ഹാദിയ: ജുഡീഷ്യല്‍ പിശകിന്റെ ഇര

മെയ് 26 മുതല്‍ ഹാദിയ സ്വന്തം വിവാഹവുമായി ബന്ധപ്പെട്ട കോടതിവിധിയുടെ പേരില്‍ ഈ ദുരിതപര്‍വങ്ങള്‍ താണ്ടുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായി തടവുശിക്ഷക്ക് സമാനമായ അവസ്ഥയിലാണ് അവള്‍ ജീവിക്കുന്നത്. വിവാഹം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ശരിയും ശാസ്ത്രീയവുമായ നിയമസമീപനമായിരുന്നില്ല എന്നതാണ് ഇന്ന് ഹാദിയ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കാരണം. വിദ്യാസമ്പന്നയും പ്രായപൂര്‍ത്തിയായവളുമായ പെണ്‍കുട്ടിയെ ഇഷ്ടമുള്ളത് പോലെ ജീവിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാനും കോടതി അനുവദിച്ചില്ല എന്നതും അവളുടെ ദുരിതങ്ങള്‍ക്ക് കാരണമാണ്. വിവാഹം നിയമപരമല്ലെന്ന കോടതിയുടെ ബോധ്യത്തെ വാദത്തിനുവേണ്ടി അംഗീകരിച്ചാലും, സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ സാവകാശം നല്‍കണമായിരുന്നു. അതുണ്ടായില്ല, മാത്രമല്ല അക്കാലയളവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതും കോടതിക്ക് പരിഗണിക്കാമായിരുന്നു.
Posted on: July 11, 2017 8:19 am | Last updated: July 10, 2017 at 11:26 pm

Judges must beware of hard contsructions and strained inferences, for there is no worse torture than that of laws.
Francis Bacon

പൗരന്റെ ജീവനും സ്വാസ്ഥ്യ ജീവിതത്തിനും സ്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും അത്രമേല്‍ മൂല്യം കല്‍പ്പിക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മഹത്തരമായ ജുഡീഷ്യറികളില്‍ ഒന്നും നമ്മുടെ രാജ്യത്തിന് സ്വന്തമാണ്. എന്നിരിക്കിലും പലപ്പോഴും പല ജുഡീഷ്യല്‍ തീരുമാനങ്ങളും മനുഷ്യരുടെ പൗരാവകാശങ്ങളുടെയും സ്വാസ്ഥ്യ ജീവിതത്തിന്റേയും ലംഘനത്തിന്റെ കഥകള്‍ കൂടി പറയുന്നവയാണ്.

കേരള ഹൈക്കോടതി, ഒട്ടും ജുഡീഷ്യല്‍ മനസ്സ് ഉപയോഗിക്കാതെ, പ്രായപൂര്‍ത്തിയായ പൗരന്മാരുടെ വിവാഹവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളോ ഇസ്‌ലാമിക വിവാഹ നിയമങ്ങളോ പരിഗണിക്കാതെ ഒരു സദാചാര പോലീസ് നിലവാരത്തിലേക്ക് താഴ്ന്നുകൊണ്ട് വിധി പറഞ്ഞ കേസായിരുന്നു ഹാദിയ എന്ന അഖിലയുടെ വിവാഹം റദ്ദ് ചെയ്ത സംഭവം. ആ സമയത്ത് ഈ ലേഖകന്‍ എഴുതിയത് ഇപ്രകാരമായിരുന്നു: ‘പ്രായപൂര്‍ത്തിയുള്ള, മെഡിക്കല്‍ ബിരുദധാരിണിയായ ഒരു പെണ്‍കുട്ടി വളരെ കൃത്യമായ ആലോചനകള്‍ക്ക് ശേഷം മതം മാറുന്നത് അവളുടെ ഭരണഘടനാവകാശമാണ്്. അമുസ്‌ലിംകളായ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ തിരിച്ചയക്കുമ്പോള്‍ മതത്തില്‍ വിശ്വസിക്കാനും മാതാചാരങ്ങള്‍ നടത്താനും ആരാധന ചെയ്യാനുമുള്ള ആര്‍ട്ടിക്കിള്‍ 21 അനുസരിച്ചുള്ള സ്വാതന്ത്ര്യം യുവതിക്ക് ലഭ്യമാകുമോ എന്നത് സംശയകരമാണ്. ജുഡീഷ്യല്‍ മനസ്സിന്റെ ആഴത്തിലുള്ള ഒരു വിവേചനം ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നതും സംശയിക്കണം. മക്കളുടെ വിവാഹം, മതംമാറ്റം എന്നിവയെ ചൊല്ലി ദുരഭിമാന കൊലകള്‍ പോലും വ്യാപകമായ ഒരു രാജ്യത്ത്, മകള്‍ മാതാപിതാക്കള്‍ക്കൊപ്പം സ്വാതന്ത്ര്യവും മനസ്സമാധാനവും സുരക്ഷിതത്വവും ഉള്ളവളായി ജീവിക്കുമെന്നത് കോടതിയുടെ ആത്മവിശ്വാസം മാത്രമാണ്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ആ യുവതിക്ക് ലഭിക്കേണ്ട ഭരണഘടനാവകാശങ്ങളുടെ ലംഘനം തന്നെയാണ് വിധിയുടെ ആത്യന്തികമായ ഫലം. കോടതി ഒരുപക്ഷേ അതൊന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍പ്പോലും. ആ നിലയില്‍ ആവശ്യത്തിന് അവധാനതയോടെയാണ് കോടതി ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്ന് കരുതാനാകില്ല’
എന്തായാലും ഈ ആശങ്കകള്‍ അക്ഷരാര്‍ഥത്തില്‍ സത്യമായിരുന്നു. ജയിലിനു സമാനമായ, പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന അസ്വാതന്ത്ര്യത്തിന്റെ തടവറയില്‍ ഹാദിയ എന്ന പെണ്‍കുട്ടി വിവരണാതീതമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിക്കുകയാണ് എന്ന് മാധ്യമങ്ങളും കാവല്‍ നില്‍ക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു.
ഹാദിയയുടെയും കൊല്ലം സ്വദേശിയായ ഷഫീന്റെയും വിവാഹം മെയ് 24നാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. പെണ്‍കുട്ടിയുടെ വിവാഹത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്ന നിയമപരവും മതപരവുമായ തെറ്റായ കോടതി വിധിയും ഹാദിയ അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനവും ചര്‍ച്ചകള്‍ക്കു വഴവെച്ചിരുന്നു. എന്നാല്‍ ഹാദിയയുടെ രക്ഷിതാവായിരിക്കാന്‍ ഷഫീന് അധികാരമോ അവകാശമോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിയെ പോലീസ് സംരക്ഷണയില്‍ വൈക്കത്തെ വീട്ടിലെത്തിക്കാനും

നിര്‍ദേശം നല്‍കുകയുണ്ടായി.
