Connect with us

Kerala

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: താരങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Published

|

Last Updated

തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളിതാരങ്ങളുടെ ഈ നേട്ടം ആവേശകരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കായിക രംഗത്തെ സമഗ്ര പുരോഗതിക്കും അന്താരാഷ്ട്ര മെഡല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും കേരളം ആരംഭിച്ച ഓപ്പറേഷന്‍ ഒളിമ്പ്യക്ക് ഇവരുടെ നേട്ടങ്ങള്‍ ഒരു പ്രചോദനമാണ്. അന്താരാഷ്ട്ര തലത്തില്‍ മെഡലുകള്‍ നേടിയ മലയാളി അത്‌ലറ്റുകളെ സമുചിതമായി ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

ഏഷ്യന്‍ അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ സമാപിച്ച ചാമ്പ്യന്‍ഷിപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പില്‍ പന്ത്രണ്ട് സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ ഇരുപത്തിയൊമ്പത് മെഡലുകളാണ് രാജ്യം നേടിയത്.

വനിതകളുടെ 1500 മീറ്ററില്‍ പി. യു. ചിത്രയും പുരുഷന്‍മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും സ്വര്‍ണം നേടിയിരുന്നു, വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ മലയാളി താരം ജിസ്‌ന മാത്യുവും ഉണ്ടായിരുന്നു. വി നീന, നയന ജയിംസ്, ജിന്‍സണ്‍ ജോണ്‍സണ്‍, ടി ഗോപി തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളിതാരങ്ങളുടെ ഈ നേട്ടം ആവേശകരമാണ്.

കായിക രംഗത്തെ സമഗ്ര പുരോഗതിക്കും അന്താരാഷ്ട്ര മെഡല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും കേരളം ആരംഭിച്ച ഓപ്പറേഷന്‍ ഒളിംപ്യക്ക് ഇവരുടെ നേട്ടങ്ങള്‍ ഒരു പ്രചോദനമാണ്. അന്താരാഷ്ട്ര തലത്തില്‍ മെഡലുകള്‍ നേടിയ മലയാളി അത് ലറ്റുകളെ സമുചിതമായി ആദരിക്കും.അടുത്ത മാസം ലണ്ടനില്‍ നടക്കാന്‍ പോകുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ച എല്ലാ മെഡല്‍ ജേതാക്കള്‍ക്കും വിജയാശംസകള്‍ നേരുന്നു.

Latest