ദിലീപിനെതിരെയുള്ള അന്വേഷണം ഗള്‍ഫിലേക്കും

Posted on: July 13, 2017 8:19 pm | Last updated: July 13, 2017 at 8:19 pm

ദുബൈ: നടന്‍ ദിലീപിനെതിരെയുള്ള അന്വേഷണം ഗള്‍ഫിലേക്കു വ്യാപിപ്പിക്കും. ഗള്‍ഫില്‍ കള്ളപ്പണ റാക്കറ്റുമായി ദിലീപ് ബന്ധം പുലര്‍ത്തിയിരുന്നതായി കേരള പോലീസ് സംശയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയില്‍ ദിലീപിന്റെ കണക്കില്‍പെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു ലഭിച്ചുവത്രെ. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവ അന്വേഷിക്കും.

കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മനുഷ്യക്കടത്ത് കേസിലും ഉള്‍പെട്ടതായാണ് വിവരം. എന്നാല്‍, കേരള പൊലീസ് ഇപ്പോള്‍ നേരിട്ട് അന്വേഷിക്കുന്നതു നടിയെ ഉപദ്രവിച്ച കേസ് മാത്രമാണെന്നും സാമ്പത്തിക ഇടപാടു സംബന്ധിച്ചു ലഭ്യമാവുന്ന മറ്റു വിവരങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറുമെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.