നിയമം ആരോഗ്യപരവും സമാധാനപൂര്‍ണവുമായ വ്യക്തി സാമൂഹിക ജീവിതമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഹാദിയയുടെ കാര്യത്തില്‍ ഇതിന്റെയെല്ലാം വിപരീതമാണ് സംഭവിച്ചിരിക്കുന്നത്. ഹാദിയക്കു കാവല്‍ നില്‍ക്കുന്ന പോലീസുകാരില്‍ ഒരാള്‍ ഒരു മാധ്യമത്തോട് പറഞ്ഞതിങ്ങനെ: ‘മുമ്പ് വീട്ടുകാരോട് നിസ്സഹകരണമായിരുന്നെങ്കിലും കൂട്ട് നില്‍ക്കുന്ന പോലീസുകാരോട് മാന്യമായാണ് ഹാദിയ ഇടപെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര് എന്ത് ചോദിച്ചാലും മിണ്ടില്ല. ഖുര്‍ആന്‍ മാത്രം വായിച്ച് മുറിയില്‍ ഇരിക്കും. ചിലപ്പോള്‍ എന്തെങ്കിലും ചോദിച്ചാല്‍ കടുത്ത ദേഷ്യത്തോടെയുള്ള മറുപടികളാണ് വരിക. അമ്മയോടും അച്ഛനോടും വളരെ മോശം വാക്കുകളാണ് ഉപയോഗിക്കുന്നത്. പോലീസുകാരെപ്പോലും ‘എടാ, പോടീ’ എന്നൊക്കെയാണ് വിളിക്കുന്നത്. ഒന്നരമാസമായി ഇത്രയും പോലീസുകാരുടെ സംരക്ഷണയില്‍ ഒരു മുറിക്കുള്ളില്‍ കഴിയേണ്ടിവരുന്ന അവസ്ഥ അവര്‍ക്ക് വലിയ തോതില്‍ മാനസികാഘാതമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാവുന്നത്’. അരക്ഷിതവും വിഹ്വലവുമായ ഒരു ജീവിതം, ഒരൊറ്റ മുറിയില്‍ പോലീസുകാരുടെ സാന്നിധ്യത്തില്‍ നയിക്കേണ്ടി വരുന്ന വിദ്യാസമ്പന്നയും സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടായിരുന്നവളുമായ ഒരു പെണ്‍കുട്ടിയുടെ മാനസികാരോഗ്യം കൈവിട്ടുപോകുന്ന സാഹചര്യങ്ങളാണ് ദൃക്‌സാക്ഷി പോലീസുകാരന്റെ വാക്കുകളില്‍ നിന്ന് പ്രജ്ഞ നശിക്കാത്തവര്‍ക്കു മനസ്സിലാകുന്നത്.

തീര്‍ച്ചയായും ഈ ദൗര്‍ഭാഗ്യകരമായ ദുരിതങ്ങള്‍ക്കെല്ലാം കാരണം ജുഡീഷ്യറിയുടെ അക്ഷന്തവ്യമായ പിഴവാണ്. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കുന്നതും ഇന്ത്യന്‍ പൗരന്റെ ഭരണഘടനാവകാശമാണ്. ഇന്ത്യന്‍ ഭരണഘടന വിവാഹത്തെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ് The right to marry is a component of right to life under art 21 of Constitution of India which says, “No person shall be deprived of his life and personal libetry except according to procedure established by law”. in the context of right to marry, a mention may be made of a few Indian cases. Person who suffering from venereal disease,even prior to the marriage cannot be said to have any right to marry so long as he is not fully cured of disease. .
അതേസമയം, ഇസ്‌ലാമിക നിയമങ്ങളിലെ വിവാഹത്തെ ഇന്ത്യന്‍ നിയമസംഹിത വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്:  Quran states “every person must marry”. Quran asserts that marriage is the only way to satisfy one’s desire. Marriage (nikhah) is defined to be a contract which has for its object the procreation and the legalizing of children.
