എം.ടി രമേശ് സെന്‍കുമാറിനെ വീട്ടിലെത്തി കണ്ടു

Posted on: July 10, 2017 4:37 pm | Last updated: July 10, 2017 at 7:14 pm

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സെന്‍കുമാറിന്റെ വീട്ടിലെത്തിയ എംടി രമേശ് ഏതാണ്ട് ഒരു മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. നിലപാട് വ്യക്തമാക്കേണ്ടത് സെന്‍കുമാറാണെന്ന് എംടി രമേശ് പറഞ്ഞു. സെന്‍കുമാറിനെ ക്ഷണിക്കാനല്ല വന്നതെന്നും കേവലം സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും എംടി രമേശ് അവകാശപ്പെട്ടു.

വര്‍ഗീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിവാദത്തിലായ ടിപി സെന്‍കുമാറിനെ പരസ്യമായി പിന്തുണച്ച് ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. സെന്‍കുമാറും ബിജെപിയും പറയുന്നത് ഒരേ നിലപാടുകളാണെന്നായിരുന്നു ഇതുസംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം. സെന്‍കുമാര്‍ പാര്‍ട്ടിയിലെത്തിയാല്‍ പാര്‍ട്ടിക്ക് അത് ഗുണകരമാകുമെന്നും കുമ്മനം പറഞ്ഞിരുന്നു.