പി കൃഷ്ണദാസും കെ സുധാകരനും തമ്മിലെന്ത്?

രാഷ്ട്രീയത്തിലെ ഉന്നത നേതാക്കള്‍ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മുതലാളിമാരുമായി വെച്ചുപുലര്‍ത്തുന്ന ബന്ധം അങ്ങാടിപ്പാട്ടാണ്. ജിഷ്ണു കേസ് അട്ടിമറിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ബന്ധമാണെന്ന് പൊതു സമൂഹം വിശ്വസിക്കുന്നുമുണ്ട്. അതിന് കൂടുതല്‍ ബലമേകാന്‍ കെ സുധാകരന്റെ പുതിയ നീക്കങ്ങള്‍ കാരണമായി. കൊലപാതക കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മാനേജ്‌മെന്റിനെ രക്ഷിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവ് രംഗത്തു വന്നാല്‍ അത് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നത് സ്വാഭാവികം.
Posted on: July 8, 2017 7:49 am | Last updated: July 7, 2017 at 11:27 pm

നെഹ്‌റു ഗ്രൂപ്പിന്റെ ലക്കിടി – ലോ കോളജിലെ ഷഹീര്‍ ഷൗക്കത്തലി എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ച വിഷയത്തിലുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രംഗത്ത് വന്നത് ഒരേ സമയം ആശ്ചര്യവും ഞെട്ടലുമുണ്ടാക്കി രാഷ്ട്രീയ കേരളത്തില്‍. ആ കേസ് പിന്‍വലിപ്പിക്കാന്‍ വിദ്യാര്‍ഥിയുടെ കുടുംബത്തെ സ്വാധീനിക്കാനായി മാനേജ്‌മെന്റ് നടത്തിവന്ന ആസൂത്രിത പരിശ്രമങ്ങളുടെ പരിസമാപ്തിയിലാണ് കെ. സുധാകരന്‍ ഒരു വില്ലന്റെ റോളില്‍ കടന്നു വന്നത്. നെഹ്‌റു കോളജിലെ പീഡനങ്ങളും കൃഷ്ണദാസിന്റെ അറസ്റ്റുമെല്ലാം ജിഷ്ണു പ്രണോയിയുടെ മരണവുമായി അഭേദ്യമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇടപെടലിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.
ജിഷ്ണു കേസിലല്ല താന്‍ ഇടപ്പെട്ടതെന്നും ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് ഒത്തു തീര്‍പ്പിന് ശ്രമിച്ചതെന്നുമാണ് കെ സുധാകരന്റെ വാദം. വാദത്തിനു വേണ്ടി അതു സമ്മതിച്ചാലും, എന്തിനായിരുന്നു ആ കേസ് ഒത്തുതീര്‍പ്പാക്കി കൊടുക്കാന്‍ ഇടനിലക്കാരന്റെ റോളില്‍ സുധാകരന്‍ വന്നതെന്ന ചോദ്യമുണ്ടല്ലോ. ആരുടെ താത്പര്യ പ്രകാരം? ഷൗക്കത്തലി ഒരു പ്രമുഖ മുസ്‌ലിം ലീഗ് നേതാവിന്റെ പേരക്കുട്ടിയാണ്. ആ രാഷ്ട്രീയ ബന്ധമുപയോഗിച്ച് വേണമെങ്കില്‍ അവര്‍ക്ക് ആ കേസ് എഴുതിത്തള്ളിക്കാന്‍ കഴിയുമായിരുന്നല്ലോ? കൃഷ്ണദാസിനും മറ്റ് പ്രതികള്‍ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ പോലീസ് രേഖപ്പെടുത്തിയ കേസാണ് ഷൗക്കത്തലിയുടേത്. അത് പിന്‍വലിച്ചാല്‍ മാനേജ്‌മെന്റിനെതിരായി ജിഷ്ണു സംഭവത്തില്‍ നടക്കുന്ന കേസിനെയും ദുര്‍ബലമാക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്?
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കെ സുധാകരന്റെ രഹസ്യ നീക്കത്തെ തള്ളിപ്പറഞ്ഞു. അവര്‍ക്കു മുന്നില്‍ മറ്റ് വഴികളില്ലാത്തതുകൊണ്ടാകാം അത്. രാഷ്ട്രീയത്തിലെ ഉന്നത നേതാക്കള്‍ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ മുതലാളിമാരുമായി വെച്ചുപുലര്‍ത്തുന്ന ബന്ധം അങ്ങാടിപ്പാട്ടാണ്. ഇടതു-വലതു- ബി ജെ പി വ്യത്യാസങ്ങളില്ലാതെ എല്ലാ കൂട്ടരുമായി കൃഷ്ണ ദാസും സംഘവും രഹസ്യവും പരസ്യവുമായ ബന്ധം പുലര്‍ത്തുന്നുണ്ട് എന്ന ആരോപണം ശക്തവുമാണ്. ജിഷ്ണു കേസ് അട്ടിമറിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ബന്ധമാണെന്ന് പൊതു സമൂഹം വിശ്വസിക്കുന്നുമുണ്ട്. അതിന് കൂടുതല്‍ ബലമേകാന്‍ കെ സുധാകരന്റെ പുതിയ നീക്കങ്ങള്‍ കാരണമായി. കൊലപാതക കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മാനേജ്‌മെന്റിനെ രക്ഷിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവ് രംഗത്തു വന്നാല്‍ അത് തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നത് സ്വാഭാവികം. ജിഷ്ണു കേസ് പ്രത്യേകിച്ചും കേരള സമൂഹ മനഃസാക്ഷിയെ ആകുലപ്പെടുത്തുന്നുണ്ട് എന്ന കാര്യം പരിഗണിക്കുമ്പോള്‍.
ജിഷ്ണു കേസിലും നേതാക്കന്മാര്‍ രഹസ്യമായി കൃഷ്ണദാസിനെയും സംഘത്തെയും പല വിധത്തില്‍ സഹായിക്കുന്നുണ്ട്. തെളിവുകള്‍ തേയ്ച്ചുമായ്ച്ചു കളയാന്‍ പഴയന്നൂര്‍ പോലീസിനെ പ്രേരിപ്പിച്ചത് അവിശുദ്ധ രാഷ്ട്രീയ ബന്ധങ്ങളാണ്.
മുന്‍മന്ത്രി കെ പി വിശ്വനാഥന്റെ മകന്‍ സഞ്ജിത്ത് വിശ്വനാഥന്‍ ജിഷ്ണു കേസില്‍ സംശയ ലിസ്റ്റില്‍ ഇതിനകം ഉള്‍പ്പെട്ടിട്ടുണ്ട് എന്ന കാര്യം ഏവര്‍ക്കുമറിയാം. പാമ്പാടി കോളജിലെ വിദ്യാര്‍ഥികള്‍ ഉറക്കെപ്പറയുന്ന പേരുകളിലൊന്ന് സഞ്ജിത്ത് വിശ്വനാഥന്‍ എന്ന പി ആര്‍ ഒ യുടെ പേരാണ്. ജിഷ്ണുവിനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ സഞ്ജിത്തും മുന്നിലുണ്ടായിരുന്നു എന്നാണവര്‍ പറയുന്നത്.
അങ്ങനെയൊരു പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ തണുപ്പിക്കാന്‍ നേതാക്കള്‍ നീക്കങ്ങള്‍ തുടങ്ങിയോ എന്ന സംശയം ബലപ്പെട്ടു വരുന്നു. കൃഷ്ണദാസും മറ്റ് പ്രതികളും കോടതിയില്‍ കുറ്റക്കാരായി വിധിക്കപ്പെട്ടവരല്ലെങ്കിലും, പാമ്പാടിയിലെ വിദ്യാര്‍ഥികളുടെ കണ്ണില്‍ കുറ്റവാളികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ കണ്ണിലും ആ പദവിയില്‍ തന്നെയാണ് അവരെല്ലാം. അതുകൊണ്ടാണ്, ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന വിദ്യാര്‍ഥി സമരത്തെക്കുറിച്ചുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ കൃഷ്ണദാസും സഞ്ജിത്തും ഉള്‍പ്പെടെയുള്ളവര്‍ കോളജ് ക്യാമ്പസില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ വെച്ചത്. ആ വ്യവസ്ഥ നടപ്പാക്കാന്‍ എ ഡി എമ്മിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഷൗക്കത്തലിയുടെ കേസില്‍ ആ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടാല്‍, രക്ഷപ്പെടാനുള്ള വാതിലുകള്‍ അവര്‍ക്ക് തുറന്നു കൊടുക്കുന്നതിന് തുല്യമായിരിക്കുമത്.

