കൊച്ചിയില്‍ ബ്രസീല്‍: താരോദയം കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍

Posted on: July 11, 2017 10:22 am | Last updated: July 11, 2017 at 10:17 am
SHARE
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം

കൊച്ചി: അണ്ടര്‍17 ലോകകപ്പ് മത്സരത്തിനായി ഫുട്‌ബോള്‍ രാജക്കാന്മാരായ ബ്രസീല്‍ കൊച്ചിയിലേക്ക് വരുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ സോക്കര്‍ഫാന്‍സ്. ഇതോടെ മന്ദഗതിയിലായിരുന്ന ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകകപ്പിലെ ഗ്ലാമര്‍ ടീമുകളായ ബ്രസീലും സ്‌പെയിനും ജര്‍മനിയും കൊച്ചിയുടെ കളിമുറ്റത്ത് പന്തുതട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

റൊണാള്‍ഡീഞ്ഞോ, നുവാന്‍ കാനു, നെയ്മര്‍, മരിയോ ഗേഡ്‌സെ, ടോണി ക്രൂസ്, സെസ് ഫാബ്രിക്കാസ്, അല്‍വാരോ മൊറാട്ട, ഡേവിഡ് സില്‍വ തുടങ്ങി ഫുട്‌ബോളിലെ ഒരു ഡസനിലധികം സൂപ്പര്‍ താരങ്ങള്‍ അണ്ടര്‍ 17 ലോകകപ്പില്‍ പന്തുതട്ടി വരവറിയിച്ചരാണ്. അതുകാണ്ടുതന്നെ ബ്രസീലിന്റെയും സ്‌പെയിനിന്റെയും ജര്‍മനിയുടെയും പുതിയ താരോദയങ്ങളുടെ പിറവികാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോക ഫുട്‌ബോളില്‍ എന്നത്തെയും ഇഷ്ട ടീമുകളിലൊന്നാണ് ബ്രസീല്‍. അര്‍ജന്റീനക്കൊപ്പം കേരളത്തിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം മഞ്ഞപ്പട തന്നെ. അര്‍ജന്റീന യോഗ്യത നേടാതെ പോയ ലോകകപ്പില്‍ ബ്രസീല്‍ കൊച്ചിയില്‍ എത്തുന്നു എന്നതുതന്നെ കളിക്കാരെ ആവേശത്തിലാക്കുന്നു. അഞ്ച് തവണ കപ്പ് നേടിയ നൈജീരിയ കഴിഞ്ഞാല്‍ അണ്ടര്‍ 17 ലോകകപ്പ് കൂടുതല്‍ തവണ ഉയര്‍ത്തിയത് ബ്രസീലാണ്. 1997, 1999, 2003 ലോകകപ്പുകളാണ് ബ്രസീലിന്റെ കൗമാരതാരങ്ങള്‍ ലാറ്റിനമേരിക്കയിലേക്ക് കൊണ്ടുപോയത്.

1995, 2005 ലോകകപ്പുകളില്‍ ഫൈനലില്‍ എത്താനും ബ്രസീലിനായി. ഒരു തവണ ടീം മൂന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. അതേസമയം, ലോക ഫുട്‌ബോളില്‍ ശക്തരാണങ്കിലും ജര്‍മനിക്ക് ഒരിക്കല്‍ പോലും കൗമാരകിരീടം നാട്ടിലേക്കെത്തിക്കാനായിട്ടില്ല. 1985 ലെ രണ്ടാം സ്ഥാനവും 2007ലും 2011ലും മൂന്നാം സ്ഥാനവുമാണ് ജര്‍മനിയുടെ നേട്ടങ്ങള്‍. 1991, 2003, 2007 ലോകകപ്പുകളില്‍ ഫൈനലില്‍ എത്തിയിട്ടുള്ള സ്‌പെയിനിന് ഒരിക്കല്‍ പോലും കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞില്ലങ്കിലും എന്നും മികച്ച ടീമിനെയാണ് അണിനിരത്തിയിട്ടുള്ളത്. 1997, 2009 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനം നേടാനും സ്‌പെയിനിനായി.

ബ്രസീല്‍ ചാമ്പ്യന്മാരായ 1997ലാണ് റൊണാള്‍ഡീഞ്ഞോ ലോകകപ്പില്‍ കളിച്ചത്. രണ്ട് ഗോളുകളാണ് അന്ന് താരം നേടിയത്. 2009 ല്‍ ബ്രസീലിനായി ഇറങ്ങിയ നെയ്മര്‍ ഒരു ഗോള്‍ നേടിയിട്ടുണ്ട്. ഇതേ ലോകകപ്പില്‍ മൂന്ന് ഗോളുമായി ജര്‍മനിയുടെ ഭാവിതാരമെന്ന് വിലയിരുത്തപ്പെടുന്ന മരിയോ ഗോഡസെ തന്റെ മികവ് തെളിയിച്ചു. 2003 ലോകകപ്പ് കളച്ച സ്‌പെയിനിന്റെ സെസ് ഫാബ്രിഗാസ് അഞ്ച് ഗോളുമായി ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ഷൂ പുരസ്‌കാരങ്ങളും നേടി. സമകാലിക ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരളായ ജര്‍മനിയുടെ ടോണിക്രൂസിനാണ് 2007ലെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം.

 

LEAVE A REPLY

Please enter your comment!
Please enter your name here