മോദിയും ഇസ്‌റാഈലും

Posted on: July 7, 2017 6:05 am | Last updated: July 6, 2017 at 11:51 pm

നരേന്ദ്ര മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് സവിശേഷതകളേറെയുണ്ട്. ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. ഫലസ്തീന്‍ – ഇസ്‌റാഈല്‍ പ്രശ്‌നത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ മാറിമാറിവന്ന ഇന്ത്യന്‍ സര്‍ക്കാറുകളെല്ലാം തന്നെ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേര്‍ന്ന് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ കാലങ്ങളില്‍ ഒരു പ്രധാനമന്ത്രിയും ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് മുതിരാതിരുന്നത്. ആ പാരമ്പര്യമാണ് മോദി ലംഘിച്ചത്. അത്യപൂര്‍വമായ സ്വീകരണമാണ് ഇസ്‌റാഈലില്‍ അദ്ദേഹത്തിന് ലഭിച്ചത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നേരിട്ടെത്തിയാണ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചത്.

ഫലസ്തീന്‍ സന്ദര്‍ശനം മോദി ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം. ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന ലോകനേതാക്കളെല്ലാം ഫലസ്തീന്‍ സന്ദര്‍ശിക്കുകയും ഫലസ്തീന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുക പതിവാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും പശ്ചിമേഷ്യ സന്ദര്‍ശിച്ചപ്പോള്‍ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2000ല്‍ ജസ്വന്ത് സിംഗും 2012ല്‍ എസ് എം കൃഷ്ണയും കഴിഞ്ഞ വര്‍ഷം സുഷമാ സ്വരാജും മേഖല സന്ദര്‍ശിച്ചപ്പോള്‍ ഫലസ്തീനിലുമെത്തിയിരുന്നു. ഫലസ്തീന്‍ പ്രശ്‌നത്തിലുള്ള മുന്‍ നിലപാടുകളില്‍ നിന്നുള്ള മോദിയുടെ വ്യതിയാനം അവിചാരിതമല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തേ അദ്ദേഹം ഇസ്‌റാഈല്‍ പക്ഷപാത കാഴ്ചപ്പാടാണ് പുലര്‍ത്തിയിരുന്നത്.

ഇതിനിടെ വെസ്റ്റ്‌ബേങ്കിലെയും കിഴക്കന്‍ ജറുസലമിലെയും ഇസ്‌റാഈലിന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വെനിസ്വേലയുടെ നേതൃത്വത്തില്‍ നാല് രാജ്യങ്ങള്‍ ചേര്‍ന്ന് ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയാണുണ്ടായത്. ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രശ്‌നത്തിലുള്ള വോട്ടെടുപ്പുകളിലെല്ലാം ഇന്ത്യ ഫലസ്തീനെ പിന്തുണക്കുകയായിരുന്നു അതുവരെയും. യു എന്നില്‍ റഷ്യക്കും ചൈനക്കുമൊപ്പം ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോഴാണ് ഇന്ത്യയുടെ ഈ ഇസ്‌റാഈല്‍ ദാസ്യം.