അതുകൊണ്ടാണ് കെ സുധാകരന്റെ ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നത്. ജിഷ്ണുവിന്റെ ഘാതകരുമായി സന്ധി ചെയ്യുന്നത് ജനങ്ങള്‍ക്ക് പൊറുക്കാനാവില്ല. വിദ്യാര്‍ഥികള്‍ക്കു സഹിക്കാനാവില്ല. ആ ജനവികാരം മനസ്സിലാക്കാന്‍ കുശാഗ്രബുദ്ധിക്കാരനായ സുധാകരന് കഴിയാതെ പോയതാണോ? അതോ, അതിനുമപ്പുറമുള്ള പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും അതിശക്തമായ പ്രതിഷേധം അറിയിച്ചു. കൃഷ്ണദാസിനെ രക്ഷിക്കാന്‍ മുമ്പേ വന്ന വ്യാജ കത്തിന്റെ ഉറവിടം മുതലുള്ള കാര്യങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയ രംഗത്തെ ശകുനിമാരൊക്കെ അഗ്നിശുദ്ധി വരുത്തേണ്ടി വരും. എന്തായാലും, സിനിമാരംഗത്തെ വലിയ കുറ്റകൃത്യങ്ങളുടെ കോലാഹലങ്ങള്‍ക്കിടയിലും ജിഷ്ണു കേസില്‍ നടക്കുന്ന ഏത് ഒത്തു തീര്‍പ്പ് നീക്കങ്ങളും പൊതു സമൂഹത്തിന്റെ ശ്രദ്ധക്കും പ്രതികരണത്തിനും കാരണമാകുമെന്ന് തെളിയിക്കാനായത് പ്രതീക്ഷ നല്‍കുന്നു. ഇതര സ്വകാര്യ സ്വാശ്രയ കോളജുകളില്‍ നടക്കുന്ന സംഭവങ്ങളിലും സമാനമായ പ്രതികരണങ്ങള്‍ സമയോചിതം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ കേരളത്തിന്റെ ജാഗ്രത്തായ മുന്നേറ്റമായി അവയെ വിലയിരുത്താന്‍ കഴിഞ്ഞേനെ.
ചആ: കേരളത്തിന്റെ ചായക്കടകളില്‍ ദിലീപ്- നാദിര്‍ഷാ സംഭവം കഴിഞ്ഞാല്‍ പിന്നെ ചോദിക്കുന്ന ചോദ്യമിതാണ്: കൃഷ്ണദാസും സുധാകരനും തമ്മിലെന്താണ് ഇടപാട്?