Connect with us

Gulf

ഖത്വറിലെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിക്ഷേപം 3000 കോടി കവിഞ്ഞു

Published

|

Last Updated

ദോഹ: രാജ്യത്തെ മൂന്നു പ്രത്യേക സാമ്പത്തിക മേഖലകളിലായി നിക്ഷേപം 3000 കോടി റിയാല്‍ കവിഞ്ഞതായി എകണോമിക് സോണ്‍സ് കമ്പനിയായ മനാതിഖ് സി ഇ ഒ റാശിദ് അല്‍ കഅബി അറിയിച്ചു. റാസ് അബു ഫന്‍താസ്, ഉം അല്‍ ഹൂല്‍, കരാന എന്നീ സാമ്പത്തിക മേഖലകളിലായാണ് ഈ നിക്ഷേപം.

രാജ്യം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും എകണോമിക് സോണുകളിലും പുറത്തുമായി രാജ്യത്തിന്റെ നിക്ഷേപ വികസന മേഖല വളര്‍ച്ച പ്രാപിക്കുകയാണ്. ഹമദ് പോര്‍ട്ടിനോട് ചേര്‍ന്നാണ് രാജ്യത്തെ വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ വ്യാപാര മേഖലയായ റാസ് അബു ഫന്‍താസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിക്ഷേപം 500 കോടി റിയാലിന്റെതാക്കി ഉയര്‍ത്തും. അടിസ്ഥാന സൗകര്യ വികസനത്തിനായി ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ച് 200 കോടി നിക്ഷേപം ഇതിനകം നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര കമ്പനികളോട് മത്സരിക്കാവുന്ന സൗകര്യവും സേവനവുമാണ് ഇവിടെ ഒരുക്കിയത്. അടുത്ത വര്‍ഷം അവസാനത്തോടെ റാസ് അബു ഫന്‍താസ് സോണ്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ 800 ദശലക്ഷം റിയാലിന്റെ നിക്ഷേപ പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നും റാശിദ് അല്‍ കഅബി അറിയിച്ചു.

രാജ്യവ്യാപാകമായി ഏകജാലക സംവിധാനമുള്ള സ്വതന്ത്ര വ്യവസായ മേഖലകള്‍ സ്ഥാപിക്കുന്നതിനാണ് ശ്രമം നടത്തി വരുന്നത്. നിക്ഷേപകര്‍ക്ക് ലളിതമായ നടപടിക്രമത്തിലൂടെ ഒരു കേന്ദ്രത്തില്‍ നിന്നു തന്നെ എല്ലാ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്ന രീതിയിലാണ് സോണുകള്‍ വികസിപ്പിക്കുന്നത്. ഭൂമി, ഓഫീസുകള്‍, ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലുകള്‍, മറ്റു സൗകര്യങ്ങള്‍ എല്ലാം ലഭ്യമാക്കുന്നു. ഉമ്മുല്‍ ഹൂല്‍ വ്യവസായ മേഖലയും അടുത്ത വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും.
ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാവുന്ന വ്യത്യസ്ത മികവുകളോടെയാണ് സോണ്‍ സ്ഥാപിക്കുന്നത്. അല്‍ കരാന സോണ്‍ നിര്‍മാണ് ഒന്നാം ഘട്ടത്തിലാണ്. ഗള്‍ഫ് റയില്‍വേ ലൈനുമായി ബന്ധിപ്പിച്ചാണ് ഈ വ്യവസയാ മേഖല രൂപകല്പന ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതര ജി സി സി രാജ്യങ്ങളുമായികൂടി ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഇപ്പോള്‍ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മേഖലയെ മറ്റു പദ്ധതികളുമായി ബന്ധിപ്പിച്ച് പൂര്‍ത്തിയാക്കാനാകുമോ എന്ന് ആലോചിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഉപരോധ വെല്ലുവിളികളെ നേരിടുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണ്. പുതിയ വ്യാപാര, വ്യവസായ മേഖലകള്‍ സ്ഥാപിച്ച് നിക്ഷേപകരെ ആകര്‍ഷിക്കുകയും എല്ലാ സൗകര്യങ്ങളും രാജ്യത്ത് ലഭ്യമാക്കുകയും ചെയ്യുകയാണ് പോംവഴിയെന്ന് മനസ്സിലാക്കുന്നു. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തമായ വ്യാപാര വ്യവസായ അവസരം എന്നതാണ് ലക്ഷ്യം. അഞ്ചു വര്‍ഷത്തിനകം മൂന്നു വ്യവസമായ മേഖലകളുടെ പൂര്‍ത്തീകരണമാണ് മനാതിഖിന്റെ മുന്‍ഗണനയെന്നും അദ്ദേഹം വിശദീകരിച്ചു.