പിന്‍മാറാന്‍ ഒരുക്കമല്ല; ജിയോ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു

Posted on: July 11, 2017 10:31 pm | Last updated: July 12, 2017 at 11:04 am

ഓഫറുകള്‍ നിലനിര്‍ത്തികൊണ്ട് പുതുക്കിയ നിരക്കുകള്‍ ജിയോ പ്രഖ്യാപിച്ചു. 19 രൂപ മുതല്‍ 9999 രൂപയുടെ പ്ലാന്‍ വരെയാണ് ജിയോ പ്രഖ്യാപിച്ച പുതിയ നിരക്കില്‍ ഉള്‍പെട്ടിരിക്കുന്നത്. 19 രൂപയുടെ പാക്കേജില്‍ ഒരു ദിവസത്തേക്ക് പരിധിയില്ലാ വോയ്‌സ് കോളുകള്‍ ലഭിക്കും. ഇതില്‍ കേവലം 200 എംബി മാത്രമാണ് ഡേറ്റ ലഭിക്കുക. ഇതിനു പുറമെ 49, 96, 149 പാക്കുകളും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെയുള്ള 309 രൂപ പ്ലാന്‍ ഇത്തവണയും നിലനിര്‍ത്തി. അതേസമയം അതിന്റെ കാലവധി 28 ദിവസത്തില്‍ നിന്ന് 56 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. ദിവസം ഒരു ജിബി ഡേറ്റാ ലഭിക്കും. ഒരു ജീബി കഴിഞ്ഞാലും നിയന്ത്രിത വേഗതയില്‍ പരിധിയില്ലാതെ ഡേറ്റാ ഉപയോഗം സാധ്യമാണ്.

പുതുക്കിയ പട്ടികയില്‍ 399, 509 പ്ലാനും ഉണ്ട്. 399 പ്ലാനിന്റെ കാലാവധി 84 ദിവസമായി നീട്ടി. 84 ദിവസം അതിവേഗം ഒരു ജിബി നിരക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റയും ഇനി ഉപയോഗിക്കാം. പുതുക്കിയ താരിഫ് പ്ലാനുകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതും ഇതുതന്നെയാണ്. 509 പ്ലാനില്‍ ദിവസം 2ജിബി 4ജി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. കാലാവധി 28 ദിവസത്തില്‍ നിന്ന് 56 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്.

നിലവിലുള്ള 349 രൂപയുടെ പ്ലാനിന്റെ കാലാവധിയും 28 ല്‍ നിന്ന് 56 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ദിവസത്തേക്ക് 20 ജിബി അതിവേഗ ഡേറ്റാ ഉപയോഗമെ സാധ്യമാകു. അതേസമയം ഇതിന് ശേഷം കുറഞ്ഞ വേഗതയില്‍ പരിധിയില്ലാതെ ഡേറ്റാ ഉപയോഗിക്കാം. പുതുക്കിയ പ്ലാനുകള്‍ ജൂലൈ 11 മുതല്‍ ഉപയോഗിക്കാന്‍ സാധിക്കും. പുതിയ പ്ലാനുകളിലെല്ലാം വോയിസ് കോളുകള്‍ സൗജന്യമാണ്. മറ്റുള്ളവരേക്കാള്‍ 20 ശതമാനം കുറഞ്ഞ നിരക്കിലാണ് ഡേറ്റാ നല്‍കുന്നതെന്ന് ജിയോ അവകാശപ്പെടുന്നു. എവരി ഡേ മോര്‍ വാല്യു(ഇഡിഎംവി) എന്നപേരില്‍ പുതിയ പ്ലാനായാണ് താരിഫുകള്‍ ജിയോ അവതരിപ്പിച്ചിരിക്കുന്നത്.