രാമക്ഷേത്ര നിര്‍മാണം തടഞ്ഞാല്‍ മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ

Posted on: July 13, 2017 10:23 pm | Last updated: July 13, 2017 at 10:23 pm

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംപിയുടെ ഭീഷണി. തങ്ങള്‍ നൂറു കോടി വരുന്ന ഹിന്ദുക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും. മുസ്ലിംകള്‍ ആരെങ്കിലും അത് തടയാന്‍ വന്നാല്‍ അവരെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ല – ബ്രിജ്ഭൂഷണ്‍ രാജ്പുത് എന്ന എംഎല്‍എ പറഞ്ഞു. ഇയാള്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ട വീഡിയോ പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ജയ്ശ്രീറാം എന്ന് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ന്യൂനപക്ഷങ്ങളുടെ രാജ്യമല്ലെന്നും ഇയാള്‍ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയെ ഹിന്ദുക്കള്‍ക്കും പാക്കിസ്ഥാനെ മുസ്ലിംകള്‍ക്കും നല്‍കുകയായിരുന്നു. തങ്ങളെ ആര്‍ക്കും ഇവിടെ നിന്ന് ആട്ടിയോടിക്കാന്‍ കഴിയില്ലെന്നാണ് മുസ്ലിംകള്‍ പറയുന്നത്. അങ്ങിനെയെങ്കിലും അവരെ ആട്ടിയോടിക്കാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ ശ്രമിച്ചിട്ടില്ല. തങ്ങള്‍ അതിന് ശ്രമിച്ചാല്‍ ഒരൊറ്റ മുസ്ലിമിനും ഇന്ത്യയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും രാജ്പുത് ഭീഷണി മുഴക്കി.