ഇതെല്ലാം പോട്ടെ, നിശ്ചിത കാലയളവിനു മുകളിലുള്ള ഒരുമിച്ചുതാമസം പോലും (Living Together) വിവാഹമായി കണക്കാക്കണം എന്നതാണ് സുപ്രീം കോടതി നിരവധി വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ഇത്തരം ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള കുട്ടികളുടെ അവകാശങ്ങള്‍, ഇക്കൂട്ടരുടെ സ്വത്തവകാശം, വിവാഹമോചനം, ജീവിതച്ചെലവിനുള്ള അവകാശം തുടങ്ങി നിയമപരമായ ദാമ്പത്യത്തില്‍ ഉള്ള സകല നിയമപരമായ കാര്യങ്ങളും ഘശ്ശിഴ ഠീഴലവേലൃ ഇണകള്‍ക്കു കൂടി ബാധകമാണ്. ചുരുക്കത്തില്‍, നിയമപരമായല്ലാതെ നടന്നുവെന്ന് കോടതി പറഞ്ഞ വിവാഹം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ശരിയും ശാസ്ത്രീയവുമായ നിയമസമീപനമായിരുന്നില്ല എന്നതാണ് ഇന്ന് ഹാദിയ അനുഭവിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കാരണം. മാത്രമല്ല, വിദ്യാസമ്പന്നയും പ്രായപൂര്‍ത്തിയായവളുമായ പെണ്‍കുട്ടിയെ ഇഷ്ടമുള്ളത് പോലെ ജീവിക്കുവാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ട്ടമുള്ള പുരുഷനെ വിവാഹം കഴിക്കാനും കോടതി അനുവദിച്ചില്ല എന്നതും അവളുടെ ദുരിതങ്ങള്‍ക്ക് കാരണമാണ്. നടന്ന വിവാഹം നിയമപരമല്ലെന്ന കോടതിയുടെ ബോധ്യത്തെ വാദത്തിനുവേണ്ടി അംഗീകരിച്ചാലും, സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ സാവകാശം നല്‍കണമായിരുന്നു. അതുണ്ടായില്ല, എന്ന് മാത്രമല്ല അക്കാലയളവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതും കോടതിക്ക് പരിഗണിക്കാമായിരുന്നു. സമ്മതമില്ലാതെ മാതാപിതാക്കള്‍ക്കൊപ്പമയക്കാന്‍ അഖില എല്‍ കെ ജി വിദ്യാര്‍ഥിനി ആയിരുന്നില്ല എന്നതിന്റെ ദുരിതഫലങ്ങളാണ് ഇന്ന് ആ പെണ്‍കുട്ടി അനുഭവിക്കുന്നത്. ഇത് നിയമ സംവിധാനത്തില്‍ നിയമം വ്യാഖ്യാനിക്കുന്ന ജുഡീഷ്യറിക്ക് ഒരിക്കലും സംഭാവിക്കാനരുതാത്ത കടുത്ത പിഴവാണ്. ആ പിഴവുകളുടെ ഭവിഷ്യത്തുകള്‍ക്ക് ബലിനല്‍കപ്പെടേണ്ടി വരുന്നത് ഹാദിയയെപ്പോലുള്ള നിര്‍ഭാഗ്യ ജന്മങ്ങളാണ് എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ഇന്നിപ്പോള്‍, ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായി തടവുശിക്ഷക്ക് സമാനമായ അവസ്ഥയിലാണ് ജീവിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയില്‍, വീടിനടുത്തു നിലയുറപ്പിച്ചിരിക്കുന്ന പൊലീസിന്റെ ഇടിവണ്ടികള്‍ക്കിടയില്‍, വഴിയെമ്പാടും നിറഞ്ഞ നിരീക്ഷണ ക്യാമറകള്‍ക്കിടയില്‍ സ്വകാര്യതയും സൈ്വര്യവും നഷ്ട്ടപ്പെട്ട് ജീവിക്കാന്‍ ഈ പെണ്‍കുട്ടി ഏതെങ്കിലും അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളി കുറ്റവാളിയാണോ? ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്തു ജീവിക്കുന്നത് ഈ രാജ്യത്ത് നിലവിലുള്ള ഭരണഘടനാവകാശമാണ് എന്നിരിക്കെ, നീതിയുടെ പേരിലുള്ള ക്രൂരമായ അസംബന്ധങ്ങളാണ്  നടന്നുകൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഹൈക്കോടതി ഒരുപക്ഷേ ഇത്തരം ദുരിതമയമായ ഭവിഷ്യത്തുകള്‍ ഉദ്ദേശിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടുണ്ടാവില്ല എന്നത് സത്യം. പക്ഷേ, നിയമവ്യാഖ്യാനങ്ങളുടെ അന്തിമ ഫലം പൗരന്റെയും സമൂഹത്തിന്റെയും ജീവിതത്തില്‍ എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുക എന്നതില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഈ സംഭവം വിരല്‍ചൂണ്ടുന്നു.