ഹൈന്ദവ ഫാസിസത്തിന് മുമ്പ് തന്നെ ഇസ്‌റാഈല്‍ അനുകൂലവും ഫലസ്തീന്‍ വിരുദ്ധവുമായ നിലപാടാണ്. ഇന്ത്യ സയണിസ്റ്റ് ചേരിയില്‍ അണിചേരണമെന്നാണ് ഹിന്ദുത്വ ശക്തികള്‍ എക്കാലവും ആഗ്രഹിച്ചത്. സയണിസവും ഹിന്ദുത്വവും ഇസ്‌ലാമിക വിരുദ്ധ പ്രസ്ഥാനങ്ങളാണെന്നത് അവരുടെ മാനസിക അടുപ്പത്തിന് ശക്തി പകരുകയും ചെയ്യുന്നു. ഇന്ത്യ, ഇസ്‌റാഈല്‍, അമേരിക്ക കൂട്ടുകെട്ടിന് ഇസ്‌ലാമിക മുന്നേറ്റത്തെ തടയാനാവുമെന്നായിരുന്നു വാജ്‌പേയിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര 2003ല്‍ ഒരു ജൂത യോഗത്തില്‍ പ്രസംഗിച്ചത്. ആ ലക്ഷ്യത്തോടെയുള്ള നയങ്ങളായിരിക്കണം തിരശ്ശീലക്ക് പിന്നില്‍ ഈ ത്രിമൂര്‍ത്തികള്‍ രൂപപ്പെടുത്തി കൊണ്ടിരിക്കുന്നതും. മോദിയുടെ ഈയിടത്തെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു അദ്ദേഹവും ട്രംപും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയില്‍ ‘ഇസ്‌ലാമിക തീവ്രവാദ’ത്തിനെതിരായ പോരാട്ടത്തിന്റെ അനിവാര്യത അടിവരയിട്ടു പറഞ്ഞത് ശ്രദ്ധേയമാണ്.
ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഏഴ് പതിറ്റാണ്ടായി രാജ്യം തുടര്‍ന്നുവരുന്ന നയത്തിന്റെ നഗ്നമായ ലംഘനമാണ് മോദിയുടെ ഈ നടപടി.

രാജ്യത്തിന്റെ ചേരിചേരാ നയങ്ങള്‍ക്ക് വിരുദ്ധമാണിത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി പിന്തുണച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി എല്‍ ഒ) ഫലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രതിനിധിയായും ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഇതടിസ്ഥാനത്തിലാണ് പശ്ചിമേഷ്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ നേതാക്കള്‍ പി എല്‍ ഒ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താറുള്ളത്. സ്വന്തം മണ്ണില്‍ അസ്തിത്വത്തിനായുള്ള പോരാട്ടത്തിലാണ് ഫലസ്തീന്‍ ജനത. ഇസ്‌റാഈലാകട്ടെ, യു എന്‍ അവര്‍ക്ക് നിര്‍ണയിച്ചു കൊടുത്ത അതിരുകള്‍ അടിക്കടി ലംഘിച്ചു ഫലസ്തീനികളെ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിപ്പായിച്ചു കൊണ്ടിരിക്കുകയുമാണ്. ഇസ്‌റാഈല്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ക്രൂരത മൂലം ലക്ഷക്കണക്കിന് ഫലസ്തീനികളാണ് സ്വന്തം വീടും നാടും ഉപേക്ഷിച്ചു വിവിധ രാഷ്ട്രങ്ങളിലായി അഭയാര്‍ഥികളായി കൊടിയ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഫലസ്തീനികളെ പിന്തുണക്കുകയും സ്വതന്ത്രഫലസ്തീന്‍ യാഥാര്‍ഥ്യമാക്കി അവരുടെ ദുരിതത്തിനറുതി വരുത്താനുള്ള നയം സ്വീകരിക്കുകയും ചെയ്യുക എന്ന പ്രഖ്യാപിത നയത്തില്‍ ഇന്ത്യ അടിയുറച്ചു നില്‍ക്കേണ്ട ഘട്ടമാണിത്. കാല്‍ നൂറ്റാണ്ട് മുമ്പ് ഇന്ത്യ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാജ്‌പേയിയുടെ കാലത്തടക്കം ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ നിലപാടില്‍ ഇങ്ങനെ മാറ്റം വരുത്തിയിരുന്നില്ല.

ഇസ്‌റാഈലുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഫലസ്തീന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് 2015 ഒക്‌ടോബറില്‍ ജോര്‍ദാന്‍ സന്ദര്‍ശന വേളയില്‍ അബ്ദുല്ല രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ കീഴ്‌വഴക്കത്തെയും സുചിന്തിതവും നീതിനിഷ്ഠവുമായ നിലപാടുകളെയും കാറ്റില്‍ പറത്തുകയാണിപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍.