Connect with us

Gulf

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; ഷാര്‍ജയില്‍ വെല്‍ഫെയര്‍ സെന്റര്‍ യാഥാര്‍ത്യമാകുന്നു

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഷാര്‍ജയില്‍ വൈകാതെ വെല്‍ഫെയര്‍ സെന്റര്‍ ആരംഭിക്കുമെന്ന് യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി. വെല്‍ഫെയര്‍ സെന്ററിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. യു എ ഇയിലെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഥാനപതി ഇക്കാര്യം വ്യക്തമാക്കിയത്.

കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിന് ഇത് സഹായകമാകും. നിലവില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ (ഐ ഡബ്ല്യു ആര്‍ സി) എന്നപേരിലുള്ള സഹായകേന്ദ്രം ദുബൈയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 2010ലാണ് ഇത് സ്ഥാപിച്ചത്. യു എ ഇയില്‍ 26 ലക്ഷത്തോളം ഇന്ത്യക്കാരാണ് നിലവിലുള്ളത്.

സെന്റര്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ മുന്‍ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമാണ് നല്‍കിയത്. ഇന്ത്യക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന കേന്ദ്രമായതിനാലാണ് രണ്ടാമത് സഹായകേന്ദ്രം ഷാര്‍ജയില്‍ ആരംഭിക്കുന്നതെന്ന് സീതാറാം വ്യക്തമാക്കിയിരുന്നു.
അതേസമയം സെന്റര്‍ ഷാര്‍ജയില്‍ എവിടെയായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഷാര്‍ജയിലെയും വടക്കന്‍ എമിറേറ്റുകളിലെയും തൊഴിലാളികള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കുന്നിടത്താകും സെന്ററെന്ന് ഇന്ത്യന്‍ എംബസി സാമൂഹിക ക്ഷേമ വിഭാഗം ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പറഞ്ഞു. ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലുമായി നിര്‍മാണ മേഖലയിലടക്കം നിരവധി ഇന്ത്യന്‍ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ദുബൈ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്ററിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഷാര്‍ജയിലും ലഭ്യമാകുമെന്ന് ദിനേശ് കുമാര്‍ വ്യക്തമാക്കി. പക്ഷേ ഇവിടെ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ ഉണ്ടാകില്ല. ദുബൈയിലെ സെന്ററില്‍ ഏത് ആവശ്യത്തിനും ടോള്‍ഫ്രീ നമ്പറുണ്ട്. അതിനാല്‍ ഷാര്‍ജക്ക് പ്രത്യേകമായി ടോള്‍ ഫ്രീ നമ്പര്‍ ആവശ്യമില്ലെന്നും ദിനേശ് കുമാര്‍ പറഞ്ഞു.

80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മലയാളമടക്കം ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഏത് സമയത്തും ഇന്ത്യക്കാര്‍ക്ക് സഹായം ലഭിക്കും. ഇന്ത്യക്കാരുടെ നിയമ, സാമൂഹിക, സാമ്പത്തിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് സൗജന്യ കൗണ്‍സിലിംഗും ഐ ഡബ്ല്യു ആര്‍ സി കേന്ദ്രത്തില്‍ ലഭിക്കും.

ഈ വര്‍ഷം ആദ്യ ആറു മാസത്തില്‍ ദുബൈയിലെ സെന്ററില്‍ 11,700 കോളുകളാണെത്തിയത്. 640 സന്ദര്‍ശകരുമെത്തി. 2010 നവംബറില്‍ ആരംഭിച്ചതു മുതല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം വരെ നിയമപരമായ 589 കൗണ്‍സിലിംഗും 31 പേഴ്‌സണല്‍ കൗണ്‍സിലിംഗും 33 ഫിനാന്‍ഷ്യല്‍ കൗണ്‍സിലിംഗ് ക്ലാസുകളും സംഘടിപ്പിച്ചു. ഇതുവരെ 105,596 ഫോണ്‍ കോളുകളും 51186 ഫാക്‌സ്, ഇ മെയില്‍, എസ് എം എസ് സന്ദേശങ്ങളുമെത്തിയതായി ദിനേശ് കുമാര്‍ പറഞ്ഞു.

 

Latest