മതസ്പര്‍ധ പടര്‍ത്തുന്ന വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

Posted on: July 12, 2017 5:04 pm | Last updated: July 12, 2017 at 7:21 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് തരുണ്‍ സെന്‍ഗുപ്ത അറസ്റ്റില്‍. മതസ്പര്‍ധ പടര്‍ത്തുന്ന വ്യാജ ചിത്രങ്ങളും,വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ബിജെപി ഐടി സെക്രട്ടറി തരുണ്‍ സെന്‍ഗുപ്തയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ആണ് ഇയാളെ പിടികൂടിയത്. കലാപവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. തരുണിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് പശ്ചിമബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി സത്യനാഥന്‍ ബസു ആവശ്യപ്പെട്ടു.

നേരത്തെ ഇത്തരം വ്യാജ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്യരുതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം, ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങള്‍ ബംഗാളിലേതെന്ന രീതിയില്‍ പ്രചരിപ്പിച്ച ബിജെപി വക്താവ് നൂപുര്‍ ശര്‍മക്കെതിരെയും സിനിമയിലെ ദൃശ്യങ്ങള്‍ കലാപത്തിന്റെതെന്ന തരത്തില്‍ പ്രചരിപ്പിച്ച മറ്റൊരാള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.