പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി

Posted on: July 7, 2017 12:09 pm | Last updated: July 7, 2017 at 7:22 pm


ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

പാലക്കാട് പഠിക്കുന്ന മക്കളെ കാണാന്‍ വേണ്ടി കൃഷ്ണദാസിനെ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തുടരണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തിലെത്താമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ഇടപെടാതിരിക്കാനും സാക്ഷികളെയും മറ്റും സ്വാധീനിക്കാതിരിക്കാനുമാണ് ഇത്തരത്തിലൊരു നിര്‍ദേശം സുപ്രീം കോടതി മുന്നോട്ടുവെച്ചത്.

ജിഷ്ണു കേസ് സിബിഐക്ക് വിട്ട കാര്യം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണു കേസ് സംബന്ധിച്ച കാര്യത്തില്‍ രണ്ടാഴ്ചക്കകം നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ സിബിഐ നിലപാട് വ്യക്തമായാലേ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

ജിഷ്ണു, ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ പ്രതിയായ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരളാ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സര്‍ക്കാറിന് വേണ്ടി അഡീഷണല്‍ സോളിറ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരായത്.