിത സാഹചര്യത്തോട് ശശികലക്ക് പൊരുത്തപ്പെടാനാകാത്തതിനാല്‍ ശശികല നേരത്തെ ജയില്‍ മാറ്റത്തിന് ശ്രമിച്ചിരുന്നു. അനധികൃത സ്വത്തു കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതക്കൊപ്പം പരപ്പനയിലെ ജയിലില്‍ കഴിഞ്ഞപ്പോള്‍ വി ഐ പി സൗകര്യത്തിലാണ് ജയലളിതക്കൊപ്പം ശശികലയും കഴിഞ്ഞിരുന്നത്. താന്‍ ഒരു സാദാ തടവുകാരിയല്ലെന്ന മട്ടിലാണ് ജയിലില്‍ ശശികല തുടക്കത്തില്‍ പെരുമാറിയിരുന്നത്.