ജലദോഷപ്പനി നിസാരമായി കാണരുതെന്ന് ആരോഗ്യ ഡയറക്ടര്‍

Posted on: July 7, 2017 8:37 pm | Last updated: July 7, 2017 at 8:37 pm

തിരുവനന്തപുരം: ജലദോഷപ്പനി നിസാരമായി കാണരുതെന്ന് ആരോഗ്യ ഡയറക്ടര്‍. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, മൂക്കടപ്പ് എന്നീ രോഗലക്ഷണങ്ങള്‍ സാധാരണ സമയംകൊണ്ട് മാറാതിരിക്കുകയോ ക്രമാതീതമായി കൂടുന്നതായോ കണ്ടാല്‍ എച്ച്1 എന്‍ 1 പനിയാണോയെന്ന് സംശയിക്കണം.

ഇത്തരം സാഹചര്യത്തില്‍ അടിയന്തിരമായി ഡോക്ടറെ കാണണം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഓസള്‍ട്ടാമിവിര്‍ ഗുളികകള്‍ കഴിക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ ഗുളികകള്‍ ലഭ്യമാണെന്ന് ആരോഗ്യ ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത അറിയിച്ചു. പ്രമേഹ രോഗികള്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ വളരെയധികം ശ്രദ്ധിക്കണം. പനിയുടെ ആരംഭത്തില്‍ തന്നെ ഡോക്ടറെ കാണണം. രോഗികള്‍ തുമ്മുമ്പോള്‍ ചുമയ്ക്കുമ്പോഴും വായും മൂക്കം മറച്ചുപിടിക്കണം.

വീട്ടിലുള്ള മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കുക, ധാരാണം പാനീയങ്ങള്‍ കുടിക്കുക, ഒരാഴ്ച പൂര്‍ണ്ണമായും വിശ്രമിക്കുക, പനി ഭേദമായതിനുശേഷം മാത്രമേ കുട്ടികളെ സ്‌കൂളുകളില്‍ വിടാന്‍ പാടുള്ളുവെന്നും ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.