കോട്ടയം എസ് പിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ എസ് പിമാരുടെ നിയന്ത്രണത്തിലുള്ള വലിയ പോലീസ് സുരക്ഷയിലാണ് ഹാദിയ കഴിയുന്നത്. എസ് ഐയുടെ നേതൃത്വത്തില്‍ രണ്ടു വനിതകളുള്‍പ്പെടെ 27 പൊലീസുകാരാണ് ഹാദിയയുടെ വീട്ടില്‍ സുരക്ഷക്കുള്ളത്. ഇതില്‍ 10 പേര്‍ കോട്ടയം എ ആര്‍ ക്യാംപില്‍ നിന്നുള്ളവരാണ്. രണ്ട് വനിതാ പൊലീസുകാര്‍ വീട്ടിനകത്തുള്ള സുരക്ഷക്കായാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. വീട്ടുകാരുമായും ഹാദിയയുമായും സംസാരിക്കാന്‍ പുറത്തുനിന്നുള്ള ആര്‍ക്കും അനുവാദമില്ല. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഹാദിയയെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും പോലീസ് വിലക്കിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുന്നു. ഇക്കഴിഞ്ഞ മെയ് 26 മുതല്‍ പെണ്‍കുട്ടി സ്വന്തം വിവാഹവുമായി ബന്ധപ്പെട്ട ഒരു കോടതിവിധിയുടെ പേരില്‍ ഈ ദുരിതപര്‍വങ്ങള്‍ താണ്ടുകയാണ്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാവാതെ, പോലീസ് അകമ്പടിയോടെയുള്ള ജീവിതം ഹാദിയയെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കുന്നതായാണ് മനസ്സിലാകുന്നത്. ചുരുക്കത്തില്‍ മാനസികാരോഗ്യനില തകരുന്ന സ്ഥിതിയിലേക്ക് ഒരു പെണ്‍കുട്ടിയെ എത്തിക്കുന്നത് നമ്മുടെ നിയമ സംവിധാനം തന്നെയാണ് എന്നത് ആശ്ചര്യകരമാണ്.
ഇതിനിടെ കഴിഞ്ഞ ദിവസം മേയ് 24ലെ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുന്നത് വരെ പെണ്‍കുട്ടിയും ഭര്‍ത്താവും, ഇപ്പോള്‍ അവളുടെ മാതാപിതാക്കള്‍ പോലും ആശങ്കയും വേദനയുമുള്ള സ്വാസ്ഥ്യം നഷ്ട്ടപ്പെട്ടതുമായ ജീവിതം നയിക്കണമെന്ന് വരുമ്പോള്‍, ഇന്ത്യന്‍ ഭരണഘടനയും പൗരാവകാശങ്ങളും ജുഡീഷ്യറിയുടെ തീരുമാനങ്ങളാല്‍ തന്നെ അതിലംഘിക്കപ്പെടുന്ന കാഴ്ച ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ആ നിലയില്‍ അരുതായ്മകള്‍ മാത്രമാണ് ഈ കേസില്‍ നാളിതുവരെയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ ഉന്നത കോടതികള്‍ മിതത്വവും വിവേകവും യുക്തിയും പുലര്‍ത്തേണ്ടതുണ്ട്. പൗരന്റെ മൗലികാവകാശങ്ങള്‍ കോടതികളുടെ അറിഞ്ഞോ അല്ലാതെയോ ഉള്ള മൗഢ്യനിയമവ്യാഖ്യാനങ്ങളുടെ പേരില്‍ ലംഘിക്കപ്പെടുന്നില്ല എന്നു ഉറപ്പുവരുത്തേണ്ടത് ജുഡീഷ്യറി തന്നെയാണ്. ഭരണഘടനയും പൗരാവകാശങ്ങളും വിഭാവനം ചെയ്യുന്ന പരിഹാരം ഉടനെ ഉണ്ടായില്ലെങ്കില്‍ നമ്മുടേത് പോലുള്ള ആരോഗ്യകരമായ ഒരു സമൂഹത്തില്‍ മാനസികാരോഗ്യം നഷ്ടപ്പെട്ട നിയമത്തിന്റെ തന്നെ ‘ഇരകളായി’ ഹാദിയയും ഭര്‍ത്താവും അവളുടെ മാതാപിതാക്കളും മാറുന്ന കാഴ്ച നാം കാണേണ്ടിവരും.