Connect with us

National

വിചാരണാതടവുകാരുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍; കൂടുതല്‍ മുസ്‌ലിംകളും ദളിതുകളും

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ വിചാരണാ തടവുകാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ലോകത്ത് വിചാരണാ തവുകാരുടെ കാര്യത്തില്‍ ഇന്ത്യക്ക് 18ാം സ്ഥാനമാണുള്ളത്. ഏഷ്യയില്‍ ഇക്കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. “നീതി വിചാരണ ചെയ്യപ്പെടുന്നു” എന്ന പേരില്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്കും അനീതിയും വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്ളത്. 2015 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ജയിലിലെ 67 ശതമാനം തടവുകാരും വിചാരണ നേരിടുന്നവരാണ്. വര്‍ഷങ്ങളായി ഇവരുടെ കാര്യത്തില്‍ തീര്‍പ്പാകാതെ വിചാരണ നീളുകയാണ്. കുറ്റം വിധിക്കപ്പെട്ടവരുടെ ഇരട്ടിയാണ് വിചാരണാ തടവുകാര്‍- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിചാരണാ തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ചട്ടങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുകയാണ്. സെക്ഷന്‍ 436 എ പ്രകാരം മോചിപ്പിക്കേണ്ട വിചാരണാ തടവുകാരെ കുറിച്ച് മിക്ക ജയില്‍ അധികൃതര്‍ക്കും ഒരു ധാരണയുമില്ല. കോടതികളില്‍ വാദം കേള്‍ക്കുമ്പോള്‍ വിചാരണാ തടവുകാരെ കൊണ്ടു പോകാത്തത് കേസ് നീണ്ടു പോകുന്നതിന് കാരണമാകുന്നു. എസ്‌കോര്‍ട്ട് പോകാന്‍ പോലീസില്ലാത്തതാണ് ഇതിന് കാരണമായി പറയുന്നത്.

വിചാരണാ തടവുകാരില്‍ 53 ശതമാനവും മുസ്‌ലിം, ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൊത്തം തടവുകാരില്‍ 29 ശതമാനം പേര്‍ നിരക്ഷരരാണ്. 42 ശതമാനം പേര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. മിക്ക ജയിലുകളിലും തടവുകാരുടെ അതിബാഹുല്യം അനുഭവപ്പെടുന്നുണ്ടെന്നും നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിചാരണാ തടവ്അനന്തമായി നീളുമ്പോള്‍ അത് ശിക്ഷ തന്നെയായി മാറുകയാണ്. മാറി മാറി വരുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വെക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.