Connect with us

National

ആള്‍കൂട്ട ആക്രമണങ്ങളുടെ കണക്കെടുക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍കൂട്ടങ്ങളുടെ ആക്രണത്തിന് വിധേയമാകുന്നവരുടെ കണക്കെടുക്കാന്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ തയ്യാറെടുക്കുന്നു. ഓരോ വര്‍ഷവും വിവിധ തരത്തിലുള്ള മര്‍ദനങ്ങള്‍ക്ക് ഇരയാകുന്നവരുടെ കണക്കെടുക്കുന്നതാണ് പദ്ധതി. വിവരങ്ങള്‍ ശേഖരിച്ചതിനുശേഷം മര്‍ദനങ്ങള്‍ക്കുള്ള കാരണം പരിശോധിക്കുകയും അവ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യും. മര്‍ദനങ്ങളുടെ കണക്കെടുക്കുമെന്ന വാര്‍ത്തകളെ എന്‍സിആര്‍ ബി ഡയറക്ടര്‍ ഐഷ് കുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. പദ്ധതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, പദ്ധതിയുടെ ആദ്യ ഘട്ടത്തിലാണ് ഇപ്പോഴെന്നും നിലവില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മോഷണം, പിടിച്ചുപറി, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പശു സംരക്ഷണം തുടങ്ങിയവയുടെ പേരില്‍ രാജ്യത്ത് വ്യാപകമായ രീതിയില്‍ മര്‍ദനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. പ്രത്യേക സോഫറ്റ് വെയര്‍ വഴി അപ്‌ലോഡ് ചെയ്ത് കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്ത് പശുവിന്റെ പേരില്‍ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് നിരവധി പേര്‍ മരിച്ച സംഭവങ്ങളാണ് അടുത്ത കാലത്തായി ഉണ്ടായത്. എന്നാല്‍, മുന്‍ സര്‍ക്കാറിന്റെ കാലത്താണ് മര്‍ദനങ്ങള്‍ കൂടുതല്‍ നടന്നത് എന്നാണ് ബി ജെ പിയുടെ നിലപാട്. ഈ രണ്ടു കാര്യങ്ങളും തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളോ കണക്കുകളോ നിലവില്‍ ഇല്ല. ഇത്തരത്തിലുള്ള ഒരു നീക്കത്തിനു കൂടിയാണ് ആള്‍കൂട്ട ആക്രമണങ്ങള്‍ അടക്കമുള്ളവയുടെ കണക്കെടുക്കാന്‍ ക്രൈം ബ്യൂറോ തയ്യാറാകുന്നത്.
എന്നാല്‍ മര്‍ദനങ്ങളുടെ കണക്ക് ശാസ്ത്രീയമായി ശേഖരിക്കുകയാണെങ്കില്‍ എന്തിന്റെ പേരിലാണു രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന് തിരിച്ചറിയാന്‍ സഹായകരമാകുമെന്നാണ് ക്രൈം ബ്യൂറോ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിയമം നിര്‍മിക്കുന്നവര്‍ക്ക് ഇവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാമെന്ന് എന്‍ സി ആര്‍ ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest