നടി സോണിക ചൗഹാന്റെ മരണം: നടന്‍ വിക്രം ചാറ്റര്‍ജി അറസ്റ്റില്‍

Posted on: July 7, 2017 1:10 pm | Last updated: July 7, 2017 at 2:56 pm

കൊല്‍ക്കത്ത: നടിയും മോഡലുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു. ടോളിഗഞ്ച് പോലീസാണ് വിക്രം ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് സോണിക കാര്‍ അപകടത്തില്‍ മരിച്ചത്.കൊല്‍ക്കത്തയിലെ റാഷ്‌ബെഹാരി അവന്യുവിനടുത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. വിക്രമായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോണികയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ ഓടിച്ചിരുന്ന സമയത്ത് വിക്രം അമിതമായി മദ്യപിച്ചിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് നടന്‍ നിഷേധിച്ചു. അപകടം നടന്നതിന് ശേഷം വിക്രത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മെയ് അഞ്ചിന് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിനിയായ സോണിക മിസ് ഇന്ത്യ ഫൈനലിസ്റ്റും പ്രൊ കബഡി ലീഗിന്റെ അവതാരകയുമായിരുന്നു.