റേഷന്‍ കാര്‍ഡില്‍ വിദ്യാര്‍ഥിനിക്ക് പ്രതിമാസ വരുമാനം 500 രൂപ

Posted on: July 7, 2017 2:41 pm | Last updated: July 7, 2017 at 2:41 pm

കൊടുവള്ളി: കോഴിക്കോട് താലൂക്കില്‍ മടവൂര്‍ എ ആര്‍ ഡി 180ല്‍ പുതിയ റേഷന്‍ കാര്‍ഡില്‍ വിദ്യാര്‍ഥിനിയും 13 വയസ്സുകാരിയുമായ ഹുദ ഫാത്വിമക്ക് പ്രതിമാസം 500 രൂപ വരുമാനം. തച്ചറക്കല്‍ ഹാജറയുടെ ഉടമസ്ഥതയിലുള്ള 2159103572 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് വിദ്യാര്‍ഥിനിയായ മകളുടെ പേരില്‍ വരുമാനം രേഖപ്പെടുത്തിയിട്ടുള്ളത്. നിര്‍ധന കുടുംബമായ സലീമിന്റെ പേരില്‍ ആയിരം രൂപയും വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുടുംബം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് നിഷ്‌കര്‍ഷിക്കപ്പെട്ട നിബന്ധനകളിലൊന്നും ഉള്‍പ്പെടുന്നില്ല.

അതേസമയം, എ ആര്‍ ഡി 180ല്‍ റേഷന്‍ സബ്‌സിഡി വേണ്ടെന്ന് സപ്ലൈ ഓഫീസര്‍ക്ക് രേഖാമൂലം എഴുതി സമര്‍പ്പിച്ച പല സമ്പന്ന കുടുംബങ്ങള്‍ക്കും പ്രയോറിറ്റി ലിസ്റ്റില്‍പ്പെട്ട ചുവപ്പ്, മഞ്ഞ റേഷന്‍ കാര്‍ഡുകളാണ് ലഭിച്ചത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതപ്പെട്ട ഒട്ടേറെ കുടുംബങ്ങള്‍ നീല, വെള്ള കാര്‍ഡ് ലഭിച്ച് നോണ്‍ പ്രയോറിറ്റി ലിസ്റ്റില്‍ റേഷന്‍ ആനുകൂല്യം നിഷേധിക്കപ്പെട്ടിരിക്കുകയുമാണ്.