Connect with us

Kerala

ജെഡിയു എല്‍ഡിഎഫില്‍ ചേര്‍ന്നേക്കും

Published

|

Last Updated

തിരുവനന്തപുരം: ജനതാദള്‍ യുനൈറ്റഡ് (ജെഡിയു) പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നേക്കും. ജെഡിയുവിന്റെ ചില നേതാക്കളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്.

ഇത് സംബന്ധിച്ച് പലതവണ ചര്‍ച്ച നടന്നതായി ജെഡിയു വൈസ് പ്രസിഡന്റ് ചാരുപാറ രവി പറഞ്ഞു. യുഡിഎഫില്‍ പലതും വിഴുങ്ങേണ്ട അവസ്ഥയാണെന്നും മുന്നണി വിടണമെന്നാണ് നേതാക്കളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ജെഡിയുവിന്റെ മുന്നണിമാറ്റം അനിവാര്യമാണെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ മാറ്റം ഉണ്ടാകും. യുഡിഎഫില്‍ വന്ന ശേഷം ജെഡിയുവിന് നഷ്ടങ്ങള്‍ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, യുഡിഎഫ് വിടാന്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും ചില നേതാക്കള്‍ തോന്നിയത് പറയുകയാണെന്നും ജെഡിയുവിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെപി മോഹനന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച് ഒരുചര്‍ച്ചയും നടന്നിട്ടില്ലെന്നും യുഡിഎഫില്‍ നിന്ന് നല്ല പരിഗണനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ജെഡിയു നേതാക്കളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിഷയത്തില്‍ പാര്‍ട്ടി നേതാവായ വീരേന്ദ്ര കുമാര്‍ അഭിപ്രായം പറയട്ടെയെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. നേരത്തെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ജെഡിയുവിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത്.

Latest