പുസ്തക വായനയുടെ നിറവില്‍ ഒരു ഗ്രാമം

Posted on: July 7, 2017 9:12 pm | Last updated: July 7, 2017 at 9:12 pm
SHARE

അജാനൂര്‍: കുട്ടികളോരോരുത്തരും ചില്ലലമാരയിലെ പുസ്തകങ്ങളുമായി വീടുകള്‍ കയറിയിറങ്ങി. അജാനൂര്‍ തീരദേശ ഗ്രാമത്തിലെ ഓരോ വീട്ടിലും പുസ്തകങ്ങളെത്തിച്ചു.
അധ്യാപകരും രക്ഷിതാക്കളും ഈ വേറിട്ട പരിപാടിക്ക് പിന്തുണ നല്‍കി. വായനാപക്ഷാചരണം സമാപനത്തിന്റെ ഭാഗമായി ഒരു ഗ്രാമത്തെ മുഴുവന്‍ വായിപ്പിക്കാനുള്ള ശ്രമത്തിലാണ് അജാനൂര്‍ ഗവ.ഫിഷറീസ് യു പി സ്‌കൂളിലെ കുരുന്നുകള്‍ 250 വീടുകള്‍ കയറിയിറങ്ങി കുട്ടികള്‍ 500 ഓളം പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചു. ഇതിനായി ഓരോ ചെറിയ പ്രദേശത്തിന്റെ ചുമതല കുട്ടികള്‍ ഏറ്റെടുത്തു. 10 മണിയോടെ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തി.
വിദ്യാലയത്തിന്റെ വരാന്തയിലും അസംബ്ലി ഹാളിലുമായി കുട്ടികള്‍ക്കൊപ്പം അണിചേര്‍ന്നു. 11 മണിക്ക് ബെല്‍ മുഴങ്ങി. 12 മണി വരെ വായന തുടര്‍ന്നു. സ്‌കൂളില്‍ എത്താന്‍ കഴിയാത്തവര്‍ അവരവരുടെ വീടുകളിലും പുസ്തകം വായിച്ചു.
സ്‌കൂള്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ രാജന്‍, പി ടി.എ പ്രസിഡന്റ് കെ ജി സജീവന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ഷീബ, പാര്‍വ്വതി, എംപിടിഎ പ്രസിഡന്റ് ബിന്ദു, എ ഹമീദ് ഹാജി, രവി ഇട്ടമ്മല്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി വായനശാലയില്‍ പങ്കു ചേര്‍ന്നു. ഹെഡ്മാസ്റ്റര്‍ എ ജി ശംസുദ്ദീന്‍, സീനിയര്‍ അസിസ്റ്റന്റ് വി മോഹനന്‍, നികേഷ്, രാധാമണി, ആശ, ബിന്ദു, വനജ, രമ്യ, അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയ അധ്യാപകരും നേതൃത്വം നല്‍കി.
കുഞ്ഞനുജന്‍മാരുടെ പാത പിന്തുടര്‍ന്ന് അജാനൂര്‍ ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളും പുസ്തകങ്ങള്‍ വായിച്ചു. സ്‌കൂളിലെ പുസ്തകശേഖരത്തിലുള്ള 5000ഓളം പുസ്തകങ്ങളില്‍ നിന്ന് തലേന്നു തന്നെ വായനയ്ക്കാവശ്യമുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ തിരഞ്ഞെടുത്തിരുന്നു. വരുംദിവസങ്ങളില്‍ ഈ വിദ്യാലയങ്ങളും കുട്ടികളിലൂടെ വായനക്കാരെ തേടിയിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here